ശിശുസഹജമായ ആ ചിരിയില്‍ സന്തോഷിക്കാത്ത ആരാണുള്ളത്, പടന്നയിലിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍

ശിശുസഹജമായ ആ ചിരിയില്‍ സന്തോഷിക്കാത്ത ആരാണുള്ളത്, പടന്നയിലിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്താന്‍ കാലമേറെ എടുത്തെങ്കിലും കെ.ടി.എസ് പടന്നയിലിന്റെ ശിശുസഹജമായ ആ ചിരിയില്‍ സന്തോഷിക്കാത്ത ആരാണുള്ളതെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി സജി ചെറിയാന്‍. കെ.ടി. സുബ്രഹ്മണ്യന്‍ എന്ന കെടിഎസ് പടന്നയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

സജി ചെറിയാന്റെ അനുശോചനം

മലയാള സിനിമ - സീരിയൽ - നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായ കെ.ടി.എസ്. പടന്നയിലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ കലാസപര്യക്ക് കേരളപ്പിറവിയോളം പഴക്കമുണ്ട്. 21–ാം വയസിൽ കണ്ണംകുളങ്ങര അംബേദ്കർ ചർക്ക ക്ളാസിൽ നൂൽനൂൽപ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം അരങ്ങിലെത്തിയത്.

സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്താൻ കാലമേറെ എടുത്തെങ്കിലും ശിശുസഹജമായ ആ ചിരിയിൽ സന്തോഷിക്കാത്ത ആരാണുള്ളത്. പ്രിയ കലാകാരന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഒപ്പം ചേരുന്നു.

ആദരാഞ്ജലികൾ

നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തേക്ക് എത്തിയത്. 140 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ ആണ് ആദ്യ ചിത്രം.

തൊണ്ണൂറുകൾ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു. 21ാം വയസിൽ സ്വയം സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ചുവടുവയ്പ്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.

അനിയൻബാവ ചേട്ടൻബാവ എന്ന ജയറാം- രാജസേനൻ ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം. ആദ്യസിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

കൂലിപ്പണിക്കാരനായ കൊച്ചുപടന്നയിൽ തായിയുടെയും കയർത്തൊഴിലാളിയായ മാണിയുടെയും ആറുമക്കളിൽ ഇളയവനായിരുന്നു സുബ്രഹ്മണ്യൻ എന്ന കെടിഎസ് പടന്നയിൽ. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.

No stories found.
The Cue
www.thecue.in