'മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപ നീട്ടി, സിനിമ പഠിക്കാന്‍ തന്ന വണ്ടിക്കാശ്', അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്‍

'മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപ നീട്ടി, സിനിമ പഠിക്കാന്‍ തന്ന വണ്ടിക്കാശ്', അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്‍

ആദ്യ സിനിമ റിലീസാകുമ്പോള്‍ സിനിമയിലെത്താന്‍ കരുത്തായ അച്ഛനെ ഓര്‍ത്ത് സംവിധായകന്‍ പ്രിന്‍സ് ജോയ്. സണ്ണി വെയ്‌നും 96 ഫെയിം ഗൗരി കിഷനും കേന്ദ്രകഥാപാത്രങ്ങളാകുന്ന അനുഗ്രഹീതന്‍ ആന്റണി ഇന്ന് തിയറ്ററുകളിലെത്തുമ്പോള്‍ ഒപ്പമില്ലാത്ത അച്ഛനെക്കുറിച്ചാണ് പ്രിന്‍സ് ജോയിയുടെ വൈകാരികത നിറഞ്ഞ കുറിപ്പ്.

'' ഡിഗ്രി കഴിഞ്ഞു പോസ്റ്റ് ഗ്രാജ്വേഷന്‍ വേണോ സിനിമ വേണോ എന്ന് ചിന്തിച്ചിരുന്ന സമയത്ത് തന്റെ മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപയെടുത്തു എനിക്ക് നേരെ നീട്ടിയശേഷം 'തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ' യെന്ന് പറഞ്ഞ എന്റെ അഹങ്കാരം.. എന്റെ അപ്പ ഇന്നെന്റെ കൂടെയില്ല.. മതപഠനത്തിന് വിടാതെ ശക്തിമാന്‍ കാട്ടിതന്നു...സിനിമ പഠിക്കാന്‍ വണ്ടികാശ് തന്നുവിട്ടു...പാകിയ വിത്ത് പാഴല്ലന്ന് ലോകത്തോട് ഉച്ചത്തില്‍ പറഞ്ഞു..തന്നോളം ആയപ്പോ താനെന്ന് വിളിച്ചു..പകരമൊന്നും വാങ്ങാതെ, ചോദിക്കാതെ.. പറയാതെ പൊയ്ക്കളഞ്ഞു..എന്റെ സിനിമ കാണാതെയാണ് അപ്പേ നിങ്ങള് പോയത്...നാളെ നമ്മടെ പടം റിലീസാണ്..അത് കാണാന്‍ ഒരുപാട് കൊതിച്ചതാണെന്നറിയാം! തീയറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പം ഉണ്ടാവണം''

എന്ന് തുടങ്ങിയെന്ന് കൃത്യമായി ഓർമയില്ലാത്ത ഒരു വട്ടിന്റെ പിറകെ യാത്രതിരിച്ചിട്ട് എട്ടു വർഷങ്ങൾക്ക് മുകളിലായി. ചുറ്റുമുള്ളർ പലപ്പോഴും ചോദിച്ചിട്ടുണ്ട്, "ലക്ഷ്യമില്ലാത്ത ഈ കപ്പൽ എങ്ങോട്ടണെന്ന്..? " ആരെയും പറഞ്ഞു മനസിലാക്കാൻ ഞാൻ തുനിഞ്ഞില്ല. വ്യക്തതയുള്ള ഒരുത്തരം എന്റെ പക്കൽ ഇല്ലാതിരുന്നത് തന്നെയാണ് പ്രധാന കാരണം.! ഇരുപത് വയസ് തികയും മുന്നേ എറണാകുളത്തേക്കുള്ള KSRTC ബസ് പിടിച്ചതാണ്. കുചേലന്റെ പക്കലുണ്ടാരുന്ന അവൽ പൊതി പോലെ കയ്യിലുണ്ടാരുന്നത് കൗമാരവും യവ്വനവും കുഴച്ചുണ്ടാക്കിയ രണ്ടു ഹൃസ്വചിത്രങ്ങൾ ആരുന്നു.(എട്ടുകാലി,ഞാൻ സിനിമാമോഹി) അവയൊന്നും മഹത്തരമായ വർക്കുകൾ അല്ലെങ്കിലും ചെന്നു കേറി മുട്ടിയ പടിവാതിലുകളിലൊക്കെ അവ മൂലം തുറക്കപ്പെട്ടിട്ടുണ്ട്. 'നീ സിനിമയിൽ ഒന്നും അസിസ്റ്റ്‌ ചെയ്യണ്ട.. പോയി സിനിമ ചെയ്യ്' എന്നു പറഞ്ഞ ആശാൻ മിഥുൻ ചേട്ടൻ ഉൾപ്പെടെ.. യാത്രകളിലുടനീളം വഴി വെട്ടി തന്നവരും.. വഴി വിളക്കായി മാറി നിന്നവരും.. വിശന്നപ്പോ പൊതിച്ചോറ് തന്നവരും..തളർന്നപ്പോ വേഗത പകർന്നവരുമായ ഒരുപാട് ആളുകൾ ജീവിത്തിലുണ്ട്.

സണ്ണിവെയ്ൻ എന്ന മനുഷ്യൻ കൂടെ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും ഞങ്ങൾക്ക് സാധ്യമാകുമായിരുന്നില്ല. അഞ്ചു വർഷം മുൻപ് നിങ്ങൾ ഞങ്ങൾക്ക് തന്നൊരു വാക്കിന്.. സമയത്തിന്.. ഇന്നെന്റെ ജീവിതത്തോളം മൂല്യമുണ്ട്. പകുത്തു നൽകാൻ സ്നേഹവും കടപ്പാടും ഞാൻ ബാക്കി വെക്കുന്നു.

നിലത്തു വീണുടഞ്ഞുപോയ ഒരു മൺകുടത്തെവിളക്കിയെടുത്തു വീണ്ടും ചേർത്ത് വച്ച പ്രൊഡ്യൂസർ ഷിജിത്തേട്ടൻ.. ഈ സിനിമ വെള്ളി വെളിച്ചം കാണുന്നുണ്ടെങ്കിൽ അത് നിങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു ! നന്ദി..എന്നെയും എന്റെ സ്വപ്നങ്ങളെയും സംരക്ഷിച്ചതിന്.

എന്റെ സ്വപ്നങ്ങളെ ഞാൻ പരിരക്ഷിക്കുന്നതിനിടയിൽ എനിക്ക് കൈമോശം വന്ന ബന്ധങ്ങൾ.. നഷ്‌ടമായ സുഹൃത്തുക്കൾ.. എല്ലാവരോടും ഹൃദയത്തിൽ തൊട്ട് മാപ്പ്.

എന്റെ കാടടച്ചുള്ള വെടിയൊച്ചകളെ യുദ്ധ കാഹളമായി കണ്ടു പീരങ്കികളായി പറന്നു പണിയെടുത്ത സഹസംവിധായകരായ സുഹൃത്തുക്കൾ..

നിങ്ങളുടെയൊക്കെ മെച്ചത്തിലാണ് ഞാനെന്റെ ആത്മവിശ്വാസം വളർത്തിയെടുത്തത്!

അശ്വിൻ, ജിഷ്ണു നിങ്ങൾ എന്നെയേല്പിച്ചത് ഒരു മൂലകഥ മാത്രമായിരുന്നില്ല.! ഒരു മാരത്തോൺ ഓട്ടത്തിന്റെ ദീപശിഖ കൂടിയാണ്! ഒരുപാട് സ്നേഹം!

നിങ്ങളെ ഒരു നേട്ടമായി കാണാനാണ് എനിക്കിഷ്ടം നവീൻ ചേട്ടാ.. അതൊരു ലൈഫ് ടൈം സെറ്റിൽമെന്റ് ആണ്!

ഡിഗ്രി കഴിഞ്ഞു post graduation വേണോ സിനിമ വേണോ എന്ന് ചിന്തിച്ചിരുന്ന സമയത്ത് തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്ന് 2000 രൂപയെടുത്തു എനിക്ക് നേരെ നീട്ടിയശേഷം 'തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ' യെന്ന് പറഞ്ഞ എന്റെ അഹങ്കാരം.. എന്റെ അപ്പ ഇന്നെന്റെ കൂടെയില്ല.. മതപഠനത്തിന് വിടാതെ ശക്തിമാൻ കാട്ടിതന്നു...സിനിമ പഠിക്കാൻ വണ്ടികാശ് തന്നുവിട്ടു...പാകിയ വിത്ത് പാഴല്ലന്ന് ലോകത്തോട് ഉച്ചത്തിൽ പറഞ്ഞു..തന്നോളം ആയപ്പോ താനെന്ന് വിളിച്ചു..പകരമൊന്നും വാങ്ങാതെ, ചോദിക്കാതെ.. പറയാതെ പൊയ്‌ക്കളഞ്ഞു..എന്റെ സിനിമ കാണാതെയാണ് അപ്പേ നിങ്ങള് പോയത്...നാളെ നമ്മടെ പടം റിലീസാണ്..അത് കാണാൻ ഒരുപാട് കൊതിച്ചതാണെന്നറിയാം! തീയറ്ററിൽ എന്റരികിൽ ഒരു സീറ്റ്‌ ഞാൻ ഒഴിച്ചിടും!! ഒപ്പം ഉണ്ടാവണം

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നവീന്‍ ടി.മണിലാലാണ് ചിത്രത്തിന്റെ തിരക്കഥ. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

Related Stories

No stories found.
logo
The Cue
www.thecue.in