കബിലനെ പരിചയപ്പെടുത്തി പാ രഞ്ജിത്ത്, ഇടിക്കൂട്ടിലേക്ക് ആര്യ; തമിഴിനൊപ്പം തെലുങ്കിലും ഹിന്ദിയിലും

SarpattaParambarai
SarpattaParambarai

അതിശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന പാ രഞ്ജിത്തിന്റെ 'സാര്‍പട്ടാ പരമ്പരൈ' എന്ന സിനിമയുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസര്‍ പുറത്ത്. കബിലന്‍ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. ആര്യ സിനിമയിലെ കഥാപാത്രത്തിനായി ശരീരം പാകപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.

വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിംഗ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ പരമ്പരൈ. സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമായേക്കാനും സാദ്ധ്യതയുണ്ടെന്ന് സിനിമാ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ചര്‍ച്ച വന്നിരുന്നു. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് സാര്‍പട്ടാ പരമ്പരൈ.

വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്. ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.

SarpattaParambarai
എന്താണ് സാര്‍പട്ടാ പരമ്പരൈ?, പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ രാഷ്ട്രീയം

വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴിനൊപ്പം തെലുങ്ക് ഹിന്ദി പതിപ്പുകളിലും സാര്‍പട്ടാ പരമ്പരൈ റിലീസിനെത്തും.

സാര്‍പട്ടാ പരമ്പരൈയെക്കുറിച്ച് മുകേഷ് കുമാര്‍ എംത്രീഡിബിയില്‍ എഴുതിയത്

'ഇടിയപ്പ നായക്കര്‍ പരമ്പരൈ', 'സാര്‍പട്ടാ പരമ്പരൈ'

കബാലി, കാല എന്നീ രണ്ട് രജനികാന്ത് ചിത്രങ്ങള്‍ തുടരെ സംവിധാനം ചെയ്ത ശേഷം സംവിധായകന്‍ പാ. രഞ്ജിത്ത് വട ചെന്നൈ (North Chennai) പശ്ചാത്തലത്തില്‍ ആര്യയെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ് - 'സാര്‍പട്ടാ പരമ്പരൈ'. വട ചെന്നൈ ജീവിതങ്ങളെ സത്യസന്ധമായി ചിത്രീകരിച്ച സിനിമയായിരുന്നു പാ.രഞ്ജിത്തിന്റെ 'മദ്രാസ്'

വട ചെന്നൈയിലെ വിവിധയിടങ്ങളില്‍ 1980-കളുടെ പകുതി വരെ വളരെ സജീവമായി ആയി നിലനിന്നിരുന്ന ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചും അതിനെ ആവേശമായി കണ്ടിരുന്ന ഒരു ജനതയെക്കുറിച്ചുമുള്ള കഥയാണ് പാ രഞ്ജിത്തിന്റെ 'സാര്‍പട്ടാ പരമ്പരൈ' എന്ന ആര്യ ചിത്രം. ആ കാലഘട്ടത്തില്‍ 'ഇടിയപ്പ നായക്കര്‍ പരമ്പരൈ', 'സാര്‍പട്ടാ പരമ്പരൈ' എന്നീ രണ്ട traditions പിന്തുടരുന്നവര്‍ തമ്മിലായിരുന്നു പ്രധാന ബോക്‌സിങ് മത്സരങ്ങളെല്ലാം. 'പബ്ലിക് ബോക്‌സിങ്' എന്ന പേരിലാണ് ഈ മത്സരങ്ങള്‍ അറിയപ്പെട്ടിരുന്നത്. എം ജി ആര്‍, ശിവാജി തുടങ്ങി നിരവധി പ്രശസ്തര്‍ ഈ മത്സരങ്ങളുടെ കാണികളായി എത്തിയിരുന്നു. ഈ ബോക്‌സിങ് മത്സരങ്ങള്‍ തുടങ്ങിയ കാലഘട്ടത്തില്‍ 'തമിഴ് കുത്തുച്ചണ്ടൈ' (തമിഴ് ബോക്‌സിങ്) എന്നറിയപ്പെട്ടിരുന്നു. അതായത് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മുഖമൊഴിച്ച് മറ്റൊരിടത്തും ഇടിക്കാന്‍ പാടില്ല എന്നതായിരുന്നു നിയമം. കാലക്രമേണ 'ആങ്കില കുത്തുച്ചണ്ടൈ'യിലേക്ക് (English Boxing) അത് മാറി. അരയ്ക്ക് മുകളില്‍ എവിടെയും പഞ്ച് ചെയ്യാം എന്നതാണ് അതിന്റെ പ്രത്യേകത. സിനിമയുടെ ടൈറ്റിലിന് താഴെ 'രോഷമാന ആങ്കില കുത്തുച്ചണ്ടൈ' എന്നൊരു ടാഗ് ലൈന്‍ കാണാം. ആവേശം പകരുന്ന ഇംഗ്‌ളീഷ് ബോക്‌സിങ് എന്നാണ് ഉദ്ദേശിക്കുന്നത്.

വിജയികള്‍ക്ക് വന്‍ തുക സമ്മാനമായി നല്‍കിയിരുന്നത് കൊണ്ടു തന്നെ ഈ മത്സരങ്ങളില്‍ പലതിലും കളി നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ടിരുന്നില്ല. മത്സരാര്‍ത്ഥികളില്‍ പലരും പിന്നീട് 'കോമ' അവസ്ഥയില്‍ വീണു പോയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

സിനിമയുടെ പോസ്റ്ററില്‍ റോജ പാക്ക്, കാളി മാര്‍ക്ക് കൂള്‍ ഡ്രിംഗ്‌സ്, എവറെഡി ബാറ്ററി, തുക്കാറാം & സണ്‍സ്, ഗോപാല്‍ പല്‍പ്പൊടി എന്നിവയുടെ പരസ്യ ബാനറുകള്‍ കാണാം. അതും ആര്യയുടെ ഹെയര്‍ സ്‌റ്റൈലും കണക്കാക്കുമ്പോള്‍ എഴുപതുകളുടെ അവസാനമോ എണ്‍പതുകളുടെ തുടക്കമോ ആയിരിക്കണം സിനിമയില്‍ പ്രതിപാദിക്കുന്ന കാലഘട്ടം എന്ന് ഊഹിക്കാം. ആ കാലഘട്ടത്തില്‍ സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമായേക്കാനും സാദ്ധ്യതയുണ്ട്.

വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ഒരു പ്രദേശത്തിന്റെ, ഒരു കാലഘട്ടത്തിന്റെ, അന്യം നിന്നു പോയ ഒരു ഗെയിം കള്‍ച്ചറിന്റെ നേര്‍ക്കാഴ്ചയാവും ഈ സിനിമ എന്ന് പ്രതീക്ഷിക്കാം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം പെരിയാറിസ്റ്റ് ആണെന്ന് പാ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മദ്രാസിലെ പോലെ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനങ്ങളും സിനിമയിലുണ്ടാവുമെന്ന് എന്തായാലും ഉറപ്പിക്കാം.

'അട്ടക്കത്തി' എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം കാര്‍ത്തിയെ നായകനാക്കി പാ രഞ്ജിത്ത് ചെയ്യാനിരുന്ന സിനിമയായിരുന്നു 'സാര്‍പട്ടാ പരമ്പരൈ'. ഇതിനിടെ ഇതേ കഥാപരിസരം ഉപയോഗിച്ച് ജയം രവി നായകനായി 'ഭൂലോകം' എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in