'ആശ്ചര്യം, ആശ്ചര്യം, പെണ്ണിന് കാലുകളുണ്ട്'; ഫോട്ടോ പങ്കുവെച്ച് അനശ്വരയ്ക്ക് റിമയുടെ പിന്‍തുണ
sys 8
Film Events

'ആശ്ചര്യം, ആശ്ചര്യം, പെണ്ണിന് കാലുകളുണ്ട്'; ഫോട്ടോ പങ്കുവെച്ച് അനശ്വരയ്ക്ക് റിമയുടെ പിന്‍തുണ

THE CUE

THE CUE

വസ്ത്രധാരണത്തിന്റെ പേരിലുള്ള സൈബര്‍ സദാചാര ആക്രമണത്തില്‍ നടി അനശ്വര രാജന് പിന്‍തുണയുമായി റിമ കല്ലിങ്കല്‍. തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൈബര്‍ ആക്രമികള്‍ക്കെതിരെ റിമ രംഗത്തെത്തിയത്. 'ആശ്ചര്യം, ആശ്ചര്യം പെണ്ണിന് കാലുകളുണ്ട്', എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് റിമയുടെ ഐക്യദാര്‍ഢ്യത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കെതിരെയാണ് സ്വയം പ്രഖ്യാപിത സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു അനശ്വര തന്റെ പതിനെട്ടാം ജന്‍മദിനം ആഘോഷിച്ചത്. പതിനെട്ട് തികയാന്‍ കാത്തിരിക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍ എന്നെല്ലാം ആക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു കമന്റുകള്‍. അനശ്വരയുടെ വസ്ത്രം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല, 18 വയസ്സല്ലേ ആയിട്ടുള്ളൂ. അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ, തുണിയുരിയാന്‍ തുടങ്ങിയല്ലേ എന്നിങ്ങനെയെല്ലാമായിരുന്നു കമന്റുകള്‍. താന്‍ എന്ത് ചെയ്യുന്നു എന്നാലോചിച്ച് ആരും ആശങ്കപ്പെടേണ്ട, എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്ന് ഓര്‍ത്ത് ആശങ്കപ്പെടൂ. എന്നായിരുന്നു സൈബര്‍ ആക്രമണത്തോടുള്ള അനശ്വരയുടെ മറുപടി.

sys 8

പൃഥ്വിരാജ് ശരീരം പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തെ വാഴ്ത്തുകയും വസ്ത്രത്തിന്റ ഇറക്കം കുറഞ്ഞെന്ന് ആരോപിച്ച് അനശ്വര രാജനെ അധിക്ഷേപിക്കുകയും ചെയ്യുന്നതിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അശ്ലീല കമന്റുകളും സദാചാര ആക്രമണവും തുടരവെ നിരവധി പേരാണ് അനശ്വരയ്ക്ക് പിന്‍തുണയുമായെത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in