കിലോമീറ്റേഴ്‌സ് ഹോട്ട്‌സ്റ്റാര്‍ പ്രിമിയര്‍ ?, പാട്ടുകള്‍ പുറത്ത്
Summary

വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയില്‍ ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

സൂഫിയും സുജാതയും എന്ന സിനിമക്ക് പിന്നാലെ കൊവിഡ് മൂലം റിലീസ് മുടങ്ങിയ മറ്റൊരു ചിത്രവും ഒടിടി റിലീസിന്. ഓണം സീസണില്‍ ഹോട്ട്‌സ്റ്റാര്‍ വിഐപി പാക്കേജില്‍ ചിത്രം പ്രിമിയര്‍ സ്‌ക്രീനിംഗിന് എത്തുമെന്നാണ് അറിയുന്നത്. ഏഷ്യാനെറ്റ് പ്രിമിയര്‍ തിയതി പ്രഖ്യാപിച്ച് പ്രമോ പുറത്തുവിട്ടെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയില്‍ ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി'ന്‍റെ മുഴുവന്‍ പാട്ടുകളും പുറത്തിറങ്ങി. ഒടിടി റിലീസിനു തയ്യാറെടുക്കുന്നതിനിടെയാണ് അണിയറക്കാര്‍ ചിത്രത്തിലെ പാട്ടുകള്‍ യുട്യൂബിലൂടെ ഒരുമിച്ച് പുറത്തുവിട്ടിരിക്കുന്നത്.

ജിയോ ബേബിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റോഡ് മുവീയാണ്. മാര്‍ച്ച് ആദ്യവാരം റിലീസ് നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിയ ആദ്യമലയാള ചിത്രവുമാണ്. നിലവിലെ സാറ്റലൈറ്റ് തുകയെക്കാള്‍ മികച്ച പാക്കേജിലാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്ന് അറിയുന്നു. ഡിസ്‌നിക്ക് കീഴിലുള്ള ഏഷ്യാനെറ്റിലായിരിക്കും സിനിമയുടെ ഓണം പ്രിമിയര്‍. നേരത്തെ ഹോട്ട്‌സ്റ്റാറിലും ഏഷ്യാനെറ്റിലും റിലീസ് അനൗണ്‍സ്‌മെന്റ് വന്നിരുന്നുവെങ്കിലും പ്രിമിയര്‍ തിയതിയില്‍ മാറ്റമുണ്ടെന്നറിയുന്നു.

തിയറ്ററുകള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുന്ന സാഹചര്യവും, കൊവിഡ് വ്യാപനവും പരിഗണിച്ചാണ് തിയറ്റര്‍ റിലീസ് തന്നെ മതിയെന്ന് നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഡിജിറ്റല്‍ പ്രിമിയറിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നറിയുന്നു. നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് ഇന്ത്യ ജാർവിസ് എന്ന അമേരിക്കൻ നടിയാണ്

വിദേശ വനിതക്കൊപ്പം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തമാശകളാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ സിനിമയുടെ ടീസറുകളായി പുറത്തുവന്നിരുന്നത്. കൗതുകത്തിനും സര്‍പ്രൈസുകള്‍ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ പുതിയ ഗാനം. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തില്‍ ആണ് ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഇതരഭാഷകളിലുമായുള്ള ഗാനം.

റോഡ് മുവീ സ്വഭാവത്തിലാണ് ജിയോ ബേബിയുടെ ചിത്രം. ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. വിനായക് ശശികുമാറും നിഷാ നായരുമാണ് ഗാനരചന. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാരാകെ പാടിയിരിക്കുന്നത്.

Related Stories

The Cue
www.thecue.in