ഓഗസ്റ്റില്‍ തുടങ്ങില്ല, മോഹന്‍ലാലിന്റെ ദൃശ്യം 2 ഷൂട്ട് ആലോചിക്കുന്നത് അടുത്ത മാസം
Film Events

ഓഗസ്റ്റില്‍ തുടങ്ങില്ല, മോഹന്‍ലാലിന്റെ ദൃശ്യം 2 ഷൂട്ട് ആലോചിക്കുന്നത് അടുത്ത മാസം

THE CUE

THE CUE

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും സ്തംഭിപ്പിച്ച മലയാള ചലച്ചിത്രമേഖലയില്‍ ഉണര്‍വുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ദൃശ്യം സെക്കന്‍ഡ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം കൊവിഡ് നിയന്ത്രണങ്ങളോടെ ഓഗസ്റ്റ് 17ന് തൊടുപുഴയില്‍ തുടങ്ങാനായിരുന്നു ആലോചന. ചിത്രീകരണത്തിന് മുന്നോടിയായി ജൂലൈ 20ന് മോഹന്‍ലാല്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രതയിലെത്തിയ സാഹചര്യവും മഴക്കെടുതിയും പരിഗണിച്ച് ഷൂട്ടിംഗ് അടുത്ത മാസത്തേക്ക് മാറ്റി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം രണ്ടാംഭാഗം നിര്‍മ്മിക്കുന്നത്. ആദ്യഭാഗത്തെ പ്രധാന അഭിനേതാക്കള്‍ രണ്ടാം ഭാഗത്തിലുമുണ്ടാകും.

ചിങ്ങം ഒന്നിന് ഷൂട്ട് തുടങ്ങുന്ന രീതിയിലായിരുന്നു ഓഗസ്റ്റ് 17 ആലോചിച്ചത്. കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് അടുത്ത മാസം സിനിമയിലെ ഇന്‍ഡോര്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനാണ് ആലോചന.

2020 മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ജീത്തു ജോസഫ് ദൃശ്യം സെക്കന്‍ഡിന്റെ പണിപ്പുരയിലേക്ക് കടന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഷൂട്ട് ചെയ്യാവുന്ന രീതിയിലാണ് സിനിമയിലെ ഏറെക്കുറെ രംഗങ്ങളുമെന്നറിയുന്നു. ദൃശ്യം എന്ന സിനിമയിലെ ജോര്‍ജ്ജുകുട്ടി രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ഗെറ്റപ്പിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാല്‍ നീണ്ട താടിയുമായി കൊച്ചിയില്‍ ചാനല്‍ പ്രോഗ്രാമിന് വേണ്ടി പ്രാക്ടീസ് നടത്തുന്ന ചിത്രങ്ങള്‍ സമീപ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇത് ദൃശ്യത്തിലെ ഗെറ്റപ്പെന്നായിരുന്നു പ്രചരണം. ബറോസ് എന്ന സിനിമയുടെ ഫോട്ടോ ഷൂട്ടിനുള്ളതാണ് ഈ ലുക്ക് എന്നാണ് സൂചന.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in