പഥേര്‍ പാഞ്ചാലി 'കളറാ'കുമ്പോള്‍, ആരാധനയോ അനാദരവോ?

പഥേര്‍ പാഞ്ചാലി 'കളറാ'കുമ്പോള്‍, ആരാധനയോ അനാദരവോ?

യുവസംവിധായകർ ഡോൺ പാലത്തറ, റോണി സെൻ എന്നിവർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകളുടെ അടിസ്‌ഥാനത്തിലാണ് ഈ ലേഖനം.

സത്യജിത് റേയുടെ"പഥേർ പാഞ്ചാലി" സിനിമയുടെ (ഏകദേശം 3 മിനിറ്റ് ദൈർഘ്യമുള്ള) കളർ പതിപ്പ് യൂട്യൂബിൽ റിലീസ്‌ ചെയ്‍തതിനെ പറ്റിയായിരുന്നു പ്രസ്തുത പോസ്റ്റുകൾ. ഇതിനെ "പഥേർ പാഞ്ചാലി"യായി കരുതാൻ ആകില്ല എന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. ഇത് ആദ്യമായി അല്ല ഇങ്ങനെയൊരു പ്രതിഷേധം സിനിമാമേഖലയിൽ ഉണ്ടാകുന്നത്. സിനിമാലോകത്ത് ബ്ലാക്ക്‌ & വൈറ്റ് സിനിമകൾ കളർ ആക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങൾ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. പഥേർ പാഞ്ചാലിയുടെ കളർ പതിപ്പിന്റെ വരവോട് കൂടി ഈ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

ദൃശ്യങ്ങൾ കളറിലേക്ക് മാറ്റുന്ന കമ്പ്യൂട്ടർ അധിഷ്ഠിതമായ ഈ പ്രക്രിയ ആദ്യമായി രൂപപ്പെടുത്തിയത് കനേഡിയൻ എഞ്ചിനീയാറായ വിൽസൺ മെർക്കൽ(Wilson Markle) ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സംരംഭമായ "ഇമേജ്‌ ട്രാൻസ്‌ഫോം"(Image Transform) എന്ന കമ്പനി നാസയുടെ കരാർ ഏറ്റെടുക്കുന്നതോട് കൂടിയാണ് ഈ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്. നാസ പബ്ലിസിറ്റിക്ക് വേണ്ടി തങ്ങളുടെ അപ്പോളോ ചന്ദ്രപര്യടന ദൃശ്യങ്ങൾ കളറിലേക്ക് മാറ്റാൻ തീരുമാനിക്കുന്നു, ഇത് മെർക്കലിന്റെ കമ്പനി ചെയ്തു കൊടുക്കുകയും അമേരിക്കയിൽ അത് വലിയ ജനപ്രീതി നേടുകയും ചെയ്തു. ജനങ്ങൾക്കിടയിൽ ലഭിച്ച ഈ സ്വീകാര്യത വൻ സ്റ്റുഡിയോകളുടെ ശ്രദ്ധ വളരെ പെട്ടെന്ന് പിടിച്ചു പറ്റി. 1970കളോടെ പൊതുജനത്തിന് സിനിമകൾ ബ്ലാക്ക്‌ & വൈറ്റിൽ കാണുന്നതിനോട് മടുപ്പായി തുടങ്ങി. പഴയ ബ്ലാക്ക്‌ & വൈറ്റ് സിനിമകളുടെ കോപ്പിറൈറ്റ് അവകാശങ്ങൾ കൈവശമുള്ള കുത്തക സ്റ്റുഡിയോ മുതലാളിമാർ മെർക്കലിന്റെ കളർവൽക്കരണത്തിലെ സാമ്പത്തിക ലാഭം തിരിച്ചറിയുകയും ആ പാത പിന്തുടരുകയും ചെയ്തു. ഇതിന് പ്രമുഖ മാധ്യമഭീമൻ റ്റെഡ് ടർണർ (Ted Turner) ആയിരുന്നു ചുക്കാൻ പിടിച്ചത്. നൂറോളം ബ്ലാക്ക്‌ & വൈറ്റ് സിനിമകളുടെ ഉടമസ്ഥാവകാശം റ്റെഡിന്റെ കൈയ്യിലായിരുന്നു. റ്റെഡിന്റെ ഈ കളർവൽക്കരണത്തിനെതിരെ ഓർസോൺ വെൽസ്(Orson Welles), ഫ്രാൻക് ക്യാപ്റ(Frank Capra), വുഡി അലൻ(Woody Allen) തുടങ്ങിയ ഹോളിവുഡിലെ പ്രശസ്‌ത സംവിധായകർ രംഗത്ത് വന്നു. 1985ൽ മരണകിടക്കയിൽ വച്ച് സിറ്റിസെൻ കൈൻ(Citizen Kane)ന്റെ സംവിധായകൻ ഓർസോൺ വെൽസ് പറഞ്ഞത് ഇങ്ങനെയായിരുന്നു,

“Don’t let Ted Turner deface my movie with his crayons.”

ഇത് അന്നത്തെ സിനിമാലോകത്ത് വലിയ ചർച്ചകളിലേക്ക് വഴിവച്ചു.

എന്ത് കൊണ്ടെന്നാൽ ഇവിടെ സംവിധായകന്റെ സമ്മതത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നത്‌. "സിറ്റിസെൻ കെയ്ൻ" "പഥേർ പാഞ്ചാലി" പോലെയുള്ള സിനിമകൾ അവയുടെ സംവിധായകന്റെ അഭാവത്തിൽ കളർവൽക്കരിക്കുന്നത് ധാർമ്മികതയ്ക്ക് എതിരാണ്.

ക്ലാസിക് സിനിമകളുടെ കളർവൽക്കരണത്തെ അനുകൂലിച്ചു കൊണ്ട് ജെയിംസ് യങ്ങിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മുന്നോട്ട് വരികയുണ്ടായി. ഇതിനെ ശക്തമായി എതിർത്തത് ലെവിൻസണ്, ലബോവിസ്‌ പോലുളളവർ ആയിരുന്നു. ഇത്തരം കളർവൽക്കരണ (colorisation) ത്തിനോടുള്ള എതിർപ്പ് ആളുകളുടെ സർഗ്ഗാത്മകതയ്ക്ക് തടയിടുന്നതാണ് എന്നതായിരുന്നു യങ്ങിന്റെ പ്രധാന വാദം. എന്നാൽ ഈ വാദത്തിൽ കഴമ്പില്ല എന്നാണ് മറുവശത്തുള്ളവർ ആരോപിച്ചത്. അതായത് ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ടായിരിക്കരുത് സർഗ്ഗാത്മകതാവാദം ഉന്നയിക്കേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു. ഇവിടെ കലാകാരന്റെ ആവിഷ്കാരത്തെയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന വാദമാണ് കൂടുതൽ അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു. ഈ പ്രക്രിയയുടെ ഏറ്റവും വലിയ പാർശ്വഫലമെന്നത്, സംവിധായകൻ പറയാനുദ്ദേശിക്കുന്ന സൗന്ദര്യബോധത്തേയും കഥ പറച്ചിലിനേയും ഇത് സാരമായി ബാധിക്കുമെന്നതാണ്. ഉദാഹരണത്തിന് ഷിൻലേഴ്‌സ് ലിസ്റ്റ്(Schindler's list) പോലുള്ള സിനിമയെ കളർവൽക്കരിച്ചാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, സിനിമയ്ക്ക് വേണ്ടി സംവിധായകൻ ചിട്ടപ്പെടുത്തിയ സൗന്ദര്യഭാവത്തെ നിറങ്ങൾ വാരിവിതറുന്നതിലൂടെ ഇല്ലായ്മ ചെയ്യപ്പെടുകയാണ് അവിടെ സംഭവിക്കുന്നത്. സംവിധായകൻ ബോധപൂർവം എടുക്കുന്ന തീരുമാനത്തെ മറിക്കടക്കുകയല്ലേ ഈ ചായം പൂശലിലൂടെ സംഭവിക്കുന്നത്. എന്നാൽ ഇതിനൊരു എതിർവാദമായി ഉന്നയിക്കുന്നത് "മാഡ് മാക്സ്", "പാരസൈറ്റ്" പോലുളള സിനിമകളുടെ കളർവൽകരണമാണ്. ഈ സിനിമകൾ നിർമ്മാതാക്കളുടെ വാണിജ്യ താൽപര്യത്തിന് വഴങ്ങി കളർവൽക്കരിച്ചെങ്കിലും സിനിമയ്ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. പക്ഷേ ഇത് ഒരു ബാലിശമായ ആരോപണം മാത്രമായേ കാണാൻ കഴിയൂ, എന്ത് കൊണ്ടെന്നാൽ ഇവിടെ സംവിധായകന്റെ സമ്മതത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നത്‌. "സിറ്റിസെൻ കെയ്ൻ" "പഥേർ പാഞ്ചാലി" പോലെയുള്ള സിനിമകൾ അവയുടെ സംവിധായകന്റെ അഭാവത്തിൽ കളർവൽക്കരിക്കുന്നത് ധാർമ്മികതയ്ക്ക് എതിരാണ്.

ഇതിന് മറ്റൊരു ഉദാഹരണം പറയാം, പ്രശസ്ത ഫ്രഞ്ച് കനേഡിയൻ സംവിധായകൻ സേവിയർ ഡോലാന്റെ "മമ്മി"(Mommy-2014) എന്ന സിനിമ ബ്രിട്ടനിൽ സംപ്രേഷണം ചെയ്തപ്പോൾ Netflix അതിന്റെ aspect ratio യിൽ വ്യത്യാസം വരുത്തി. ഈ സിനിമ കണ്ടിട്ടുള്ളവർക്ക് അറിയാം, aspect ratio എങ്ങനെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ മനോനിലയുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്ന്. അതിൽ വരുത്തുന്ന ഒരു മാറ്റം സിനിമ പ്രേക്ഷകനുമായി എങ്ങനെ സംവദിക്കുന്നു എന്നതിലും മാറ്റം സൃഷ്ടിക്കും. ഇതിനെതിരെ ഡോലാൻ രംഗത്ത് വരുകയും നെറ്റ്ഫ്ലിക്‌സ് തങ്ങളുടെ തെറ്റ് അംഗീകരിച്ചു തിരുത്തുകയും ചെയ്തിരുന്നു

(https://www.theguardian.com/film/2016/jan/05/xavier-dolan-victory-netflix-uk-mommy-aspect-ratio).

കളറൈസേഷന്റെ (colorization) വക്താക്കൾ കലയെ "single instantiated"കലയായും "multiple instantiated"കലയായും വിഭജനം നടത്തിയിട്ടുള്ള വാദമാണ് അടുത്തത്. "Single instantiated" കലകളിൽ മാറ്റം വരുത്തുമ്പോൾ യഥാർത്ഥ സൃഷ്ടി നമുക്ക് നഷ്ടപ്പെടുന്നു. ശില്പങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽ വരും. ഉദാഹരണത്തിന് ഡാവിഞ്ചിയുടെ മൊണാലിസയിൽ നിങ്ങൾ വരുത്തുന്ന ഒരു മാറ്റം ആ സൃഷ്ടിയുടെ യഥാർത്ഥ പതിപ്പിനെ ഇല്ലായ്‌മ ചെയ്യുന്നു. ഡാവിഞ്ചിയുടെ ചിത്രത്തിന്റെയോ താജ്മഹലിന്റെയോ പകർപ്പ് സൃഷ്ടിച്ചാൽ അത് കലാസ്വാദകനെ ബാധിക്കും, യഥാർത്ഥ സൃഷ്ടിക്ക് മാത്രമേ ആ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാൻ കഴിയൂ. ഇനി "multi instantiated" കലകളിൽ വരുത്തുന്ന മാറ്റം അവയുടെ യഥാർത്ഥ രൂപത്തെ ഇല്ലായ്‌മ ചെയ്യുന്നില്ല. മാസ്റ്റർ കോപ്പി ഉള്ളടത്തോളം കാലം യഥാർത്ഥ സൃഷ്ടിക്ക് ഇവിടെ മാറ്റം വരുന്നില്ല. സംഗീതം, സിനിമ എന്നിവയെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സിനിമയുടെ പകർപ്പ് കാണുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ് മാസ്റ്റർ പതിപ്പിൽ കണ്ടാലും ഒരു പ്രേക്ഷകന് ലഭിക്കുന്നത്. കളറൈസേഷൻ നടത്തുന്നത് മാസ്റ്റർ പതിപ്പിൽ അല്ലാത്തപക്ഷം സിനിമയുടെ യഥാർത്ഥ രൂപം നഷ്ടപ്പെടുന്നില്ല. പക്ഷേ സിനിമയുടെ വാണിജ്യ ഇടപെടലുകൾ കാരണം സിനിമയുടെ കളർ പതിപ്പ് കൂടുതൽ പേരിലേക്ക് എത്തുകയും ബ്ലാക്ക്‌ & വൈറ്റ് പതിപ്പിന്റെ ആവശ്യകത കുറയുകയും ചെയ്യുന്നു. ഇത് സിനിമയെ പറ്റി കൂടുതൽ പ്രേക്ഷകരിലും തെറ്റായ പ്രതിനീധികരണമാണ് ഉണ്ടാക്കുന്നത്. ഇത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്യത്തിലേക്കുള്ള കടന്ന് കയറ്റമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

മറ്റൊരു വാദമായി മുന്നോട്ട് വയ്ക്കുന്നത്, കളറൈസേഷൻ വഴി സിനിമയ്ക്ക് ലഭിക്കുന്ന ജനകീയവൽക്കരണമാണ്. നിറങ്ങൾ കൊടുക്കുന്നത് വഴി ഒരു ബ്ലാക്ക്‌ & വൈറ്റ് സിനിമയെ പൊതുസമൂഹത്തിന് കൂടുതൽ സ്വീകാര്യമായ രീതിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിനെ ഒരിക്കലും ഒരു വാദഗതിയായി പോലും അംഗീകരിക്കാൻ സാധിക്കുകയില്ല. ഇത്തരം വാദഗതി ആർട്ട് പോപുലിസം(art populism) പ്രവണത ആണ് കാണിക്കുന്നത്. കലാസൃഷ്ടികൾ ഭൂരിപക്ഷത്തിനും ആസ്വാദ്യകരമായ രീതിയിൽ അനാവരണം ചെയ്യണം എന്ന മാനദണ്ഡം അപലനീയം ആണ്, എന്ത് കൊണ്ടെന്നാൽ കലയുടെ ആത്മാവ് ബഹുസ്വരതയുമായി ഇഴുകിച്ചേർന്നതാണ്. കലാകാരന്റെ തിരഞ്ഞെടുപ്പിനെ പൊതുസമൂഹത്തിന്റെ തൃപ്തിക്കായി മാറ്റം വരുത്താൻ ആവശ്യപ്പെടുന്നത് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് തുല്യമാണ്.

ഇനിയുള്ളത് ഒരു സംശയമാണ്, സിനിമയെ കളറൈസേഷൻ ചെയ്യുന്നതിലൂടെ പുതിയൊരു കലാസൃഷ്ടി രൂപപ്പെടുന്നുണ്ടോ എന്ന്. ജെയിംസ് യങ് ഇതിനായി ഫൗണ്ട് ഫുട്ടേജ് സിനിമകളുമായിട്ടാണ് കളറൈസേഷനെ താരതമ്യം ചെയ്യുന്നത്. റീമിക്‌സ് സിനിമകൾ പോലെയാണ് സിനിമയുടെ കളർ പതിപ്പ് എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. എന്നാൽ റീമിക്‌സ് സിനിമയിൽ യഥാർത്ഥ സിനിമയുടെ അതേ മനോവികാരവും ആശയവും പങ്ക് വയ്ക്കാനല്ല ശ്രമിക്കുന്നത്, മറിച്ചു പുതിയൊരു ആശയം അല്ലെങ്കിൽ കഥപറച്ചിലാണ് പ്രേക്ഷകനിൽ എത്തിക്കുന്നത്. എന്നാൽ കളർ പതിപ്പുകൾ യഥാർത്ഥ സിനിമയുടെ അതേ ആവിഷ്കാരം പുനർസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇവിടെയുള്ള സംശയം, അങ്ങനെ പുനർസൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതിലൂടെ പുതിയൊരു സൃഷ്ടിയാണോ രൂപപ്പെടുന്നത് എന്നതാണ്. ഇത് പക്ഷേ തത്വചിന്തയും അതിൽ ഉരുത്തിരിഞ്ഞു വരുന്ന സ്വത്വബോധവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്, "തീസിയസിന്റെ കപ്പൽ"(Ship of Theseus) പോലെയാണ് എന്ന് പറയേണ്ടി വരും.

ഇനി "പഥേർ പാഞ്ചാലി" സിനിമയിലേക്കു വരാം. സിനിമയുടെ സംവിധായകൻ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു പ്രക്രിയയ്ക്ക് സിനിമ വിധേയമാക്കുന്നത് ധാർമ്മികമായി അംഗീകരിക്കാൻ സാധിക്കുകയില്ല. എന്നാൽ ഒരു അക്കാദമിക്ക് പരീക്ഷണം (https://scroll.in/reel/963474/professor-defends-colourisation-of-satyajit-rays-pather-panchali-as-academic-experiment) എന്ന രീതിയിൽ വികസിപ്പിച്ചെടുത്ത വെറും 3 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾക്ക് നിറം പകർന്ന് നോക്കുന്നത് സിനിമയുടെ മൂല്യച്യുതിക്ക് കാരണമാകുമെന്ന വാദത്തോട് യോജിക്കാൻ കഴിയില്ല. പിന്നെ 'disclaimer' സഹിതമാണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ടുള്ളത്. പക്ഷേ ഈ പതിപ്പിന്റെ സ്വീകാര്യത കണക്കിലെടുത്തു ഒരു മുഴുനീള പ്രക്രിയയ്ക്ക് സിനിമ വിധേയമാക്കിയാൽ അത് സത്യജിത് റേ എന്ന പ്രതിഭയോട് കാണിക്കുന്ന അനാദരവായി കാണേണ്ടി വരും എന്നതിൽ സംശയമില്ല.

നബി: ലേഖനത്തിന് ആസ്പദമായ പോസ്റ്റുകളുടെ ലിങ്ക്:https://m.facebook.com/story.php?story_fbid=10158304647613077&id=837978076

https://m.facebook.com/story.php?story_fbid=10220488338791141&id=1612500570

പഥേർ പാഞ്ചാലി കളർ പതിപ്പ്‌ യുട്യൂബ് ലിങ്ക്:

Related Stories

No stories found.
logo
The Cue
www.thecue.in