സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം കുറച്ച ശേഷം സിനിമ തുടങ്ങാം, നിര്‍മ്മാതാക്കളുടെ നിര്‍ണായക യോഗം ഇന്ന്

സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം കുറച്ച ശേഷം സിനിമ തുടങ്ങാം, നിര്‍മ്മാതാക്കളുടെ നിര്‍ണായക യോഗം ഇന്ന്

കൊവിഡ് 19 സാഹചര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം കുറച്ച ശേഷം നിയന്ത്രണങ്ങളോടെ സിനിമാ നിര്‍മ്മാണം പുനരാരംഭിക്കുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്ന കടുത്ത നിലപാടിലേക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കൊച്ചിയില്‍ വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി ഇതിനായി യോഗം ചേരും. ഒടിടി റിലീസ് സംബന്ധിച്ച് അംഗങ്ങള്‍ക്ക് അയച്ച കത്തിനുള്ള പ്രതികരണവും ചര്‍ച്ചയാകും.

നിര്‍മ്മാണച്ചെലവ് കുറക്കുന്ന കാര്യത്തില്‍ താരസംഘടന അമ്മയുമായും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച നടത്തും. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുക, അമിത ചെലവുകള്‍ ഒഴിവാക്കുക എന്നിവയാണ് ഈ ചര്‍ച്ചകളിലെ അജണ്ട. സിനിമാ രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യും.

കൊവിഡ് 19 പശ്ചാത്തലത്തില്‍ അമ്പത് പേരെ മാത്രം ഉള്‍പ്പെടുത്തി നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സിനിമാ മന്ത്രി എ കെ ബാലന്‍ ഫെഫ്ക നല്‍കിയ കത്തിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിര്‍മ്മാതാക്കളുമായി കൂടിയാലോചന ഇല്ലാതെയാണ് ഫെഫ്ക ഷൂട്ടിംഗ് മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന വിമര്‍ശനവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളില്‍ ഉണ്ട്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത് ദ ക്യു'വിനോട്

സിനിമ നിര്‍മ്മാണം കൊവിഡ് സാഹചര്യത്തില്‍ പുനരാരംഭിക്കണമെങ്കില്‍ ചെലവ് ചുരുക്കാനാകുന്ന എല്ലാ സാധ്യതയും ആലോചിക്കേണ്ടിവരും. താരങ്ങളുടെ പ്രതിഫലം അതില്‍ പ്രധാനമാണ്. പ്രതിഫലം കുറക്കണമെന്നത് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായമാണ്. നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നാല്‍ കൊവിഡിന് മുമ്പുള്ള കളക്ഷനോ വരുമാനമോ ഉണ്ടാകില്ല. അമ്പത് ശതമാനം വരെ കുറവ് വന്നേക്കാം. അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമ കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്നതും ഗള്‍ഫ് ഉള്‍പ്പെടെ റിലീസ് ചെയ്യുന്നതും ആലോചിക്കാനാകില്ല. ഇന്ത്യക്ക് പുറത്ത് നിന്ന് മലയാളികള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. പഴയ പോലെ വേള്‍ഡ് റിലീസ് കളക്ഷന്‍ ഉണ്ടാകില്ല. ഓവര്‍സീസും ഔട്ട് സൈഡ് കേരളാ കളക്ഷനും മറന്ന് വേണം സിനിമ ഇനി തിയറ്ററുകളിലെത്തിക്കാന്‍. മള്‍ട്ടിപ്‌ളെക്‌സ് കളക്ഷന്‍ പകുതിക്ക് താഴെയാകും. ഇവിടെ മുന്‍നിര താരങ്ങളുടെ ഉള്‍പ്പെടെ പ്രതിഫലം നിശ്ചയിക്കുന്നത് വിവിധ റൈറ്റ്‌സ് കൂടി പരിഗണിച്ചാണ്. അതെല്ലാം ഇത്ര കണ്ട് ഇല്ലാതാകുന്ന സാഹചര്യത്തില്‍ പ്രതിഫലം കുറക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ ചെലവുകളെല്ലാം വെട്ടിച്ചുരുക്കണമെന്ന നിലപാടിലേക്ക് നിര്‍മ്മാതാക്കള്‍ നീങ്ങുന്നത്. സിനിമാ മേഖലയുടെ അതിജീവനത്തിനുള്ള ശ്രമം കൂടിയാണ്.

പണ്ട് 35-40ദിവസം ഷൂട്ട് ചെയ്താണ് മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാക്കിയിരുന്നത്. ഇന്ന് വൈശാലിയോ, അമരമോ പോലുള്ള സിനിമകള്‍ ചിത്രീകരിക്കാന്‍ 70 ദിവസത്തിന് മുകളിലാവും. ഇപ്പോഴുള്ള സാഹചര്യം 66 സിനിമകളുടെ നിര്‍മ്മാതാക്കളെയാണ് ബാധിച്ചിരിക്കുന്നത്. പത്തോ പതിനഞ്ചോ ദിവസം ബാക്കിയുള്ള സിനിമകളാണ് കൂടുതലും. ഇനി വരാനിരിക്കുന്ന സിനിമകള്‍ കൊവിഡ് സാഹചര്യവും മാര്‍ക്കറ്റും മനസിലാക്കി മാത്രമേ നിര്‍മ്മിക്കാനാകൂ. ഇപ്പോള്‍ സിനിമ ചെയ്ത നിര്‍മ്മാതാക്കളെയും ആലോചിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമിടുന്നത്. മലയാള സിനിമയുടെ നന്മയ്ക്ക് വേണ്ടിയുള്ള ആലോചനയാണ്. ഇതില്‍ വാശിയോ വൈരാഗ്യമോ കടുംപിടുത്തമോ ഇല്ല. ഇതല്ലാതെ സിനിമയുടെ അതിജീവനത്തിന് വേറെ പോംവഴികളില്ല.

സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം കുറച്ച ശേഷം സിനിമ തുടങ്ങാം, നിര്‍മ്മാതാക്കളുടെ നിര്‍ണായക യോഗം ഇന്ന്
ഒടിടി റിലീസ് ചെയ്യുന്നവര്‍ അങ്ങനെ പോകട്ടെ, ഇനി 7 കോടിക്ക് മുകളിലുള്ള സിനിമ ചിന്തിക്കാനാകില്ല; ലിബര്‍ട്ടി ബഷീര്‍ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in