ഹിമാലയത്തിലേക്ക് മഞ്ജു വാര്യര്‍, ട്രെക്കിംഗ് സാഹസികതയുമായി സനല്‍കുമാറിന്റെ 'കയറ്റം'

ഹിമാലയത്തിലേക്ക് മഞ്ജു വാര്യര്‍, ട്രെക്കിംഗ് സാഹസികതയുമായി സനല്‍കുമാറിന്റെ 'കയറ്റം'

അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് പ്രമേയമായി മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായ കയറ്റം. റോട്ടര്‍ഡാം ചലചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം നേടിയ എസ്. ദുര്‍ഗ്ഗക്കും 2019 ല്‍ വെനീസ് ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മഞ്ഞിടിച്ചിലും മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സംഘം ഛത്രു മേഖലയില്‍ കുടുങ്ങിയിരുന്നു. പിന്നീട് റോഡ് ഗതാഗതം പുനസ്ഥാപിച്ച ശേഷമാണ് ഇവര്‍ ബേസ് ക്യാമ്പിലെത്തിയത്.

ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. ചന്ദ്രു സെല്‍വരാജ് ആണ് ക്യാമറ. ദിലീപ് ദാസാണ് കലാസംവിധാനം.

അഹര്‍സംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ 'അഹര്‍' ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനീഷ് ചന്ദ്രന്‍ ബിനു നായര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in