'അല്ലെങ്കില്‍ ഈ നിമിഷം ഞാനീ തിരക്കഥ കത്തിക്കും', വടക്കുന്നാഥന്റെ നടയിലെ പ്രഖ്യാപനവും പിന്നീടുള്ള സിനിമയും

'അല്ലെങ്കില്‍ ഈ നിമിഷം ഞാനീ തിരക്കഥ കത്തിക്കും', വടക്കുന്നാഥന്റെ നടയിലെ പ്രഖ്യാപനവും പിന്നീടുള്ള സിനിമയും
ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതി ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്ത വടക്കുന്നാഥന്‍ തിയറ്ററുകളിലെത്തി മേയ് 19ന് പതിനാല് വര്‍ഷം. സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ സിനിമ ചിത്രീകരണ ഘട്ടത്തില്‍ നേരിട്ട തുടര്‍ച്ചയായ പ്രതിസന്ധികളെക്കുറിച്ചും, അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

'വടക്കുംനാഥന്‍'!ഒന്നരപ്പതിറ്റാണ്ട് മുമ്പ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച, രവീന്ദ്രന്‍ മാഷിന്റെ ഗാനങ്ങളാല്‍ സമ്പന്നമായ ഒരു കൊച്ചു ചിത്രം. ഒറ്റനോട്ടത്തില്‍ ഏവര്‍ക്കും അതാണ് 'വടക്കുംനാഥ'നെങ്കിലും പൊതുജനം കാണാതെ പോകുന്ന ചില പഴയകാല സിനിമകളുടെ റീലുകള്‍ പോലെ ആ ചിത്രത്തിനു പിന്നില്‍ എത്ര പറഞ്ഞാലും തീരാത്ത കണ്ണീരിന്റെയും നൊമ്പരങ്ങളുടെയും സഹനങ്ങളുടെയും അനേകം കഥകള്‍ മറഞ്ഞുനില്‍പ്പുണ്ട്. അവയില്‍ ചിലത് ഓര്‍ത്തെടുക്കുകയാണ്.

ഗിരീഷ് പുത്തഞ്ചേരി കഥ പറഞ്ഞ നിമിഷം തന്നെ മികച്ച വിജയം കരസ്ഥമാക്കാന്‍ പ്രാപ്തമായ, ലാലേട്ടനെ പോലൊരു നടന് തന്റെ പ്രതിഭ വേണ്ടവിധം പ്രകടിപ്പിക്കാന്‍ സാധ്യതയേകുന്ന ഒരു നല്ല സിനിമ എന്ന സ്വപ്നം എന്റെ മനസ്സില്‍ കൂടുകൂട്ടിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ തുടര്‍ന്നുണ്ടായ സംഭവങ്ങളെല്ലാം ഞാന്‍ നെയ്തുകൂട്ടിക്കൊണ്ടിരുന്ന ആ സ്വപ്നക്കൂട് പൊളിച്ചെറിയാന്‍ തക്ക പാകത്തിനുള്ളവയായിരുന്നു. ഏതൊക്കെയോ ഗൂഢാലോചനകള്‍ അഹോരാത്രം പ്രയത്നിച്ചതിന്റെ ഫലമായി ആ പ്രോജക്ട് എന്നില്‍ നിന്നുമകന്നു. അതിന്റെയൊന്നും തലനാരിഴ കീറിയുള്ള വിശകലനത്തിലേക്ക് മുതിരുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ആ കഥ തുടര്‍ന്ന് നടത്തിയ യാത്രയുടെ ചരിത്രം പറയേണ്ടതുണ്ട്.

കഥ പിന്നീട് ചെന്നെത്തിയത് പ്രിയദര്‍ശന്റെ കൈകളിലേക്കായിരുന്നു. പൊതുവെ ചെയ്യാറുള്ള സിനിമകളുടെ ശ്രേണിയില്‍ നിന്ന് മാറിയുള്ള കഥയായതിനാലാവണം ആ പ്രോജക്ടില്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കാതിരുന്നത്. പക്ഷെ അവിടം കൊണ്ടും കഥയുടെ യാത്രയവസാനിച്ചില്ല. മലയാളത്തിലെ ഒരുപിടി പ്രമുഖ സംവിധായകരുടെ കൈകളിലൂടെ കഥ മാറിമാറി സഞ്ചാരം തുടര്‍ന്നുകൊണ്ടിരുന്നു. ഹരിഹരന്‍,സിബി മലയില്‍, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടെ മുന്‍പാകെയും കഥയെത്തി. സിബി മലയില്‍ ഗിരീഷുമായി ചില പ്രാരംഭ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചുവെങ്കിലും എന്തുകൊണ്ടൊക്കെയോ അതും സംഭവിച്ചില്ല.

സീസറിനുള്ളത് സീസറിനു തന്നെ! 'വടക്കുംനാഥന്‍' കയറാവുന്ന പടികളെല്ലാം കയറി മടുത്ത് ഒടുവില്‍ എന്റെ കൈകളിലേക്ക് തന്നെയെത്തിപ്പെട്ടു. ഇരുകയ്യും നീട്ടി ഞാനതിനെ എന്റെ കസേരയില്‍ പിടിച്ചിരുത്തി. ഏറെ മാനസികമായ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ അണിയറപ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവപ്പ് നടത്തിയപ്പോളും ആശയക്കുഴപ്പങ്ങള്‍ക്ക് അറുതിയുണ്ടായിരുന്നില്ല. ഒരു ദിവസം ഗിരീഷും നിര്‍മ്മാതാവ് ഗോവിന്ദന്‍കുട്ടിയും കൂടി കാറില്‍ സഞ്ചരിക്കുമ്പോള്‍ കുറേ നേരം ചിത്രം നേരിടുന്ന പ്രതിസന്ധികളെപ്പറ്റി സംസാരിച്ചു. ആ ചര്‍ച്ചയുടെ പ്രതിഫലനമെന്നവണ്ണം തൃശൂര്‍ സാക്ഷാല്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ നടയുടെ മുന്‍പില്‍ വെച്ച് കൈയ്യില്‍ പിടിച്ച തിരക്കഥയുമായി ഗിരീഷൊരു പ്രഖ്യാപനം നടത്തി. 'ഒന്നുകില്‍ ഈ സിനിമ ഷാജൂണ്‍ സംവിധാനം ചെയ്യും ... അല്ലെങ്കില്‍ ഈ നിമിഷം ഇവിടെ വെച്ച് ഞാനീ തിരക്കഥ കത്തിക്കും'.

ഗോവിന്ദന്‍കുട്ടി ആ നിമിഷം എന്തെങ്കിലും ഉടക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷെ രണ്ടാമത് പറഞ്ഞത് സംഭവിക്കുമായിരുന്നു. തിരക്കഥയുടെ വേറെ പകര്‍പ്പുണ്ടായിരുന്നില്ല. എന്തായാലും അതൊരു പുതിയ തുടക്കത്തിന്റെ സൂചനയായിരുന്നു. മുടങ്ങിപ്പോയ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. ഗിരീഷിന് നന്ദി.

മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം ആദ്യ ഷെഡ്യൂള്‍ ഋഷികേശില്‍ ചിത്രീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലാലേട്ടന്‍, ബിജു മേനോന്‍, പൊന്നമ്മ ചേച്ചി (കവിയൂര്‍ പൊന്നമ്മ) പിന്നെ മറ്റ് കുറച്ചു നടന്മാരും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കൈലാസദിശയിലേക്ക് യാത്രയായി. അവിടെയെത്തിയപ്പോള്‍ ഞങ്ങളെയും കാത്ത് പ്രതിബന്ധങ്ങളുടെ ആവനാഴിതന്നെ നില്‍പ്പുണ്ടായിരുന്നു. ഗംഗ കര കവിഞ്ഞൊഴുകിയത് മൂലം ഞങ്ങള്‍ ചിത്രീകരിക്കാന്‍ നിശ്ചയിച്ച ലൊക്കേഷനുകളെല്ലാം വെള്ളത്തിനടിയിലായി. വിലപ്പെട്ട സമയം കളയാതെ കുറച്ചു വിട്ടുവീഴ്ചകളോടെ ചിത്രീകരിക്കാന്‍ പറ്റുന്ന മറ്റ് ലൊക്കേഷനുകള്‍ കണ്ടെത്തി. ചിത്രത്തിന്റെ കന്നി ഷോട്ട് അഥവാ പൂജാ ഷോട്ട് എടുത്ത ശേഷം അടുത്ത ഷോട്ടിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍ പൊന്നമ്മ ചേച്ചിക്ക് നാട്ടില്‍ നിന്നുമൊരു ഫോണ്‍കോള്‍ വന്നു. ഫോണ്‍ എടുത്ത അടുത്ത നിമിഷം കേട്ടത് 'അയ്യോ ' എന്ന ചേച്ചിയുടെ അലര്‍ച്ചയായിരുന്നു. സഹോദരിയുടെ (കവിയൂര്‍ രേണുക ) മരണവര്‍ത്തയായിരുന്നു ചേച്ചിയില്‍ നിന്ന് ആ അലര്‍ച്ച പുറത്ത് വരാന്‍ കാരണമായത്. സെറ്റിലാകെ നടുക്കം. ഏതൊരു വ്യക്തിക്കും സ്വന്തം സഹോദരിയുടെ മരണമറിഞ്ഞാല്‍ പോകാതിരിക്കാന്‍ കഴിയില്ലല്ലോ. ഋഷികേശിലെ ഷെഡ്യൂള്‍ ചേച്ചിയില്ലാതെ ചിത്രീകരിക്കാനും കഴിയില്ല. ചേച്ചി പോയാല്‍ ലാലേട്ടനടക്കമുള്ളവരുടെ ഡേറ്റ് അവതാളത്തിലാകും.

ഏറെ വേദനയോടെ ആ സത്യം ഞാന്‍ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. 'ഈ സിനിമ ഇനി നടക്കില്ല... ഇത് മറക്കുന്നതാവും യുക്തി '. എന്നാല്‍ ഏവരുടെയും ധാരണ തകിടം മറിച്ചുകൊണ്ട് ചേച്ചി വിപ്ലവകരമായ ഒരു തീരുമാനമെടുത്തു . പ്രിയപ്പെട്ട സഹോദരിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ചേച്ചി പോയില്ല. പടം ഉപേക്ഷിക്കേണ്ടി വരുമെന്ന് അത്ര ഉറപ്പുള്ളതുകൊണ്ടായിരുന്നു ചേച്ചിയുടെ ആ തീരുമാനം. വാക്കുകള്‍ കൊണ്ട് നന്ദി പറഞ്ഞാല്‍ കുറഞ്ഞുപോകും എന്നതിനാല്‍ അതിന് മുതിരുന്നില്ല. മനസ്സിന്റെ മരവിപ്പ് മാറി വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക്...

തുടര്‍ന്ന് എന്നെയും അണിയറപ്രവര്‍ത്തകരെയും കാത്തിരുന്നത് ദുര്‍ഘടങ്ങളുടെ മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു. വിതരണക്കാര്‍ ചിത്രത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറി. വിതരണക്കമ്പനിയുടെ തലവനായിരുന്ന ഗുഡ്‌നൈറ്റ് മോഹനന്‍ തന്റെ കമ്പനി തന്നെ പൂട്ടി. പിന്നീടുള്ള കാലം അനിശ്ചിതത്വത്തിന്റേതായിരുന്നു.

തുടരെത്തുടരെ നേരിടേണ്ടി വന്ന നിര്‍മ്മാണ തടസ്സങ്ങളില്‍ ലാലേട്ടനും മനസ്സ് മടുത്തുപോയിരുന്നു. ഞങ്ങളുടെ ഷൊര്‍ണൂര്‍ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകന്‍ ബ്ലസി ലാലേട്ടന് തന്മാത്രയുടെ തിരക്കഥ വായിച്ചുകൊടുക്കുന്നത്. നമ്മുടെ സിനിമ പൂര്‍ത്തിയാകില്ല എന്ന് അത്ര ഉറപ്പുണ്ടായിരുന്നതുകൊണ്ടാവണം ലാലേട്ടന്‍ ആ ചിത്രത്തിന് ഡേറ്റ് കൊടുത്തത്. അല്ലെങ്കില്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്ന രണ്ട് കഥാപാത്രങ്ങളെ അടുപ്പിച്ച് ഇറങ്ങുന്ന ചിത്രങ്ങളില്‍ അദ്ദേഹം തിരഞ്ഞെടുക്കില്ലല്ലോ.

ഏറെ അന്വേഷണങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം മരുഭൂമിയില്‍ പെയ്ത മഴ പോലെ ഉപാധികളോടെ ചിത്രം ഏറ്റെടുക്കാന്‍ ജോണി സാഗരിഗ മുന്‍പോട്ട് വന്നു. ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ അവസരം ഒത്തുവന്നപ്പോള്‍ നല്‍കിയ ഡേറ്റുകളെല്ലാം കഴിഞ്ഞിട്ടും തിരക്കുകള്‍ അവഗണിച്ചുകൊണ്ട് അഭിനയിക്കാന്‍ ലാലേട്ടനെത്തി. അദ്ദേഹത്തെ നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കുന്നു. അങ്ങനെ ഒരുപാട് പരിമിതികള്‍ താണ്ടി ഏറെ കോംപ്രമൈസുകളോടെ ചിത്രം പൂര്‍ത്തിയാക്കി. അഞ്ച് ഷെഡ്യൂളുകള്‍ നീണ്ട സമസ്യക്ക് വിരാമം.

റിലീസ് ദിനം അടുത്തുകൊണ്ടിരിക്കെ മറ്റൊരു വേദന എന്റെ ഹൃദയത്തില്‍ കിടന്ന് വിങ്ങുന്നുണ്ടായിരുന്നു. നിര്‍മ്മാതാവിന്റെ കൈയ്യില്‍ പണമില്ലാതിരുന്നതിനാല്‍ 'ഗംഗേ' എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിക്കാന്‍ സാധിച്ചിരുന്നില്ല. ആ ഗാനമില്ലാതെ ചിത്രം പുറത്തിറങ്ങിയാല്‍ രവിയേട്ടന്റെ (രവീന്ദ്രന്‍ മാസ്റ്റര്‍) ആത്മാവ് എന്നോട് പൊറുക്കുമോ എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവന്‍. ഒട്ടും വൈകിയില്ല. നേരെ മദ്രാസിന് വണ്ടി കയറി ശോഭ ചേച്ചിയെ (രവിയേട്ടന്റെ പത്നി) പോയി കണ്ടു. എന്റെ മനോവിഷമം പങ്കുവെച്ചപ്പോള്‍ നിറകണ്ണുകളോടെ ചേച്ചി എന്നോട് പറഞ്ഞു, 'മോന്‍ വിഷമിക്കണ്ട.... രവിയേട്ടന്‍ എല്ലാം മുകളിലിരുന്ന് കാണുന്നുണ്ട്. എല്ലാം നന്നായി വരും'.

നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. 'ഗംഗേ ' എന്ന ഗാനമില്ലാതെ ചിത്രം പ്രേക്ഷകര്‍ കാണാന്‍ ഇട വരരുത്. ലാലേട്ടന്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തുന്ന ഷോട്ടുകളും കാവ്യാമാധവന്റെ കഥാപാത്രം വിവാഹമണ്ഡപത്തില്‍ നില്‍ക്കുന്ന കുറച്ചു ഷോട്ടുകളും ഒഴിച്ച് ഒന്നും കൈയ്യിലുണ്ടായിരുന്നില്ല. ചിത്രീകരണ സമയത്ത് അധികം വന്ന ചില വിഷ്വല്‍സും ലാലേട്ടനെ വെച്ച് പറ്റും പോലെ കുറച്ചു ഷോട്‌സുമെടുത്ത് അവയെല്ലാം ചേര്‍ത്ത് ഗാനരംഗങ്ങള്‍ പറ്റും പോലെ ഒപ്പിച്ചുവെക്കുകയായിരുന്നു മുന്നിലുള്ള ഏക വഴി. അങ്ങനെതന്നെ ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലൂടെ ആ കടമ്പയും കടന്നു.

പിന്നീടുള്ള കാലത്തിന്റെ സഞ്ചാരം മിന്നല്‍ വേഗതയിലായിരുന്നു. റിലീസ് ദിനമെത്തി. എല്ലാം ഈശ്വരന് മുന്‍പാകെ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ രശ്മിയോടൊപ്പം (എന്റെ ഭാര്യ) നൂണ്‍ ഷോ കാണാന്‍ തൃശൂര്‍ ജോസിലേക്ക്. അവിടെ എത്തിയപ്പോള്‍ അന്ന് ഋഷികേശില്‍ കവിഞ്ഞൊഴുകിയ ഗംഗാനദി പോലെ ജനസാഗരം. ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിരുന്നെങ്കിലും സിനിമയുടെ നിലവാരത്തില്‍ എനിക്ക് കാര്യമായ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഏതൊരു മനുഷ്യനെയും പോലെ മുന്‍കാല അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നിരവധി ചിന്തകള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. എല്ലാം ദൈവത്തിനെ ഏല്‍പ്പിച്ചതാണല്ലോ എന്ന് സ്വയം സമാധാനിച്ച് ഞാന്‍ ചിത്രം കാണാന്‍ തീയറ്ററിനുള്ളിലേക്ക്.

പ്രേക്ഷകര്‍ സിനിമ സ്വീകരിച്ചു കഴിഞ്ഞു എന്ന് ആദ്യ 20 മിനിറ്റുകള്‍ പിന്നിട്ടിപ്പോള്‍ തന്നെ ബോധ്യമായി. പിന്നെ ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. രണ്ടാം പകുതി കുറേ പിന്നിട്ട് ഒടുവില്‍ ആ മുഹൂര്‍ത്തം വന്നുചേര്‍ന്നു. 'ഗംഗേ' എന്ന ഗാനം സ്‌ക്രീനില്‍ തെളിഞ്ഞ നിമിഷം. ഗാനം തുടങ്ങിയ ക്ഷണം മുതല്‍ പ്രേക്ഷകര്‍ ഹര്‍ഷാരവമുയര്‍ത്തിയതോടെ എന്റെ കണ്ണുകള്‍ തോരാതെ പെയ്തു. ആ നിമിഷം പങ്കുവെക്കാന്‍ രശ്മി അടുത്തുണ്ടായിരുന്നതിനാല്‍ എനിക്ക് എന്നെ നിയന്ത്രിക്കേണ്ടി വന്നില്ല. അന്ന് ഞാന്‍ പൊഴിച്ച കണ്ണീര്‍ മുഴുവനും ആത്മസംതൃപ്തിയുടെ മധുരവും രവിയേട്ടനോടുള്ള സ്നേഹവുമായിരുന്നു. ആ സുന്ദര നിമിഷത്തിന് മേയ് 19ന് 14 വയസ്സായി.

Related Stories

No stories found.
logo
The Cue
www.thecue.in