മോഹന്‍ദാസില്‍ നിന്ന് ഇയ്യപ്പനിലേക്കും ചാച്ചപ്പനിലേക്കും, സ്റ്റേജ് ഇന്ത്യയില്‍ നിന്ന് സ്‌ക്രീനിലെത്തിയ കലിംഗ ശശി

മോഹന്‍ദാസില്‍ നിന്ന് ഇയ്യപ്പനിലേക്കും ചാച്ചപ്പനിലേക്കും, സ്റ്റേജ് ഇന്ത്യയില്‍ നിന്ന് സ്‌ക്രീനിലെത്തിയ കലിംഗ ശശി

Summary

അന്തരിച്ച നടന്‍ ശശി കലിംഗയുടെ അഭിനയജീവിതത്തിലൂടെ

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന സിനിമയിലെ ഡിവൈഎസ്പി മോഹന്‍ദാസ് മണാളത്ത് എന്ന ക്രൂരനായ പൊലീസ് ഓഫീസര്‍. മുന്‍നിര പ്രൊഫഷനല്‍ നാടക സമിതിയായ കോഴിക്കോട് സ്‌റ്റേജ് ഇന്ത്യയുടെ അഭിനയ കളരിയില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ ശശി കലിംഗയുടെ മുഖം പ്രേക്ഷകരില്‍ പതിഞ്ഞത് പാലേരി മാണിക്യത്തിലെ ഈ കഥാപാത്രത്തിനൊപ്പമായിരുന്നു. കോഴിക്കോട് സ്‌റ്റേജ് ഇന്ത്യയുടെ സാരഥിയും പ്രമുഖ നാടകകൃത്തുമായ വിക്രമന്‍ നായരാണ് ശശിയുടെ ഗുരു. ശശിയുടെ അമ്മാവന്‍ കൂടിയായിരുന്നു വിക്രമന്‍ നായര്‍.

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയുടെയും മകനായ ശശി കലിംഗയുടെ യഥാര്‍ത്ഥ പേര് വി ചന്ദ്രകുമാര്‍ എന്നാണ്. ചന്ദ്രകുമാറിന്റെ വീട്ടിലെ വിളിപ്പേരാണ് അഭിനേതാവിനുള്ള പേരായി മാറിയത്. ശ്രീനിവാസന്‍ നായകനായി അവിരാ റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരന്‍ പളനിസാമിയായാണ് സിനിമയില്‍ ആദ്യമെത്തിയത്. പക്ഷേ മോഹന്‍ദാസ് മണാളത്ത് എന്ന ക്രൂരനായ ഓഫീസറിലൂടെയാണ് വരവറിയിക്കാനായത്.

സ്റ്റേജ് ഇന്ത്യയിലൂടെ അരങ്ങിന്റെ ചൂടും ചൂരുമറിഞ്ഞ കോഴിക്കോട് ശശി കലിംഗ ശശിയായി മാറിയത് ആര്‍ക്കോ വന്നൊരു പിഴവിനെ തുടര്‍ന്നാണെന്ന് മാതൃഭൂമി ദിനപത്രത്തിലെ നഗരം പേജില്‍ ശശി കലിംഗയെക്കുറിച്ചെഴുതിയ ഫീച്ചറില്‍ സൂചിപ്പിക്കുന്നുണ്ട്. പാലേരി മാണിക്യം നാടക ക്യാമ്പിലേക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാടകപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അഭിനേതാക്കളെ തിരിച്ചറിയാന്‍ നാടകസമിതിയുടെ പേര് കൂടി ചേര്‍ത്തപ്പോള്‍ ശശിക്കൊപ്പം കലിംഗ തിയറ്റേഴ്‌സിന്റെ പേര് കടന്നുകൂടി. വിക്രമന്‍ നായരെന്ന പ്രതിഭയുടെ കൈപിടിച്ച് അരങ്ങിലെത്തിയ കോഴിക്കോട് ശശി, കെടി മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്‌സിന്റെ പേരിനൊപ്പം സിനിമയില്‍ തെളിഞ്ഞു. ഏഷ്യാനെറ്റിന്റെ ടെലി സ്ട്രിപ്പ് മുന്‍ഷിയില്‍ പണ്ഡിറ്റ് എന്ന കഥാപാത്രമായും ശശി കലിംഗ കുറച്ചുകാലം ഉണ്ടായിരുന്നു.

വടകര സങ്കീര്‍ത്തന, ആറ്റിങ്ങല്‍ രചന,തിരുവനന്തപുരം അക്ഷക കല തുടങ്ങിയ നാടകസമിതിക്കൊപ്പവും നിരവധി സ്റ്റേജുകളില്‍ ശശി വിവിധ കഥാപാത്രങ്ങളായെത്തി. ബ്രേക്ക് നല്‍കിയ മോഹന്‍ദാസ് മണാളത്തിന് ശേഷം രഞ്ജിത്തിന്റെ തന്നെ സംവിധാനത്തില്‍ എത്തിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന സിനിമയില്‍ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസിന്റെ വലംകൈയ്യായ,പിഴക്കുന്ന ചാട്ടങ്ങളിലേക്ക് പ്രാഞ്ചിയെ കൈപിടിക്കുന്ന ഇയ്യപ്പനായി കലിംഗ ശശിയെത്തി. സ്വതസിദ്ധമായ മാനറിസങ്ങള്‍ കൊണ്ടും, ശരീരഭാഷ കൊണ്ടും കലിംഗ ശശിയിലെ നടന് കയ്യടിപ്പിക്കുന്ന കഥാപാത്രവുമായിരുന്നു ഇയ്യപ്പന്‍.

പ്രാഞ്ചിയുടെ ഇയ്യപ്പന് ശേഷം ലിജോ പെല്ലിശേരിയുടെ ആമേന്‍ എന്ന സിനിമയിലെ ചാച്ചപ്പന്‍ എന്ന കഥാപാത്രമായി ശശി കലിംഗയെത്തി. ശ്രദ്ധിക്കപ്പെട്ട കഥാപാത്രവുമായിരുന്നു ചാച്ചപ്പന്‍. ട്രോളുകളിലെ ഏറെ ആഘോഷിക്കപ്പെട്ട മീം ആയി മാറിയത് ആമേനിലെ കലിംഗ ശശിയുടെ ചില സീനുകളാണ്. അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പീ, കുട്ടിമാമ, സെക്കന്‍ഡ്‌സ്, ആദാമിന്റെ മകന്‍ അബു എന്നീ സിനിമകള്‍ ഉള്‍പ്പെടെ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in