ഷൂട്ടിംഗ് മുടങ്ങാത്ത ഏക മലയാള സിനിമ, ദിലീഷും, ഗ്രിഗറിയും അമിത്തും ജിബൂട്ടിയിലുണ്ട്

ഷൂട്ടിംഗ് മുടങ്ങാത്ത ഏക മലയാള സിനിമ, ദിലീഷും, ഗ്രിഗറിയും അമിത്തും ജിബൂട്ടിയിലുണ്ട്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടരുന്നൊരു മലയാള ചിത്രമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമ. സിനിമയുടെ പേരും രാജ്യത്തിന്റെ പേര് തന്നെയാണ് ജിബൂട്ടി. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരുമെന്ന് സിനിമ നിര്‍മ്മാണ നിര്‍വഹണ ചുമതലയുള്ള സഞ്ജയ് പടിയൂര്‍ ദ ക്യുവിനോട് പ്രതികരിച്ചു. ജിബൂട്ടിയില്‍ കൊവിഡ് 19 നിയന്ത്രണങ്ങളും സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണെന്ന് സഞ്ജയ് പടിയൂര്‍.

നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു. ടിഡി ശ്രീനിവാസാണ് ക്യാമറ. ദീപക് ദേവ് സംഗീത സംവിധാനം.

കൊവിഡ് രോഗബാധ ജിബൂട്ടിയെയും പ്രതിസന്ധിയിലാക്കിയിരുന്നു. മാര്‍ച്ച് 31വരെ 30 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 18നാണ് ജിബൂട്ടിയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം തടയാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും തുടക്കത്തില്‍ 815 പേരില്‍ ടെസ്റ്റ് നടത്തിയതിലാണ് 30 പൊസിറ്റീവ് കേസുകള്‍ എന്നും ആരോഗ്യമന്ത്രി സലാ ബനോയിറ്റ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അമിത് ചക്കാലക്കല്‍ ആണ് ജിബൂട്ടിയിലെ നായകന്‍. രണ്ട് ഹിന്ദി താരങ്ങളും ചിത്രത്തിലുണ്ട്.

സഞ്ജയ് പടിയൂര്‍ ദ ക്യുവിനോട്

ജിബൂട്ടിയിലെ പ്രധാന മേഖലയിലെല്ലാം കൊവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സിനിമ ചിത്രീകരിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായതിനാല്‍ ഞങ്ങളെ നിയന്ത്രണം ബാധിച്ചിട്ടില്ല. തജൂറ എന്ന സ്ഥലത്താണ് ചിത്രീകരണം. ജിബൂട്ടിയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സിനിമയുടെ ലോഞ്ചിന് കൊച്ചിയില്‍ വന്നിരുന്നു. ലൊക്കേഷനിലും മന്ത്രിമാര്‍ എത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലൊക്കേഷനില്‍ ഡോക്ടര്‍മാരെത്തി പരിശോധന നടത്തിയിരുന്നു. ആരോഗ്യമുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ പിന്തുണയും ഇവിടത്തെ ചിത്രീകരണത്തിനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in