Film Events

അമ്മയ്ക്കും ഫെഫ്കയ്ക്കും തിരിച്ചടി, വിനയന്റെ വിലക്ക് നീക്കിയത് ശരിവച്ചു

സംവിധായകന്‍ വിനയനെതിരെ ചലച്ചിത്ര സംഘടനകളായ അമ്മയും ഫെഫ്കയും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ കോംപറ്റീഷന്‍ കമ്മിഷന്‍ ഓ്ഫ് ഇന്ത്യയുടെ ഉത്തരവ് നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്റെ സന്തോഷത്തിലാണെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ മുതലാളിയും തീയേറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക. നുണകള്‍ പറഞ്ഞും പ്രചരിപ്പിച്ചും കുതികാല്‍ വെട്ടിയും അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണെന്നും വിനയന്‍ ഇതേക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നു. 2017ലാണ് വിനയന്റെ വിലക്ക് നീക്കിക്കൊണ്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് വന്നത്. ഇതിനെ ചോദ്യം ചെയ്തായിരുന്നു ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടന അമ്മ എന്നിവര്‍ അപ്പീല്‍ നല്‍കിയത്.

Also Read: ഒരു വാക്ക് കൊണ്ട് പോലും മോഹന്‍ലാലിനെ ആ സിനിമ പരിഹസിച്ചിട്ടില്ല, വിനയന്‍ അഭിമുഖം

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എന്‍െ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്റെ സന്തോഷം എന്റെ സുഹൃത്തുക്കളോടൊപ്പം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്കും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈന്‍ ചുമത്തിക്കൊണ്ട്, അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിന്റെയും പേരില്‍ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാന്‍ നടത്തിയ ഹീനമായ ശ്രമങ്ങള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ?''

''ഞാന്‍ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കില്‍, വിനയനെ ഒതുക്കി അതിന്റെ മുഴുവന്‍ നേട്ടവും വ്യക്തിപരമായി നേടിയെടുത്ത ഒരു സിനിമാ നേതാവിന്റെ നേതൃത്വത്തില്‍ അന്നത്തെ സിസിഐ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അപ്പലേറ്റ് ട്രീബൂണല്‍ തള്ളിക്കൊണ്ട് (നാല് അപ്പീലുകള്‍ ഒരുപോലെ തള്ളുകയാണുണ്ടായത്)ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡറിലെ അവസാന പേജിന്റെ കോപ്പിയാണ് ഇതിനോടൊപ്പം പോസ്‌ററ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലന്‍മാരെ വച്ചാണ് നമ്മുടെ സുഹൃത്തുക്കള്‍ എനിക്കെതിരെ വാദിച്ചത്. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാര്‍ക്ക് അതൊക്കെ നിസ്സാരമാണല്ലോ?''

''ഇപ്പോള്‍ മുതലാളിയും തീയേറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക. നുണകള്‍ പറഞ്ഞും പ്രചരിപ്പിച്ചും കുതികാല്‍ വെട്ടിയും അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണ് സുഹൃത്തേ. കൂറേ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കും. ഇനി ജയിച്ചില്ലെങ്കിലും സത്യത്തിനു വേണ്ടി പോരാടുന്നതിന്റെ സുഖം ഒന്നുവേറെയാണ്

Also Read: ‘തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു’, തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് വിനയന്‍

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017 മാര്‍ച്ചില്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അമ്മ സംഘടനക്ക് 4 ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയുമാണ് പിഴ ചുമത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയ സമയത്ത് അമ്മ പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍, പ്രസിഡന്റായിരുന്നു സിബി മലയില്‍ എന്നിവര്‍ക്കെതിരെയും പിഴ ചുമത്തിയിരുന്നു. വിധിക്കെതിരെ സമര്‍പ്പിച്ച 4 അപ്പീലുകളാണ് തള്ളിയത്.