ഷെയ്ന്‍ നിഗം പ്രശ്‌നപരിഹാരത്തിന്  മോഹന്‍ലാല്‍, മാര്‍ച്ച് മൂന്നിന് അമ്മ എക്‌സിക്യുട്ടീവ്

ഷെയ്ന്‍ നിഗം പ്രശ്‌നപരിഹാരത്തിന് മോഹന്‍ലാല്‍, മാര്‍ച്ച് മൂന്നിന് അമ്മ എക്‌സിക്യുട്ടീവ്

ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് മോഹന്‍ലാല്‍ വീണ്ടും ഇടപെടുന്നു. ഷെയിന്‍ നിഗം മൂലം നിര്‍മ്മാതാക്കള്‍ നേരിട്ട നഷ്ടം നികത്തുന്നതിനായി ഒരു കോടി രൂപാ നല്‍കണമെന്ന നിലപാടില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉറച്ചുനില്‍ക്കുന്നതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ ഇടപെടല്‍. മാര്‍ച്ച് മൂന്നിന് നടക്കുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തിന് മുമ്പായി പ്രശ്‌ന പരിഹാരത്തിനാണ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ശ്രമിക്കുന്നത്.

വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിട്ടുവീഴ്ചാ നിര്‍ദേശവുമായി ഷെയിന്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയും മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം സ്വീകരിച്ച് ഉല്ലാസം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടന നിര്‍ദേശിച്ചത് പ്രകാരം വെയില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് ഷെയിന്‍ നിഗം കത്തയച്ചിരുന്നു. താരസംഘടന നിര്‍ദേശിച്ച പ്രകാരം മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഷെയിനിന്റെ നിലപാട്. ഉല്ലാസം എന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നെങ്കിലും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ഇനിയും ചിത്രീകരിക്കേണ്ടതുണ്ട്. വിലക്ക് തുടരുന്നതിനാല്‍ ഡിസംബര്‍ മുതല്‍ ഷെയിന്‍ പുതിയ സിനിമകളില്‍ അഭിനയിച്ചിട്ടില്ല.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ്, വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രം എന്നിവ ഷെയിന്‍ നിഗത്തിന്റേതായി നേരത്തെ പ്രഖ്യാപിച്ചവയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in