ടീസറിലെ പാട്ട് ഷാരൂഖിന്റെ പടത്തില്‍ ഇല്ല, നിര്‍മ്മാതാവ് പതിനായിരം രൂപാ നഷ്ടപരിഹാരം നല്‍കണം

ടീസറിലെ പാട്ട് ഷാരൂഖിന്റെ പടത്തില്‍ ഇല്ല, നിര്‍മ്മാതാവ് പതിനായിരം രൂപാ നഷ്ടപരിഹാരം നല്‍കണം

സിനിമയുടെ പ്രമോഷന് വേണ്ടി പുറത്തുവിട്ട പാട്ട് സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതും, ടീസറിലോ ട്രെയിലറിലോ വന്ന ചില രംഗങ്ങള്‍ തിയറ്ററുകളില്‍ ഇല്ലാതിരിക്കുന്നതും പുതുമയല്ല. പക്ഷേ ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ച ഗാനം തിയറ്ററിലെത്തുമ്പോള്‍ ഒഴിവാക്കിയതിന് നിര്‍മ്മാണ കമ്പനി സിനിമ കണ്ടയാള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് പുതിയ കാര്യമാണ്.

ഷാരൂഖ് ഖാന്‍ ചിത്രം 'ഫാന്‍' നിര്‍മ്മിച്ച ബോളിവുഡ് വമ്പന്‍മാരായ യാഷ് രാജ് ഫിലിംസിനോടാണ് നാഷനല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസല്‍ കമ്മീഷന്‍ പതിനായിരം രൂപാ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔരംഗബാദില്‍ നിന്നുള്ള അധ്യാപിക അഫ്രീന്‍ ഫാത്തിമ സെയ്ദിയുടെ പരാതിയിലാണ് ഉത്തരവ്. ഷാരൂഖ് ചിത്രം ഫാനിലെ 'ജബ്ര ഫാന്‍' സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആയിരുന്നു സെയ്ദിയുടെ പരാതി. ബോളിവുഡ് ഹംഗാമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രമോഷണല്‍ ടീസറില്‍ കണ്ട ഗാനം തിയറ്ററിലെത്തിയപ്പോള്‍ കണ്ടില്ലെന്നായിരുന്നു പരാതി. ന്യായരഹിതമായ വാണിജ്യരീതിയാണ് ഇതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഈ ട്രെയിലര്‍ സോംഗ് കണ്ട് സിനിമ കാണാന്‍ തീരുമാനിച്ചയാളെ നിരാശപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും ജസ്റ്റിസ് വി എസ് ജയിന്‍ വ്യക്തമാക്കി.

സിനിമയുടെ കഥ പറച്ചിലില്‍ പ്രസക്തമായ പാട്ട് ആയിരുന്നില്ല ഇതെന്ന് സംഗീതസംവിധായകരായ വിശാല്‍ ശേഖര്‍ ടീം പ്രതികരിച്ചു. യാഷ് രാജ് ഫിലിംസ് നഷ്ടപരിഹാരത്തില്‍ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലെത്തിയ ഫാന്‍ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. മനീഷ് ശര്‍മ്മയാണ സംവിധായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in