‘അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കില്‍ ഇത് പൂരമാണ് പൂരം’, ഫേസ്ബുക്ക് കുറിപ്പ്

‘അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കില്‍ ഇത് പൂരമാണ് പൂരം’, ഫേസ്ബുക്ക് കുറിപ്പ്

വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' മലയാളിയുടെ കപട സാമൂഹിക ബോധ്യങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രമെന്ന നിലയ്ക്കാണ് ചര്‍ച്ചയായിരിക്കുന്നത്. സോഷ്യല്‍ സറ്റയര്‍ സ്വഭാവത്തിലാണ് ചിത്രം. സമകാലിക മലയാളിയുടെ ആത്മകഥയ്ക്ക് ഒരു ചലച്ചിത്രാമുഖമാണ് സിനിമയെന്ന് എഴുത്തുകാരനും അധ്യാപകനുമായ വി കെ ജോബിഷ്.

മലയാളിയുടെ കപട സദാചാരത്തെ കഴുത്തിനു പിടിച്ചുകുത്തി നിര്‍ത്തിയ ആ സിനിമയോര്‍മ്മയില്ലേ. അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കില്‍ ഇത് പൂരമാണ് പൂരം.! അത്രയേയുള്ളൂ വ്യത്യാസം.

വി.കെ ജോബിഷ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയെക്കുറിച്ച് എഴുതിയത്

സമകാലിക മലയാളിയുടെ ആത്മകഥയ്ക്ക് ഒരു ചലച്ചിത്രാമുഖം.

'നിങ്ങള്‍ മൂന്നു പേര്‍ക്കു വേണ്ടി മാത്രമാണ് ഇന്നീ സിനിമ കളിക്കുന്നത്.' ഇന്നലെ രാത്രി വടകരയിലെ തിയറ്ററിനകത്ത് വന്ന് ടിക്കറ്റ് മുറിച്ച മനുഷ്യന്‍ ഞങ്ങളോടായി പറഞ്ഞ വാക്യമാണിത്.അതെ വെറും മൂന്നു പേര്‍ക്കു വേണ്ടി മാത്രം ഒരു സിനിമ.! പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമൊക്കെയേ ഡോള്‍ബി തിയറ്ററുകളില്‍ ഇത്തരമൊരു അപൂര്‍വ്വാവസരം മുന്‍പ് ഉണ്ടായിട്ടുണ്ടാവുകയുള്ളൂ.!

ആ ഗമയിലാണ് ചിത്രം കണ്ടുതീര്‍ത്തത്. പക്ഷെ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ഈ സിനിമ തീര്‍ച്ചയായും തിയറ്ററിലുണ്ടായിരുന്ന ഞങ്ങള്‍ മൂന്നു പേരെക്കുറിച്ചല്ല.മറിച്ച് മുഴുവന്‍ മലയാളിയെക്കുറിച്ചു മുള്ളതാണ്. തീര്‍ത്തുപറഞ്ഞാല്‍ 'മലയാളി എന്ന ഉഡായിപ്പി'ലേക്കുള്ള ഒരു ഒളിക്ക്യാമറാ നോട്ടമാണ് ഈ ചലച്ചിത്രക്കാഴ്ച. 'വെടിവഴിപാട് ' എന്ന ഒരുഗ്രന്‍ സിനിമയെടുത്ത സംവിധായകന്‍ ശംഭു പുരുഷോത്തമന്റെ രണ്ടാമത്തെ ചിത്രം. അതെ; മലയാളിയുടെ കപട സദാചാരത്തെ കഴുത്തിനു പിടിച്ചുകുത്തി നിര്‍ത്തിയ ആ സിനിമയോര്‍മ്മയില്ലേ. അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കില്‍ ഇത് പൂരമാണ് പൂരം.! അത്രയേയുള്ളൂ വ്യത്യാസം.

ബൈബിളില്‍ എഴുതപ്പെട്ട ഏറ്റവും ഭാരമുള്ള വാക്യങ്ങളിലൊന്നാണ് 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ' എന്നത്.ആ വാക്യം പറയപ്പെട്ട ,എഴുതപ്പെട്ട അന്നുമുതല്‍ നമ്മോടൊപ്പമുണ്ട്. ലോകത്തെ ശിക്ഷിക്കാനും ഉപദേശിക്കാനും തുടങ്ങുന്ന സന്ദര്‍ഭങ്ങളിലൊക്കെ നമ്മുടെ ഉള്ളിലെ മാന്യന്റെ/ മാന്യയുടെ മനസില്‍ മാത്രം ഉയരുകയും താഴുകയും ചെയ്യുന്ന ഒരു കൂറ്റന്‍ വാക്യം. ആ വാക്യത്തിന്റെ ഉയരവും ആഴവുമാണ് ശംഭു പുരുഷോത്തമന്‍ ഈ സിനിമയിലൂടെ കാണിച്ചു തരുന്നത്. ശൈലിയിലും പ്രമേയത്തിലും കാഴ്ചയുടെ മറ്റൊരു വ്യാപ്തിയിലേക്കുള്ള, ജീവിതത്തിലേക്കുള്ള ചലച്ചിത്രോദയം.

പ്രതാപികളായി ജീവിച്ചിരുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം കോടികള്‍ സ്ത്രീധനം വാങ്ങി മറ്റൊരു ഓര്‍ത്തഡോക്‌സ് കുടുംബവുമായി ഉണ്ടാക്കുന്ന വൈവാഹികബന്ധവും അനുബന്ധമായി നടക്കുന്ന സംഭവങ്ങളും ചേര്‍ത്തുവെച്ചാണ് ഈ ആക്ഷേപഹാസ്യ സിനിമ ഒരുക്കിയിരിക്കുന്നത്. ബിസിനസിലുണ്ടായ അപ്രതീക്ഷിത തകര്‍ച്ചമൂലം കടക്കെണിയിലായ ആഡംബര പ്രിയരായിരുന്ന കുടുംബം തങ്ങളുടെ പുറത്തറിയാത്ത ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ അതിസമ്പന്നനായ മാത്തച്ചന്റെ മകളുമായുണ്ടാക്കുന്ന വിവാഹക്കരാര്‍ ഉറപ്പിക്കുന്ന ദിവസവും മനസമ്മത ദിവസവും ചേര്‍ത്തുവെച്ച് അതിനൊപ്പം പുതിയ കാലവും ബന്ധങ്ങളും അതിനെ നിര്‍ണയിക്കുന്ന മൂല്യവ്യവസ്ഥയും ധാര്‍മ്മിക രോഷവുമൊക്കെ വെളിച്ചപ്പെടുന്ന ഒന്നുരണ്ടു ദിവസങ്ങളിലെ കഥ. മറ്റൊരര്‍ത്ഥത്തില്‍ ഓരോരുത്തരും ഒളിപ്പിച്ചു വെച്ചു നടക്കുന്ന ദീര്‍ഘകാലത്തെ കഥ.!

അതില്‍ അമ്മയോ മകനോ പള്ളിയോ അച്ഛനോ അളിയനോ ആരും നിഷ്‌കളങ്കരല്ല. തങ്ങളുടെ ഉള്ള് മറ്റുള്ളവരാല്‍ വെളിച്ചപ്പെടുമ്പോള്‍ ഓരോരുത്തരും കുറ്റവാളികളായിത്തീരുന്ന അസാധാരണത്വം നിറഞ്ഞ നാടകീയത. രോഹന്റെയും ലിന്‍ഡയുടെയും മനസമ്മതത്തിനു കടന്നു വരുന്ന ഒരൊറ്റ മനുഷ്യനെയും ഈ സിനിമ വെറുതെ വിടുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന മലയാളിയുടെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളുടെ അനേകമനേകം അകലോകങ്ങളെ വെളിപ്പെടുത്തി തൊലിയുരിച്ച് പിന്‍വാങ്ങുന്ന ഈ സിനിമ മലയാളിക്കു മുന്നിലെ ഒരു രഹസ്യമറ തന്നെയാണ്.!

പണത്തിനു മീതെ പരുന്തും പറക്കില്ല എന്നും, അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കുമെന്നും മനസമ്മതത്തിനിടയിയില്‍ പള്ളിക്കകത്തുവെച്ച്‌നിന്ന് നാം രണ്ടുപേരില്‍ നിന്നായി കേള്‍ക്കുന്നുണ്ട്. ഇതാണ് ഈ സിനിമയുടെ ഒരു പൊരുള്‍. ഇതിലേക്കു കൂടിയുള്ള വിടര്‍ത്തലാണ് സിനിമയിലെ ഓരോ ദൃശ്യവും. എല്ലാത്തരം അധികാര ബന്ധങ്ങളെയും, കുടുംബ ബന്ധങ്ങളെയും, അംഗീകാരങ്ങളെയും പണമാണ് ഇന്ന് നിര്‍ണയിക്കുന്നതെന്ന് ഈ സിനിമ വിധി പറയുന്നുണ്ട്.

വിവാഹം പോലും വിലകൂടിയ വസ്തുക്കൈമാറ്റത്തിനു തുല്യമായ കച്ചവടം മാത്രമായി അധപതിച്ച രണ്ടു കുടുംബ ജീവിതങ്ങളെയാണ് സിനിമ അഭിസംബോധന ചെയ്തു തുടങ്ങുന്നതെങ്കിലും വിവാഹേതരബന്ധത്തിന്റെ പലതരം ഒളിയിടങ്ങളിലേക്കാണ് അവസാനം ഈ സിനിമ ചെന്നുമുട്ടുന്നത്. അതേസമയം ഈ സിനിമ മനുഷ്യബന്ധങ്ങളുടെ ഒരു സ്വതന്ത്രലോകം തന്നെ സ്വപ്നം കാണുന്നുമുണ്ട്. കാരണം രോഹന്റെയും ലിന്‍ഡയുടെയും വിവാഹനിശ്ചയത്തില്‍ തുടങ്ങുന്ന സിനിമ സമുദായത്തിന്റെ കര്‍ക്കശമായ വിലക്കുകളില്‍പ്പെട്ട് വിവാഹിതരാവാന്‍ കഴിയാതെ പോയ മനുഷ്യര്‍ രഹസ്യമായനുഭവിച്ച ജീവിതങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും ആനന്ദങ്ങളിലേക്കും കൂടിയുള്ള സ്വപ്ന/ സ്വര്‍ഗവാതില്‍ തുറന്നു വെച്ചു കൊണ്ടുകൂടിയാണ് അവസാനിപ്പിക്കുന്നത്.

വെടിവഴിപാടുപോലെ പണിക്കുറ്റം തീര്‍ന്ന സിനിമയാണോ എന്നു ചോദിച്ചാല്‍ അല്ല. മേക്കിംഗിലേക്കു നോക്കിയാല്‍ പ്രേക്ഷകര്‍ക്ക് കല്ലെറിയാനുള്ള അപൂര്‍വ്വം സന്ദര്‍ഭങ്ങളെങ്കിലും ഈ സിനിമ ബാക്കി വെച്ചിട്ടുണ്ട്. അപ്പോഴും മലയാളത്തിലെ പുതുമ നിറഞ്ഞ സ്ഥലത്തുതന്നെ ഈ സിനിമയ്ക്കു നില്‍ക്കാനുള്ള യോഗ്യതയുണ്ട്. കാരണം സിനിമയുടെ പ്രമേയം മലയാളിയുടെ സമകാലിക ജീവചരിത്രമാണ്. ഇത്തരം ജീവചരിത്രങ്ങളുടെ സിനിമാസറ്റയര്‍ മലയാളത്തില്‍ കുറ്റിയറ്റ വംശമാണല്ലോ.!

വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ടിനി ടോം, സൃന്ദ, അനുമോള്‍, സുനില്‍ സുഖദ, മധുപാല്‍ തുടങ്ങിയവരുടെ സാന്നിധ്യം സിനിമയെ മികവുറ്റതാക്കി.കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശത്തില്‍ ഏവരും സുരക്ഷിതര്‍. ജോമോന്‍ തോമസാണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതം ആക്ഷേപഹാസ്യ ചിത്രത്തിനനുയോജ്യമായ രീതിയില്‍ത്തന്നെ നിര്‍വഹിച്ചിട്ടുണ്ട്. ശംഭു പുരുഷോത്തമന്റെ ഒന്നാമത്തെ ചിത്രവും രണ്ടാമത്തെ ചിത്രവും ഒന്നാന്തരം തന്നെ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളിയെക്കുറിച്ച് രണ്ടായിരത്തിന്റെ തുടക്കത്തില്‍ എ.സി ശ്രീഹരി ആറ്റൂരിന്റെ 'ഓട്ടോവിന്‍ പാട്ട് ' എന്ന കവിതയ്ക്ക് 'എവിടെ ലോണ്‍' എന്നൊരു പാരഡിക്കവിത എഴുതിയിരുന്നു. ആ കവിത ലോണെടുത്ത പണം ചേര്‍ത്തുവെച്ച് അഭിമാനമുണ്ടാക്കുന്ന മംഗലശേരി നീലകണ്ഠനിലൂടെ സമകാലികനായ സമഗ്ര മലയാളിയെയാണ് അവതരിപ്പിച്ചത്. എല്ലാം കഴിഞ്ഞ് അവസാനം എല്ലാവരും അയാളെ കല്ലെറിയുന്നു.

'പകല്‍ വെട്ടം പോലെയല്ലോ

നാട്ടുകാരും വീട്ടുകാരും

കെട്ടിയോളും കുട്ടികളും

കല്ലെറിഞ്ഞു.

ലോണുവാങ്ങാത്തോരുമാത്രം

കല്ലെറിഞ്ഞാല്‍ മതിയെന്ന്

നിലവിളിച്ചു നീലകണ്ഠന്‍ '

കടം വാങ്ങിയ പണമുണ്ടാക്കിയ അഭിമാനത്തിനിടയിലൂടെ കയറി വന്ന മലയാളി. ആ പെരുമ പേറുന്ന മലയാളീവര്‍ത്തമാനത്തിന്റെ ഒളിപ്പടര്‍പ്പുകളിലേക്കാണ് ശംഭു പുരുഷോത്തമനും തന്റെ നോട്ടമയച്ചത്. കണ്ടവര്‍ കണ്ടവര്‍ തങ്ങളുടേതു മാത്രമായ പാപബോധത്തിന്റെ വേലിയേറ്റങ്ങളുമായല്ല തിയറ്റര്‍ വിടുക.മറിച്ച് തങ്ങളോരോരുത്തരും എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നല്ലോ എന്നാശ്ചര്യപ്പെട്ടാണ്. ആ ആശ്ചര്യം എന്നിലുമുണ്ടാക്കിയതിന് സംവിധായകനോട് ആദരവ്.

Related Stories

No stories found.
logo
The Cue
www.thecue.in