വനിതയുടെ കവര്‍ ‘ഗേളാ’യി മമ്മൂട്ടി; മാമാങ്കത്തിലെ സ്‌ത്രൈണഭാവം

വനിതയുടെ കവര്‍ ‘ഗേളാ’യി മമ്മൂട്ടി; മാമാങ്കത്തിലെ സ്‌ത്രൈണഭാവം

ബിഗ് ബജറ്റ് പിരീഡ് ചിത്രം മാമാങ്കത്തില്‍ മമ്മൂട്ടി സ്ത്രീ കഥാപാത്രമാകുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും പിന്നീട് അഭ്യൂഹങ്ങളുണ്ടായിരുന്നു. വനിതാ മാഗസിന്റെ കവര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരോ പ്രത്യേകതയോ ഇതുവരെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുറത്തുവിട്ടിരുന്നില്ല. മാമാങ്കത്തിലെ വ്യത്യസ്ഥ വേഷങ്ങളിലൂടെ എന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വനിതാ മാഗസിന്‍ ചിത്രം പങ്കുവച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.

സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. കളരിയും വാള്‍പ്പയറ്റും യുദ്ധവുമെല്ലാം ചിത്രത്തിലുണ്ടെന്നുറപ്പിക്കുന്നതായിരുന്നു സിനിമയുടെ ട്രെയിലര്‍. മമ്മൂട്ടിക്കൊപ്പം, ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരുടെ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നും ട്രെയിലര്‍ സൂചന നല്‍കിയിരുന്നു.

മലയാളം തമിഴ് തെലുങ്ക് ഹിന്ദി പതിപ്പുകളിലായി 2000ലേറെ സ്‌ക്രീനുകളിലാണ് ചിത്രം എത്തുകയെന്ന് നിര്‍മ്മാതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത പശ്ചാത്തലമാക്കിയാണ് സിനിമ. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്.

മനോജ് പിള്ള ക്യാമറയും, ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ സിനിമ തിയറ്ററുകളിലെത്തും. മലയാളത്തില്‍ ഇതേവരെ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന് ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനു സിതാര, പ്രചി തേലാന്‍, കനിഹ,ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഡിസംബര്‍ പന്ത്രണ്ടിനാണ് മാമാങ്കം റിലീസ്. രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് എത്തുന്നത്. മാമാങ്കത്തിന് പുറമേ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ക്രിസ്മസ് റിലീസാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in