‘അഴിമതി ആരോപിക്കുമ്പോള്‍ അത് തെളിയിക്കുവാനുള്ള ബാദ്ധ്യത കൂടിയുണ്ട്’; വിനയന് മറുപടിയുമായി നിര്‍മ്മാതാവ്

‘അഴിമതി ആരോപിക്കുമ്പോള്‍ അത് തെളിയിക്കുവാനുള്ള ബാദ്ധ്യത കൂടിയുണ്ട്’; വിനയന് മറുപടിയുമായി നിര്‍മ്മാതാവ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടത്തിന് പിന്നാലെ സംഘടനാ ഭാരവാഹികള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ച സംവിധായകനും നിര്‍മ്മാതാവുമായ വിനയന് മറുപടിയുമായി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായ അനില്‍ തോമസ്. കെട്ടിട നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത കൂടി വിനയനുണ്ടെന്ന് തുറന്ന കത്തില്‍ അനില്‍ തോമസ് പറഞ്ഞു.

നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് വിനയന്റെ എതിര്‍ പാനലില്‍ മത്സരിക്കുന്ന അനില്‍ തോമസിന്റെ മറുപടി.

ബാങ്ക് ലോണ്‍ എടുക്കാതെ കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ ഫണ്ട് കണ്ടെത്തുവാനായി സൂര്യ ടിവിയുമായി ചേര്‍ന്ന് അവാര്‍ഡ് ഷോ നടത്താനിരിക്കെ മാര്‍ട്ടിന്‍ പൈവ എന്ന അംഗത്തെക്കൊണ്ട് കേസ് കൊടുപ്പിച്ച് സൂര്യാ ടിവിയെ പിന്തിരിപ്പിച്ചതിന്റെ പിന്നില്‍ വിനയനാണെന്നും ഫണ്ട് മുടങ്ങിയപ്പോഴാണ് കെട്ടിടം പണി നീണ്ടു പോയതെന്നും കത്തില്‍ പറയുന്നു.

സംഘടനയുടെ ഭരണഘടനാ പ്രകാരം ബാനറുകള്‍ക്കാണ് അംഗത്വം എന്നതും അതു പ്രതിനിധാനം ചെയ്യുന്ന ആള്‍ക്കാണ് വോട്ടവകാശമെന്നതും താങ്കള്‍ക്ക് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും അതു ചോദ്യം ചെയ്തുകൊണ്ട് വ്യക്തികളെ അംഗങ്ങളായി പരിഗണിച്ച് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട അങ്ങേയുടെ ഭാഷയില്‍ (മള്‍ട്ടിപ്പിള്‍ വോട്ട്) കെ.റ്റി. രാജീവ്, തോമസ്, റ്റി.കെ. രാജീവ് എന്ന ആള്‍ക്കാരെക്കൊണ്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ അങ്ങേക്ക് പങ്കില്ലേ?

അനില്‍ തോമസ്

ഭാരവാഹികളുടെ സിനിമകളുടെ മാത്രം സാറ്റ്‌ലൈറ്റ് വിറ്റു പോകുന്നു എന്ന വിനയന്റെ ആരോപണത്തില്‍ മുന്‍പ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ ചാനല്‍ ഉണ്ടാക്കാനായി വിനയനെ ചെയര്‍മാനാക്കി കമ്മിറ്റി ഉണ്ടാക്കിയിട്ടും ആ സന്ദര്‍ഭം ഉപയോഗിക്കാതെ പോയത് വിനയന്റെ വീഴ്ചയല്ലെയെന്നും കത്തില്‍ ചോദിക്കുന്നു.

നേരത്തെ കെട്ടിടം ഉദ്ഘാടന സമയത്ത് സ്ഥലം വാങ്ങിയ മുന്‍ സെക്രട്ടറിയായ ശശി അയ്യന്‍ചിറയെ സ്റ്റേജില്‍ ഒരു വാക്ക് പോലും സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് നന്ദികേടായിരുന്നുവെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ വിനയന്‍ പറഞ്ഞത്. ശശി അയ്യന്‍ചിറ രണ്ടു കോടിക്കു തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെങ്കില്‍ അതില്‍ അഴിമതിയുടെ സംശയം ആരെങ്കിലും പറഞ്ഞാല്‍ അവരെ തെറ്റുപറയാനാവില്ലെന്നായിരുന്നു വിനയന്‍ കുറിച്ചത്.

ആറ് വര്‍ഷത്തിന് ശേഷമാണ് നാളെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രജപുത്രാ വിഷ്വല്‍ മീഡിയ എന്ന മുന്‍നിര ബാനറിന് പിന്നിലുള്ള എം രഞ്ജിത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും, ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയാ എന്നീ ബാനറുകളുള്ള ആന്റോ ജോസഫ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്ന പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹസീബ് ഹനീഫ്, കല്ലിയൂര്‍ ശശി എന്നിവരും ട്രഷററായി ബി രാകേഷും മത്സരിക്കുന്നു. കലാസംഗം എംഎം ഹംസ, കിരീടം ഉണ്ണി (കൃഷ്ണകുമാര്‍) എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റ് ജി സുരേഷ് കുമാര്‍, മുന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ആല്‍വിന്‍ ആന്റണി, അനില്‍ തോമസ്, മിലന്‍ ജലീല്‍, ജോണി സാഗരിക, ഖാദര്‍ ഹസ്സന്‍, വിബികെ മേനോന്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, മഹാ സുബൈര്‍, ഔസേപ്പച്ചന്‍, ആനന്ദ് പയ്യന്നൂര്‍, സജിത്ത് പല്ലവി, എന്നിവരാണ് പാനലില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.

വിനയന്‍ നേതൃത്വം നല്‍കുന്ന പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിനയനും സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയുമുണ്ട്. മമ്മി സെഞ്ച്വറി ട്രഷറര്‍ സ്ഥാനത്തേക്കും ലിബര്‍ട്ടി ബഷീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, സന്തോഷ് പവിത്രം, നൗഷാദ് ആലത്തൂര്‍, കാവ്യചന്ദ്രികാ അസീസ്, ജോസ് സി മുണ്ടാടന്‍, ജോളി ജോസഫ്, രമേഷ് കുമാര്‍, നെല്‍സണ്‍ ഐപ്പ്, സേവി മനോ മാത്യു എന്നിവര്‍ ഈ പാനലിലുണ്ട്. അറിവ് കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പരിചിതരാണ് ഈ പാനലില്‍ ഉള്ളവരെന്നാണ് വോട്ട് തേടിയുള്ള അവകാശവാദം.

കത്തിലെ പ്രധാന ഭാഗങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in