മണിഹെയ്സ്റ്റും സാല്‍വദോര്‍ദാലിയും: മുഖംമൂടിയായും മുഖംമൂടാതെയും

മണിഹെയ്സ്റ്റും സാല്‍വദോര്‍ദാലിയും: മുഖംമൂടിയായും മുഖംമൂടാതെയും
വര്‍ത്തമാനകാലത്ത് കാണികളെയാകെ ഒരു നിശ്ചലദൃശ്യമാക്കി മാറ്റിയ മണിഹെയ്സ്റ്റെന്ന പരമ്പരയിലൂടെ ദാലി മടങ്ങിവരുമ്പോഴും, ഓര്‍മിപ്പിക്കുന്നത് സ്വാതന്ത്യത്തെപ്പറ്റിയല്ലാതെ മറ്റൊന്നിനെപ്പറ്റിയുമല്ലെന്ന് തോന്നുന്നു. ടി.അരുണ്‍കുമാര്‍ എഴുതുന്നു

ചലിക്കാത്ത ചിത്രങ്ങളാല്‍ കാലത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാല്‍വദോര്‍ ദാലി ഈ ലോക്ക് ഡൗണ്‍ കാലത്ത് ഒരു 'ചലിക്കും ചിത്രപരമ്പര'യിലൂടെയും ലോകത്തിന്റെ മുന്നിലേക്കെത്തിയിരുന്നല്ലോ. നെറ്റ്ഫ്ളിക്സ് പരമ്പരയായ മണിഹെയ്സ്റ്റ് ആരാധകര്‍ ആ മുഖംമൂടിയിലെ കൊമ്പന്‍മീശയെ എങ്ങനെ മറക്കാനാണ് ? വിചിത്രവര്‍ണരൂപങ്ങളാല്‍ കാഴ്ചയെ ഒരു കാലൈഡോസ്‌ക്കോപ്പാക്കിയ ദാലി വീണ്ടുമൊരു ദൃശ്യഖണ്ഡമായി വിവരവിപ്ളവകാലത്തെ കലയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പതിവ് പോലെ മുഖംമൂടിയിലെ ദാലിയുടെ രൂപം നെറ്റ്ഫ്‌ളിക്‌സ് പരമ്പരയുടെ വൈകാരികതലങ്ങളെ ഗുണപരമായിത്തന്നെ സ്വാധീനിച്ചു. ചരിത്രത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന് ഇങ്ങേത്തലയ്ക്കലേക്ക് ദാലിയന്‍ ടച്ചുള്ള ഒരു വിഷ്വല്‍ സ്ട്രോക്ക് !

ഇതിപ്പോള്‍ വീണ്ടുമൊരു മേയ് മാസം. ഒപ്പം തുടരുന്ന ലോക്ക് ഡൗണും. നൂറ്റിപ്പതിനാറ് വര്‍ഷം മുമ്പ് ഒരു മേയിലാണ് ദാലി ജനിക്കുന്നതും. ചിത്രകലയില്‍ സ്വയം പൊട്ടിത്തെറിച്ച ദാലി ജീവിതത്തിലും കലയിലും സ്വാതന്ത്യത്തിന്റെ കൂടി പ്രതീകമായിരുന്നല്ലോ. വര്‍ത്തമാനകാലത്ത് കാണികളെയാകെ ഒരു നിശ്ചലദൃശ്യമാക്കി മാറ്റിയ മണിഹെയ്സ്റ്റെന്ന പരമ്പരയിലൂടെ ദാലി മടങ്ങിവരുമ്പോഴും, ഓര്‍മിപ്പിക്കുന്നത് സ്വാതന്ത്യത്തെപ്പറ്റിയല്ലാതെ മറ്റൊന്നിനെപ്പറ്റിയുമല്ലെന്ന് തോന്നുന്നു. പുറത്ത് ലോക്ക്ഡൗണ്‍ ആണ്. അനുഭവിപ്പിക്കുന്നത് തീര്‍ച്ചയായും തന്റെ ചിത്രങ്ങളിലെഴുതിയ അതേ നിഗൂഢതയെ തന്നെയും.

സര്‍റിയലിസ്റ്റ് ചിത്രകലയിലെ പൊട്ടിത്തെറിയായ ദാലിയെ ആര്‍ക്കാണറിയാത്തത് ? എന്നാല്‍ തന്റെ വിഖ്യാതമായ കൊമ്പന്‍ മീശയെപ്പറ്റി പുസ്തകമെഴുതിയ ദാലിയെ എത്രപേര്‍ക്കറിയാം ? വൈനുകളെപ്പറ്റി പുസ്തകമെഴുതിയ ദാലി, സ്ത്രീകളുടെ സ്വിംസ്യൂട്ടുകള്‍ ഡിസൈന്‍ ചെയ്ത ദാലി, ഹിച്ച്കോക്കുമായി സിനിമയില്‍ സഹകരിച്ച ദാലി. അങ്ങനെ വേറെയുമുണ്ട് ദാലിമാര്‍.

1904ല്‍ സാല്‍വദോര്‍ ദാലി സ്പെയിനില്‍ ആണ് ജനിക്കുന്നത്. ഒരു വര്‍ണബിന്ദുവില്‍ പ്രപഞ്ചത്തിന്റെ വലുപ്പവും മനസ്സിന്റെ സങ്കീര്‍ണകൗതുകകങ്ങളെയും അലിയിച്ചു ചേര്‍ക്കുകയായിരുന്നു ദാലി. അനുപമവും വിചിത്രവുമായ നിറക്കൂട്ടുകളിലൂടെയും രൂപസങ്കല്‍പ്പനങ്ങളിലൂടെയും വരകളുടെ വൈചിത്ര്യങ്ങളിലൂടെയും ദാലി സര്‍റിയലിസ്റ്റ് ചിത്രകലയില്‍ ഒരു ബിംഗ് ബാംഗായി. എരിയുന്ന ജിറാഫിലൂടെയും, ചൂരവേട്ടയിലൂടെയും ലോബ്സ്റ്റര്‍ ടെലിഫോണിലൂടെയും ദാലി കാഴ്ച ഒരു കലൈഡോസ്‌കോപ്പെന്നാണ് തെളിയിച്ചത്. എന്നാല്‍ ഈ ചെറുകുറിപ്പ് പ്രധാനമായും ദാലിയുടെ ചിത്രകലയെപ്പറ്റിയല്ല മറിച്ച് മറ്റു ചില കൗതുകങ്ങളെപ്പറ്റിയാണ്.

ദാലി ഒരു പുനര്‍ജന്‍മം !

ചിത്രകലയിലെ മാത്രമല്ല, ജീവിതത്തിലെയും ചില ഉന്‍മാദസങ്കല്‍പ്പങ്ങള്‍ ദാലിയെ വരച്ചിടുന്നുണ്ട്. ദാലിയുടെ കൊമ്പന്‍മീശ പോലെ തന്നെ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു ആ ജീവിതവും. തന്റെ മരിച്ചുപോയ മൂത്ത സഹോദരന്റെ പുനര്‍ജന്‍മമാണ് താനെന്ന് ദാലി ഉറച്ചു വിശ്വസിച്ചിരുന്നത്രേ. ദാലിയെക്കാള്‍ മൂന്ന് വയസ്സിന് മൂപ്പുണ്ടായിരുന്ന ഈ സഹോദരന്റെ പേരും സാല്‍വദോര്‍ ദാലി എന്ന് തന്നെ ആയിരുന്നു! ദാലി ജനിക്കുന്നതിന് ഒമ്പത് മാസം മുമ്പ് മാത്രമാണ് ഈ ' സാല്‍വദോര്‍ ദാലി ' മരിച്ചു പോവുന്നത്. തുടര്‍ന്ന് ജനിച്ച ദാലി ഈ കുട്ടിയുടെ പുനര്‍ജന്‍മമാണെന്ന് മാതാപിതാക്കള്‍ വിശ്വാസിക്കുകയും കാലക്രമേണ ഈ വിശ്വാസം ദാലിയിലേക്ക് പകരപ്പെടുകയുമായിരുന്നു. ദാലിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സഹോദരന്റെ കുഴിമാടം കാണിക്കുവാന്‍ അച്ഛനുമമ്മയും ദാലിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്നവര്‍ ഈ വിശ്വാസം ദാലിയുമായി പങ്കുവയ്ക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ താന്‍ ജനിച്ച സ്പാനിഷ് പട്ടണമായ ഫിഗുറേയില്‍ നിന്നും ദാലി മാഡ്രിഡിലെ ഒരു അക്കാദമിയിലേക്ക് ചിത്രകല പഠിക്കാനായി വരുകയായിരുന്നു. തുടര്‍ന്ന് ഈ അക്കാദമിയിലെ ഏറ്റവും പ്രശ്നക്കാരനായ വിദ്യാര്‍ത്ഥിയായി വളരെപ്പെട്ടന്ന് തന്നെ ദാലി മാറി. വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തെന്നാരോപിച്ച് ദാലിയെ അധി:കൃതര്‍ ഒരു പ്രാവശ്യം പുറത്താക്കി. പിന്നീട് മാപ്പുനല്‍കി ദാലിയെ തിരിച്ചെടുത്തു. ദാലി പക്ഷെ മിടുക്കനായിരുന്നു. വീണ്ടും അതേ കുറ്റത്തിന് അധി:കൃതര്‍ക്ക് ദാലിയെ പിന്നെയും പുറത്താക്കേണ്ടി വന്നു ! ഇത്തവണ അത് എല്ലാക്കാലത്തേക്കുമായിട്ടായിരുന്നു എന്ന് മാത്രം.

ദാലിക്ക് 25 വയസ്സ് പ്രായമുള്ളപ്പോഴാണ് തന്റെ ഭാവിവധുവായ ഗാല എന്ന എലീനയെ കണ്ടുമുട്ടുന്നത്. ദാലിയെക്കാള്‍ പത്ത് വയസ്സ് പ്രായക്കൂടുതലുണ്ടായിരുന്നു എലീനയ്ക്ക്. അതിനുമപ്പുറം ഉറ്റചങ്ങാതിയായ പോളിന്റെ ഭാര്യയുമായിരുന്നു അവര്‍. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയും ദാലി എലീനയെ പാരീസില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. 1934 -ല്‍ ദാലിയുടെ മുപ്പതാം വയസ്സിലായിരുന്നു ഈ വിവാഹം.

ചെക്കിന് പകരം ചിത്രങ്ങള്‍ !

പ്രശസ്തനായതോടെ ദാലിക്ക് പലതരത്തിലുള്ള സ്വീകാര്യതകളും വന്നുചേര്‍ന്നു. ഇതിന് അനുബന്ധമായി പലതരത്തിലുള്ള ബാധ്യതകളും, പ്രത്യേകിച്ച് സാമ്പത്തികബാധ്യതകള്‍, വന്നുചേരുമല്ലോ. എന്നാല്‍ സ്വന്തം നിലയ്ക്ക് ലോകത്ത് വളരെ അപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമാകുന്ന തരത്തില്‍ ദാലി ഇതിനെ മറികടന്നിരുന്നു. റസ്റ്ററന്റ് ബില്ലുകള്‍ അതിര് കടക്കുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ ദാലി കണ്ടെത്തിയ കുറുക്കുവഴി രസകരമാണ്. ബില്ലുകള്‍ സ്വീകരിക്കുന്ന ദാലി കാശ് ഇല്ലാത്ത സാഹചര്യങ്ങളില്‍ അത് പേ ചെയ്യില്ല. പകരം തുകയ്ക്കുള്ള ചെക്ക് കൊടുത്തയക്കും. ഈ ചെക്കിന്റെ പിന്നില്‍ ദാലി ഒരു ചിത്രം കൂടി വരച്ചിട്ടുണ്ടാവും. ദാലിയുടെ ചിത്രത്തിന്റെ വിലയറിയാവുന്ന ഭക്ഷണശാല ഉടമകള്‍ ഈ ചെക്ക് ബാങ്കിലേക്ക് കൊടുത്തയക്കില്ല. പകരമവരത് സൂക്ഷിച്ചു വയ്ക്കും. ദാലിയും അത്രയേ ഉദ്ദേശിച്ചിട്ടുമുണ്ടാവൂ !

വിചിത്രചിത്രങ്ങള്‍ , വിചിത്രമാര്‍ഗ്ഗങ്ങള്‍ !

വിചിത്രങ്ങളായ നിറക്കൂട്ടുകളിലും രൂപസങ്കല്‍പ്പങ്ങളിലും അഭിരമിച്ച ദാലി യഥാര്‍ത്ഥ്യങ്ങളെ അമൂര്‍ത്തഭാവനകളിലേക്ക് പരുവപ്പെടുത്താനായി വിചിത്രമായ മാര്‍ഗ്ഗങ്ങളാണ് രചനാവേളകളില്‍ അവലംബിച്ചിരുന്നത്. സര്‍ഗ്ഗഭാവനയെ ഉത്തേജിപ്പിക്കാന്‍ ലഹരിവസ്തുക്കള്‍ക്ക് കഴിയുമെന്ന് ദാലി വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മദ്യമോ മറ്റ് ലഹരികളോ ചിത്രരചനാര്‍ത്ഥം ദാലി ഉപയോഗിച്ചിരുന്നില്ല. ഏതെങ്കിലും ഒരു ബിന്ദുവിലേക്കോ വസ്തുവിലേക്കോ ദീര്‍ഘനേരം തുറിച്ചു നോക്കിയിരിക്കലാണ് ദാലി അവംലംബിച്ചിരുന്ന ഒരു മാര്‍ഗം. ഇതിലൂടെ മനസ്സ് ചെന്നെത്തുന്ന കുഴഞ്ഞുമറിയലില്‍ നിന്ന് ദാലി ചില രൂപസങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും അത് കാന്‍വാസിലേക്ക് പകര്‍ത്തുകയുമാണ് ചെയ്തിരുന്നത്. ഒപ്പം കൈയ്യിലൊരു സ്പൂണുമായി ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ സ്ഥിതി ചെയ്യാനുള്ള മാര്‍ഗവും അദ്ദേഹം കണ്ടെത്തിയിരുന്നു. ഉറങ്ങിത്തുടങ്ങുമ്പോള്‍ കൈയ്യിലെ സ്പൂണ്‍ മടിയില്‍ വച്ചിരിക്കുന്ന ലോഹപ്പാത്രത്തിലേക്ക് വീഴും. അപ്പോള്‍ ദാലി ഉണരും. പിന്നെയും ഇത് തുടരും. അങ്ങനെ ഒരു സവിശേഷമാനസികാവസ്ഥയിലെത്തിയും ദാലി ഇമേജുകള്‍ മനസ്സില്‍ രൂപപ്പെടുത്തിയെടുത്തിരുന്നു.

ഫ്രാന്‍സിലെത്തിയ ശേഷമാണ് ദാലി വിഖ്യാത മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡിനെ വായിക്കാനാരംഭിക്കുന്നത്. സ്വപ്നങ്ങളെപ്പറ്റിയുള്ള ഫ്രോയിഡിയന്‍ നിരീക്ഷണങ്ങളും സങ്കല്‍പ്പങ്ങളിലും ദാലിയില്‍ അതിതീവ്രമായ സ്വാധീനമാണ് ചെലുത്തിയത്. തന്റെ ചിത്രകലയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ കണ്ടെത്തലായിരുന്നു ഫ്രോയിഡെന്ന് ദാലി പിന്നീട് പറഞ്ഞിട്ടുണ്ട്.

പേടിയിലും ചിരിയിലും സിനിമയിലെ ദാലി !

ചിത്രകലയിലെ ഇതിഹാസമായിരുന്ന ദാലി മറ്റൊരു ദൃശ്യകലയായ സിനിമയ്ക്ക് വേണ്ടിയും സമയം ചെലവഴിച്ചിട്ടുണ്ട്. 1940-കളില്‍ ലോകസിനിമയുടെ 'സസ്പെന്‍സ് ' ആയിരുന്ന സാക്ഷാല്‍ ഹിച്ച്കോക്ക് ദാലിയെ സമീപിച്ചു. തന്റെ പുതിയ ചിത്രമായ സ്പെല്‍ബൗണ്ടിന് വേണ്ടിയായിരുന്നു ഹിച്ചകോക്ക് ദാലിയെ സമീപിച്ചത്. സെപല്‍ബൗണ്ടിലെ ചില സ്വപ്നരംഗങ്ങള്‍ അനുപമമായി രൂപപ്പെടുത്താന്‍ ദാലിയുടെ ഭാവന ഹിച്ച്കോക്കിന് ആവശ്യമായിരുന്നു. പിന്നീട് മറ്റൊരു വിഖ്യാത ചലച്ചിത്രകാരനായിരുന്ന ത്രൂഫോയുമായുള്ള ഒരഭിമുഖത്തില്‍ ഹിച്ച്കോക്ക് ദാലിയുമൊത്തുള്ള ഈ സര്‍ഗ്ഗാനുഭവം വിശദമായി പറയുകയുണ്ടായി. എന്നാല്‍ ഹിച്ച്കോക്കിന് വേണ്ടതിലുമധികം സര്‍റിയലിസവും അമൂര്‍ത്തതയും കൂടിച്ചേര്‍ന്നതായിരുന്നു ദാലിയുടെ ഭാവനകളെന്നതിനാല്‍ ഹിച്ച്കോക്കിന് അവ പ്രതീക്ഷിച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായില്ല. ഇതേ കാലയളവില്‍ തന്നെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍മാരായിരുന്ന വാള്‍ട്ട് ഡിസ്നിയും ദാലിയെ സമീപിച്ചിരുന്നു. ഡെസ്റ്റിനോ എന്ന ആനിമേഷന്‍ ചിത്രത്തിലേക്ക് ദാലിയെ ക്ഷണിക്കുകയായിരുന്നു ഡിസ്നി. ദാലി ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറാവുകയും ചിത്രങ്ങള്‍ വരച്ചു തുടങ്ങുകയും ചെയ്തു. എന്നാല്‍ സാമ്പത്തികപ്രശ്നങ്ങള്‍ കാരണം ഡിസ്നി ഡെസ്റ്റിനോ എന്ന പ്രൊജക്ട് പിന്നീട് ഉപേക്ഷിച്ചു.

ദാലിയുടെ മീശപ്പുസ്തകം !

വിഖ്യാതമായ ദാലിയുടെ കൊമ്പന്‍മീശ ദാലിച്ചിത്രങ്ങളോളം തന്നെ ലോകത്തിന് സുപരിചിതമാണ്. ദാലിയുടെ രൂപപരമായ കൈയ്യൊപ്പായി ഈ മീശ മാറുകയായിരുന്നു. ഈ മീശയെപ്പറ്റി മാത്രം ഒരു പുസ്തകം പിന്നീട് ദാലി തന്നെ രചിക്കുകയുണ്ടായി !

1954ല്‍ ഫോട്ടോഗ്രാഫര്‍ ഫിലിപ്പി ഹാള്‍സ്മാനുമായി ചേര്‍ന്ന് ദാലി പുറത്തിറക്കിയ പുസ്തകത്തിലെ പ്രധാനവിഷയം ഈ മീശയായിരുന്നു. ദാലിയുടെ മീശയുടെ 25 വ്യത്യസ്തചിത്രങ്ങളാണ് ഈ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. ദാലിയുടെ മീശ : ഒരു ദൃശ്യാഭിമുഖം എന്ന് പേരിട്ട ഈ പുസ്തകം ദാലിയുടെ മീശച്ചിത്രം, ഫോട്ടോഗ്രാഫറുടെ ഒരു ചോദ്യം, അതിന് ദാലിയുടെ ഉത്തരം എന്ന രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരുന്നത്.

ഇത് കൂടാതെ ദാലി ഒരു പാചകപുസ്തവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ലെസ് ഡൈനേഴ്സ് ഡി ഗാല എന്നാണീ പുസ്തകത്തിന്റെ പേര് ! അതുപോലെ വൈനുകളെപ്പറ്റിയും ദാലി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. പേര് ദി വൈന്‍സ് ഓഫ് ഗാല !

ദാലിയും സ്ത്രീകളുടെ നീന്തല്‍ വസ്ത്രങ്ങളും !

ഫാഷന്‍മേഖലയിലും ദാലി കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു. ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ ദാലി രൂപകല്‍പന ചെയ്ത സ്ത്രീകകളുടെ സ്വിസ്യൂട്ടുകള്‍ പ്രശസ്തങ്ങളാണ്. ഒരു ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറുമായി സഹകരിച്ചാണ് ദാലി തന്റെ ചിത്രങ്ങളുടെ മാതൃകയെ ആധാരമാക്കി സ്ത്രീകളുടെ നീന്തല്‍ വസ്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. വോഗ് അടക്കമുള്ള പ്രശസ്ത ഫാഷന്‍ മാസികകളില്‍ ദാലിയുടെ സ്വിംസ്യൂട്ട് ധരിച്ചുള്ള മോഡലുകളുടെ ചിത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

സ്വയം മരണമ്യൂസിയം പണിത ദാലി !

ഒരിക്കല്‍ ദാലിയുടെ ജന്‍മനാട്ടിലെ മേയര്‍ ദാലിയോട് കുറച്ചു ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പട്ടണത്തിലെ മ്യൂസിയം പുനരുദ്ധരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ ദാലി ചിത്രങ്ങള്‍ നല്‍കുക മാത്രമല്ല ചെയ്തത്. മുന്‍സിപ്പല്‍ തിയേറ്റര്‍ മൊത്തമായി പൊളിച്ചുപണിത് പുതിയൊരു മ്യൂസിയമാക്കി മാറ്റിത്തീര്‍ത്തു അദ്ദേഹം. തനിക്കും തന്റെ ചിത്രങ്ങള്‍ക്കുമായി പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ട ആദ്യ മ്യൂസിയമായി അദ്ദേഹമതിനെ മാറ്റുകയും സ്വന്തം ചിത്രങ്ങളുടെ അപൂര്‍വപ്രദര്‍ശനത്താലത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാനനാളുകള്‍ ദാലി കഴിച്ചു കൂട്ടാനിഷ്ടപ്പെട്ടത് ഇവിടെ ആയിരുന്നു. 1989-ല്‍ ദാലി ജീവന്‍ വെടിഞ്ഞതും ഇവിടെ വച്ചു തന്നെയായിരുന്നു. തന്റെ വിസ്മയചിത്രങ്ങള്‍ക്ക് നടുവില്‍, ദാലി സ്വയമൊരു സര്‍റിയലിസ്റ്റ് ചിത്രമായി മാറി.

ഇനി നമ്മള്‍ ചോദിക്കുക, മണിഹെയ്സ്റ്റില്‍ ദാലി എത്തരത്തിലാണ് ബന്ധപ്പെടുന്നത് ? അതിന് നമ്മള്‍ സര്‍റിയലിസത്തെപ്പറ്റി ദാലി പറഞ്ഞൊരു വാചകമെന്തെന്ന് അറിയേണ്ടതായുണ്ട് . അതിതാണ് : സര്‍റിയലിസം നശീകരണശേഷിയുള്ളതാണ്. പക്ഷെ അത് നശിപ്പിക്കുന്നത് നിങ്ങളുടെ കാഴ്ചയുടെ പരിമിതിയാണെന്ന് മാത്രം.

മണിഹെയ്സിറ്റിലെ കൊള്ളകള്‍ പ്രത്യക്ഷാര്‍ത്ഥത്തിലല്ല, അതിനമപ്പുറത്തേക്കുള്ള മാനങ്ങളില്‍ കാണികള്‍ കാണേണ്ടതുണ്ടെന്നാണ് ദാലി മുഖം മൂടിയിലിരുന്ന് പറയുന്നത്. അതൊരു സൂചനയാണ്. മണിഹെയ്സ്റ്റിന്റെ റിയലിസത്തിനുമപ്പുറത്തേക്ക്, നിങ്ങളുടെ കാഴ്ചകളുടെ പരിമിതിയെ തകര്‍ത്ത് നിങ്ങളെത്തേണ്ടതുണ്ടെന്ന സൂചന. ദാലിയിലൂടെ മറ്റൊരു മണിഹെയ്സ്റ്റ് നിങ്ങള്‍ക്കൊരുപക്ഷേ കാണാനായേക്കും.