ഗപ്പി കഥകള്‍ 

ഗപ്പി കഥകള്‍ 

'ധാരണാപ്പിശക്

"നീ പറയുന്നതെല്ലാം തെറ്റാണ്, നിൻ്റെ ധാരണകൾ നീ തിരുത്തണം."

"എന്തേ അങ്ങനെ പറയാൻ?"

" കാരണം നീ ചെറിയ കുട്ടിയല്ലേ, ഞാനെത്ര ലോകം കണ്ടതാ "

"ശരി, തിരുത്താം.. പക്ഷെ ഒരു നിബന്ധന."

"എന്താ?"

"ഞാൻ പറയുന്നത് അച്ഛനും തിരുത്തണം."

"ഏയ്.. അത് പറ്റില്ല "

"അതെന്താ?"

"ഞാൻ പറഞ്ഞല്ലൊ.. ഞാൻ കുറെ ലോകം കണ്ടതാണെന്ന് "

"ശരി ശരി.. നമുക്ക് ഒരു ഒത്തു തീർപ്പിലെത്താം "

"എന്ത്?"

"തിരുത്തലിന് മുൻപ് നമുക്ക് ഒരു ചർച്ച നടത്താം.. എന്നിട്ട് നമുക്ക് നോക്കാം ഏതാണ് ശരിയെന്ന് "

"Agree.. പക്ഷെ ഒരു കാര്യം നീ മറക്കരുത്."

"എന്ത്?"

"ഞാനെത്ര ലോകം കണ്ടതാണെന്ന കാര്യം.. "

'സ്വർഗ്ഗത്തിൽ ഒരു പ്രഭാതസവാരി

"ഇവിടിപ്പോ എങ്ങനാ അച്ചോ കാര്യങ്ങളൊക്കെ?"

അച്ചൻ തല ചരിച്ച് ദൈവത്തെ നോക്കി.

ദൈവം പെട്ടെന്ന് കണ്ണ് ചുളിച്ച് അച്ചനെയും നോക്കി.

അച്ചന് പെട്ടെന്ന് കാര്യം മനസ്സിലായി, അച്ചൻ വാചകം തിരുത്തി.

"അല്ല ഞാൻ ഉദ്ദേശിച്ചത് ദൈവം എന്നാ.. പറഞ്ഞ് വന്നപ്പൊ അച്ചൻ എന്നായിപ്പോയി, ക്ഷമിക്കണം, ശീലമായിപ്പോയി ,എടവകേലെ പഴക്കം."

" പത്രോസെ, ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അച്ചാന്നും ഒന്നും വിളിക്കരുത് എന്ന്.. നമുക്ക് മതവും ജാതിയും ഇല്ലെന്ന് നിന്നോട് ഞാൻ നൂറുവട്ടം പറഞ്ഞിട്ടുണ്ട്.. എന്നെ വെറുതെ നിന്റെ സഭക്കാരനാക്കാൻ നോക്കണ്ട "

പത്രോസ് തല ഒന്ന് കുനിച്ച് "സോറി " എന്ന് പറഞ്ഞു.

" ആ ശ്ശൈരി വേഗം നടക്ക്.. നല്ല മഞ്ഞുണ്ട്..പ്രഭാതസവാരി പെട്ടെന്ന് തീർത്തില്ലെങ്കിൽ വല്ല പനീം പിടിക്കും.. കൊണ്ട് പോകാൻ ഇവിടെ നിന്റെ നാട്ടിലെപ്പോലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയൊന്നുമില്ല, ആംബുലൻസും"ദൈവം ഇത്രയും പറഞ്ഞ് കൈകൾ രണ്ടും ഒന്നു കുടഞ്ഞു.

"നല്ല പൊക്കം " പത്രോസ് ചോദിച്ചു "അല്ല ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്, എത്രയാ അങ്ങുന്നിന്റെ ഹൈറ്റ്?"

"ഹ..ഹ.."ദൈവം കുലുങ്ങിക്കുലുങ്ങി ചിരിച്ചു.

"ഇന്നു വരെ ഒരുത്തനും ചോദിച്ചിട്ടില്ലാത്ത ചോദ്യം.. എനിക്ക് തന്തയുണ്ടോ എന്ന് വരെ ചോദിച്ചിട്ടുണ്ട് ചിലർ, പക്ഷെ ഹൈറ്റ് എത്രയെന്ന് ആദ്യമായിട്ടാ ഒരു മനുഷ്യൻ ചോദിക്കുന്നത്. "

പത്രോസ് കിളി പോയത് പോലെ തലയുയർത്തി ദൈവത്തെ നോക്കി.

"എന്താപ്പോ ഞാൻ ചോദിച്ചത്..what a stupid question I asked.. ങാ സാരമില്ല.. സർവ്വ ഉത്തരവാദിത്തവും ഇങ്ങേർക്ക് തന്നെയാണല്ലൊ.. ഇങ്ങനെ ഒക്കെ എന്നെക്കൊണ്ട് ചോദിപ്പിക്കുന്നതും ഇങ്ങേര് തന്നെയായിരിക്കും.. എനിക്കെന്താ?"

പത്രോസും കൈ ഒന്നു കുടഞ്ഞു.

ദൈവം ഒന്നു നിന്നു.എന്നിട്ട് എന്തോ ആലോചിച്ചു മേലേയ്ക്ക് നോക്കി.പത്രോസ് ദൈവത്തെ അത്ഭുതത്തോടെ നോക്കി. ഒരു ഉത്തരം പറയാൻ ഇങ്ങേർക്കും ആലോചിക്കണോ.

''സിക്സ് ഫീറ്റ് ഫൈവ് ഇൻഞ്ചസ്.. അതായത് ആറടി അഞ്ചിഞ്ച് "

"അയ്യേ " പത്രോസ് അറിയാതെ പറഞ്ഞു പോയി.

"എന്താടാ ഒരു പുച്ഛം.. ഇത്രേം പോരെ?"

"അല്ല ഞങ്ങടെ നാട്ടിൽ മൈക്കൽ ജോർദാന് ആറടി ആറിഞ്ച് ഉണ്ട്"

ദൈവം നിസ്സംഗനായി പത്രോസിനെ നോക്കി.

" ആ, മനസ്സിലായി.. ദൈവംന്ന് പറയുമ്പോ ഒരു പത്തടി കേറ്റി പറഞ്ഞാലേ ഒരു സമാധാനം ഉള്ളൂ അല്ലേ.. സ്വല്പം കൂട്ടിയടിച്ചാലേ ശരിയാകൂ അല്ലേ, അതാ ശീലം.. ഇങ്ങടെ പുസ്തകങ്ങളൊക്കെ ഞാൻ കണ്ടിട്ടുണ്ട്, എനിക്കറിയാം.. ഹ..ഹ " ദൈവം വീണ്ടും കുലുങ്ങിച്ചിരിച്ചു.

"അല്ല, ഇവിടിപ്പം കള്ളത്തരവും പ്രശ്നങ്ങളൊന്നും ഇല്ലായിരിക്കും അല്ലേ.. സ്വർഗ്ഗമല്ലേ."

ദൈവം വീണ്ടും ഒന്ന് നിന്നു.

പത്രോസ്സും ഒന്ന് നിന്നു.

"നീ നിന്റെ പേഴ്സ് എടുക്ക്."

പത്രോസ് കീശയിൽ നിന്നും പേഴ്സെടുത്തു.

''ആ, ഇനിയും അത് ഈ റോഡിലിട്.. ന്നിട്ട് നമുക്ക് മാറി നിന്ന് നോക്കാം ആരെങ്കിലും എടുക്കുവോന്ന്.. "

പത്രോസ് അത് പോലെ ചെയ്തു. എന്നിട്ട് രണ്ട് പേരും ഒരു പൊന്തയ്ക്ക് പിന്നിൽ ഒളിഞ്ഞിരുന്നു. കുറെയാളുകൾ അത് വഴി പോകുന്നത് പത്രോസ് കണ്ടു. പക്ഷെ അത്ഭുതം ഒരുത്തൻ പോലും പേഴ്സ് എടുക്കുന്നില്ല. പത്രോസിന് സന്തോഷമായി.

" അപ്പോ.. സ്വർഗ്ഗം സ്വർഗ്ഗം തന്നെ "

അവർ രണ്ടു പേരും പേഴ്സുമെടുത്ത് നടത്തം തുടർന്നു.

"എന്നാലും ഇതെങ്ങനെ സാധിക്കുന്നു പ്രഭോ.. അങ്ങ് ഇവിടുള്ളവർക്ക് കൗൺസലിംഗ്‌ ഒക്കെ കൊടുക്കാറുണ്ടോ?"

ദൈവം നടത്തം നിർത്തി.

തന്റെ തീ പാറുന്ന കണ്ണുകൾ കൊണ്ട് പത്രോസ്സിനെ നോക്കി.

പത്രോസ് ഭയന്ന് വിറച്ചു.

അവിവേകം ചോദിച്ചതിൽ പത്രോസ് പശ്ചാതപിച്ചു.

ദൈവം പല്ലു ഞെരിച്ചു.

ആ കൂട്ടിപ്പിടിച്ച പല്ലുകൾക്കിടയിലൂടെ ഒരു വാചകം പുറത്ത് വന്നു.

" കൗൺസലിംഗ് കൊടുത്തു നോക്കി..എവിടെ നന്നാവാൻ..CCTV.. എല്ലാടത്തും വച്ചിട്ടുണ്ട്.. വേറെ രക്ഷയില്ല."

തുരങ്കം കഥ പറയുന്നു

വേദപഠന ക്ലാസ്സ് കഴിഞ്ഞ് വേണ്ടപ്പെട്ട പോയിന്റുകളും നോട്ടുകളും കുറിച്ചെടുത്ത് ഇരുട്ടി വീട്ടിലെത്തി ഭയഭക്തിയോടെ ഉറുമീസ് വേദഗ്രന്ഥം ഭദ്രമായി മേശമേൽ വച്ച് കഞ്ഞിയും ചുട്ട പപ്പടവും കടുമാങ്ങയും കഴിച്ച് ഉറങ്ങി.

ഉറക്കത്തിന്റെ പടവുകളിലൂടെ എപ്പോഴോ ഗാഢനിന്ദ്രയിലേയ്ക്ക് ഊർന്നിറങ്ങവേ ഉറുമീസ് "കിർ..കിർ..കിർ '' എന്ന വിരസമായ ഒരു ഒച്ച കേട്ടുണർന്നു. തലപൊക്കി ചുറ്റും നോക്കി .അപ്പോൾ ദാ കട്ടിലിനോട് ചേർന്നു കിടക്കുന്ന മേശയുടെ വശത്ത് നിന്നുമാണ് ഒച്ചവരുന്നത്. ഉറുമീസ് കൈ നീട്ടി മേശപ്പുറത്ത് തപ്പി തപ്പി ടേബിൾ ലാമ്പിന്റെ സ്വിച്ചമർത്തി. അരണ്ട വെട്ടം തെളിഞ്ഞു.

നോക്കുമ്പോ വിശുദ്ധ ഗ്രന്ഥം തുറന്നിരിക്കുന്നു. ആദ്യത്തെ പേജുകളാണ്.

6000 വർഷം മുൻപുള്ള ദൈവത്തിന്റെ ഭൂമിയുടെ സൃഷ്ടിയുടെ വിവരണങ്ങൾ വിവരിക്കുന്ന ഭാഗമാണ്. ആ പേജിന്റെ പുറത്ത് നോക്കിയപ്പോൾ ഒരു കറുത്ത ഗർത്തം താഴേയ്ക്ക്.ഒരു തുരങ്കം പോലെ.

താഴേയ്ക്ക് നീളുന്ന ഒരു തുരങ്കം. ഉറുമീസ്

തല ചെരിച്ച് തുരങ്കത്തിനരികെ ചെവി വച്ച് ശ്രദ്ധിച്ചു. ഉള്ളിൽ നിന്നും നിഗൂഢമായ എന്തൊക്കെയോ ശബ്ദങ്ങൾ.

"Some mysterious sounds"

ഉറുമീസ് പിറുപിറുത്തു.

"ആരാ അവിടെ?" ഉറുമീസ് ഉറക്കെ ചോദിച്ചു.

" കിർ.. കിർ.." എന്ന ശബ്ദം മാത്രം.

"മനസ്സിലാകുന്നില്ല, ആരാന്നാ ചോദിച്ചത്?"

തുരങ്കം ഉത്തരം നൽകി:

"പാറ്റ, .. ഫ്രം 235 മില്യൺ ഇയേഴ്സ് എഗോ "

ഉറുമീസ് ഞെട്ടി: "അപ്പോ ദിനോസോറസ് "

"ഉവ്വ്, പണ്ട് കണ്ടിട്ടുണ്ട് "

ഒരു പാറ്റ തുരങ്കത്തിൽ നിന്ന് കയറി വന്ന് ഉറുമീസിനെ പുച്ഛഭാവത്തിൽ നോക്കി പുസ്തകത്തിനു മേൽ തന്റെ ആറു കാലുകളിൽ ഒന്ന് വിരിഞ്ഞ് നിന്നു. ശേഷം ഒന്നു ചിറക് കുടഞ്ഞിട്ട് അടുത്തുള്ള ഭിത്തിയിലേയ്ക്ക് പറന്ന് പോയി.

'അർജ്ജുനന്റെ പ്രശ്നം '

"അപ്പാപ്പൻമാർ, ആശാൻ, കസിൻസ്...

ഇക്കണ്ട ആളുകളെ മുഴുവൻ ഞാൻ കൊല്ലണോ കൃഷ്ണാ.... നിക്ക് വയ്യാ.. "

അർജ്ജുനൻ കുത്തിയിരുന്നു..

" ഒരുങ്ങിക്കെട്ടി വന്നിട്ട് നീ ചുമ്മാ തമാശ പറയല്ലേ

അർജ്ജുനാ..."

"എന്നെ കൊണ്ട് പറ്റൂല്ല... കൈയ്യും കാലും തളരുന്നു.. "

കൃഷ്ണൻ പറഞ്ഞു: "നിയ്യ് ഒരു കാര്യം ചെയ്യ് ..വില്ല് കുലച്ച് ഉന്നം പിടിച്ച് അങ്ങോട്ട് നോക്ക്.. "

" ശരി" അജ്ജുനൻ അനുസരിച്ചു..

" ഇപ്പോ നീയെന്തു കാണുന്നു..?"

"മുന്നേ പറഞ്ഞ ടീമിനെ തന്നെ... "

ഒന്നൂടെ സൂക്ഷിച്ച് നോക്കിക്കേ... കൃഷ്ണൻ അക്ഷമനായി..

"ശരി കൃഷ്ണാ "

" ഇപ്പോഴാ പാർത്ഥാ?"

"ഇപ്പോ കുറെ കഴുത്തുകൾ മാത്രം കാണുന്നു "

"ശരി... ഇനി ഒന്നും നോക്കണ്ട.. തുടങ്ങിക്കോ..!"

Related Stories

No stories found.
logo
The Cue
www.thecue.in