മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആനുകൂല്യം തട്ടിയെടുക്കുന്നു; വ്യാജ പ്രചരണങ്ങള്‍ക്ക് ജലീലിന്റെ മറുപടി

മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആനുകൂല്യം തട്ടിയെടുക്കുന്നു; വ്യാജ പ്രചരണങ്ങള്‍ക്ക് ജലീലിന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഗജനാവില്‍ നിന്ന് കോടികള്‍ കൊടുക്കുന്നു, സര്‍ക്കാരാണ് മദ്രസ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത്, ഇതിന് പുറമെ അവര്‍ക്ക് പെന്‍ഷനും കൊടുക്കുന്നു എന്നുള്ളതായിരുന്നു ഇതില്‍ പ്രധാനം.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആവശ്യമേ ഇല്ല എന്ന തരത്തിലും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കൂടിയായിരുന്ന കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെയും വാട്സ് ആപ്പിലൂടെയും നടന്ന അവാസ്തവ പ്രചരണങ്ങളും അവയ്ക്ക് ഫെയ്സ്ബുക്കിലൂടെ കെ.ടി ജലീല്‍ നല്‍കിയ വിശദീകരണവും ക്രോഡീകരിക്കുകയാണ് ഇവിടെ.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി നിയമിക്കപ്പെട്ടിരുന്നു. ആ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രസ്തുത കമ്മിറ്റി സമഗ്രമായ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചില നടപടികളിലേക്ക് കടന്നു. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലുള്‍പ്പടെ സാമൂഹ്യ രംഗങ്ങളില്‍ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് സച്ചാര്‍ കമ്മിറ്റി തെളിവുകളെ ആധാരമാക്കി കണ്ടെത്തിയിരുന്നു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്നതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ വിഎസ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു കെ.ടി ജലീല്‍.

പ്രചരണം 1: മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഗജനാവില്‍ നിന്ന് 25000 രൂപ ശമ്പളവും, അതിന് പുറമെ പെന്‍ഷനും നല്‍കുന്നു.

ഇതിന് കെ.ടി ജലീല്‍ നല്‍കുന്ന മറുപടി ഇതാണ്.

മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നതായിരുന്നു സച്ചാര്‍ കമ്മിറ്റിയുടെ പ്രധാനമായ ഒരു ശുപാര്‍ശ. അതേ തുടര്‍ന്നാണ് മദ്രസാ അധ്യാപകരില്‍ നിന്നും, അവര്‍ ജോലിചെയ്യുന്ന മദ്രസകളില്‍ നിന്നും വിഹിതം വാങ്ങി മദ്രസാ അധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയത്. സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെ ഒരുക്ഷേമനിധി എന്നതിനപ്പുറം സര്‍ക്കാരില്‍ നിന്ന് ഒരു അധികസഹായവും പദ്ധതിയ്ക്കായി ലഭിക്കുന്നില്ല.

എന്നാല്‍ ഈ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് വ്യാപകമായ വര്‍ഗീയ പ്രചരണമാണ് സംഘ്പരിവാര്‍ നാട്ടിലെങ്ങും നടത്തിയത്. സാധാരണ ക്ഷേമനിധികളെല്ലാം ഏതെങ്കിലുമൊരു ബാങ്കുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആ രീതിയില്‍ മദ്രസ്സാ ക്ഷേമനിധി ആരംഭിച്ച സമയത്ത് കോഴിക്കോട് കോപ്പറേറ്റീവ് ബാങ്കുമായാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പലിശയായി കിട്ടുന്ന വരുമാനത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് മദ്രസാ അദ്ധ്യാപക സംഘടനകള്‍ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചു.

പലിശപ്പണം ആനുകൂല്യമായി ലഭിക്കുന്നത് മാനസികമായ പ്രയാസമുണ്ടാക്കുന്നു എന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു. അങ്ങിനെയാണ് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ച് 'ഇന്‍സന്റീവ്' നല്‍കാന്‍ തീരുമാനമായത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഖ്യ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി ലഭിക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. അത്തരത്തില്‍ സര്‍ക്കാരിന് ചെലവഴിക്കാന്‍ ട്രഷറിയിലേക്ക് തരുന്ന പണത്തിന് ഒരു നിശ്ചിത സംഖ്യ ഇന്‍സെന്റീവ് നല്‍കുന്നതിനെയാണ് അവിഹിതമായി ഭീമമായ തുക മദ്രസ്സാ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.

ഇന്ന് മുപ്പതിനായിരത്തോളം അംഗങ്ങളാണ് ഈ ക്ഷേമനിധിയിലുള്ളത്. മദ്രസ്സാ അധ്യാപകരുടെയും മദ്രസ്സാ മാനേജ്മെന്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപയാണ് നിലവില്‍ ട്രഷറിയില്‍ നിക്ഷേപമായി ഉള്ളത്. ആ 25 കോടി ഏതെങ്കിലും ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഇന്‍സന്റീവനേക്കാള്‍ അധികം തുക ലഭിക്കുമായിരുന്നു. അതുചെയ്യാതെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറിന് ഏതുസമയത്തും ഉപയോഗിക്കാന്‍ കഴിയുമാറ് പൊതുഖജനാവില്‍ സൂക്ഷിച്ചത് മഹാപരാധമാണെന്നാണോ സംഘ് ഭാഷ്യം.

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി പാലൊളിയുടെ കാലത്ത് രൂപീകരിച്ചിരുന്നെങ്കിലും ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ ഭരണപരവും നയപരവുമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മദ്രസ്സകള്‍ നടത്തുന്ന വിവിധ സംഘടനകളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളെ ഉള്‍പെടുത്തി നിയമം വഴി മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താന്‍ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിര്‍വഹണ ബോര്‍ഡ് നിയമം വഴി രൂപീകരിച്ചു. തദ്വാരാ കൂടുതല്‍ ആനുകൂല്യങ്ങള്‍ മദ്രസ്സാദ്ധ്യാപകര്‍ക്ക് നല്‍കാന്‍ സാധിച്ചു. അംഗങ്ങളില്‍ നിന്നും മദ്രസ്സാ മാനേജ്‌മെന്റുകളില്‍ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവണ്‍മെന്റ് നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവില്‍ നിന്ന് മദ്രസ്സാദ്ധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ലെന്നും കെ.ടി ജലീല്‍ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

പ്രചരണം 2

മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് കൊടുക്കാതെ പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് പോസ്റ്റ് ഗ്രാജുവേറ്റ്, ഗവേഷണ രംഗങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പല കാരണങ്ങള്‍ കൊണ്ടും കടന്നുവരാന്‍ വൈമുഖ്യം കാണിക്കുന്നു എന്നതായിരുന്നു കമ്മിറ്റിയുടെ വേറൊരു കണ്ടെത്തല്‍. ആ കുറവ് പരിഹരിക്കുന്നതിനായി പാവപ്പെട്ട മിടുക്കികളായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സ്‌കോളര്‍ഷിപ്പുകളും സ്റ്റൈപെന്റുകളും ഏര്‍പ്പെടുത്തണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.

ആദ്യഘട്ടത്തില്‍ ആയിരം പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. പാവപ്പെട്ട മുസ്ലിംപെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് എന്ന നിലയില്‍ 10000 രൂപ പ്രതിവര്‍ഷം നല്‍കാനായിരുന്നു തീരുമാനം. വളരെക്കാലം മുന്‍പ് തന്നെ കേരളത്തില്‍ മുസ്ലിം, നാടാര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍തലത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്ന നടപടി ആരംഭിച്ചിരുന്നു.

നാടാര്‍വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളും മുസ്ലിം പെണ്‍കുട്ടികളും സ്‌കൂളിലേക്ക് വരാന്‍ മടിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ അവരെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനാണ് അത്തരമൊരു സ്‌കോളര്‍ഷിപ്പ് അവര്‍ക്കു മാത്രമായി ഏര്‍പ്പെടുത്തിയത്. അന്നതിനെ ആരും ചോദ്യം ചെയ്തതായി കേട്ടിട്ടില്ല. അതിന്റെ തുടര്‍ച്ചെയെന്നോണം ഉന്നത വിദ്യാഭ്യാസ മേഖലയിലും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പാവപ്പെട്ട പെണ്‍കുട്ടികള്‍ കടന്നുവരുന്നതിന് കളമൊരുക്കലായിരുന്നു മേല്‍ തീരുമാനത്തിന്റെ ലക്ഷ്യം.

പ്രചരണം 3

മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് മാത്രം കോച്ചിങ്ങ് കൊടുത്താല്‍ പോര എല്ലാവര്‍ക്കും കോച്ചിങ്ങ് കൊടുത്ത് യുവജന ക്ഷേമ വകുപ്പിന് ഇക്കാര്യങ്ങള്‍ കൈമാറമെന്ന നിര്‍ദേശങ്ങളും ഉയരുകയുണ്ടായി.

ഇതിന് കെ.ടി ജലീല്‍ നല്‍കുന്ന മറുപടി

മുസ്ലിം വിഭാഗത്തില്‍ അഭ്യസ്തവിദ്യരായ ആളുകള്‍ ഉണ്ടെങ്കിലും മത്സരപരീക്ഷകളില്‍ അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗ മേഖലകളില്‍ റിസര്‍വേഷന്റെ അനുപാതത്തിന് അനുസൃതമായിപ്പോലും പല മേഖലകളിലും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലെന്നത് തെളിവെടുപ്പിനിടയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റിസര്‍വേഷന്‍ ക്വാട്ടയ്ക്കപ്പുറം ജനറല്‍ മെറിറ്റിലേക്ക് അവര്‍ക്ക് എത്താന്‍ ഇതുകൊണ്ടു തന്നെ കഴിഞ്ഞിരുന്നുമില്ല. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പിഎസ്സി കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ച് മുസ്ലിം യുവതീ യുവാക്കളെ മത്സരപരീക്ഷകള്‍ക്ക് തയ്യാറാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.

ആ ശുപാര്‍ശ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലാദ്യമായി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പി.എസ്.സി കോച്ചിംഗ് നല്‍കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ പയ്യന്നൂര്‍, കോഴിക്കോട്, പൊന്നാനി, ആലുവ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി അഞ്ച് സെന്ററുകള്‍ വിഎസ് സര്‍ക്കാരിന്റെ മുന്‍കയ്യില്‍ ആരംഭിച്ചു.

നൂറുശതമാനവും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ആ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടേണ്ടിയിരുന്നതെങ്കിലും കമ്മിറ്റിയുടെ തീരുമാനപ്രകാരം മുസ്ലിം കുട്ടികള്‍ക്ക് മാത്രമായി എന്ന നയം വേണ്ട എന്നും 80-20 എന്ന അനുപാതത്തില്‍ മുസ്ലിം കുട്ടികളെയും, മറ്റ് ഇതര ന്യൂനപക്ഷങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന വരെയും, ഇതരന്യൂനപക്ഷങ്ങളില്ലാത്തിടത്ത് ഭൂരിപക്ഷ മതസമുദായത്തിലെ പിന്നോക്കവിഭാഗക്കാരായ കുട്ടികളെയും പ്രവേശിപ്പിക്കാമെന്ന് കമ്മിറ്റി തീരുമാനിച്ചത്.

ഒരു സ്ഥാപനത്തില്‍ മുസ്ലിംകുട്ടികള്‍ മാത്രം പഠിക്കുന്നതിനുപകരം മള്‍ട്ടി റിലീജിയസയായിട്ടുള്ള ഒരു ക്ലാസ്‌റൂമാണ് ആവശ്യമെന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെടുകയും കമ്മിറ്റി അത് ഒറ്റമനസ്സോടെ അംഗീകരിക്കുകയുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ആ സെന്ററുകളുടെ പേര് തന്നെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് (സിസിഎംവൈ) എന്നായിരുന്നു. മുസ്ലിം യുവതീയുവാക്കളെ ലക്ഷ്യമിട്ടാണ് ആ സെന്ററുകള്‍ ആരംഭിച്ചതെന്നതിന്റെ തെളിവുകൂടിയായിരുന്നു ആ പേര്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത് ഞാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ ആ പേര് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കി മാറ്റി. 20 ശതമാനത്തോളം മറ്റ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്ന കുട്ടികളുമുണ്ട് എന്ന പരിഗണനയിലായിരുന്നു മുസ്ലിം യൂത്തില്‍ നിന്ന് മെനോറിറ്റി യൂത്തിലേക്കുള്ള ആ പേരു മാറ്റം.

പ്രചരണം 4

ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് പോലും മുസ്ലിം വിഭാഗത്തിലുള്ളവര്‍ തട്ടിയെടുക്കുന്നു.

ഇതിന് കെ.ടി ജലീല്‍ നല്‍കുന്ന മറുപടി

കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികളൊന്നും ന്യൂനപക്ഷവകുപ്പ് വഴിയല്ല വിതരണം ചെയ്യുന്നത്. കേന്ദ്രമാനവവിഭവശേഷി വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും അവര്‍ നേരിട്ടാണ്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു നോഡല്‍ ഏജന്‍സി മാത്രമാണ്. അതല്ലാതെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയും ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലൊന്നും 80-20 അനുപാതം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന ന്യൂനപക്ഷവകുപ്പിനോ കഴിയില്ല. ഉദാഹരണത്തിന് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന വിവിധ വായ്പകള്‍ 80:20 അനുപാതമനുസരിച്ചല്ല നല്‍കുന്നത്.

No stories found.
The Cue
www.thecue.in