Fact Check: 'തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന ആമിര്‍ ഖാന്‍', പ്രചരണം വ്യാജം

Fact Check: 'തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന ആമിര്‍ ഖാന്‍', പ്രചരണം വ്യാജം

ബോളിവുഡ് താരം ആമിര്‍ഖാന്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. ഹജ്ജിനായി മക്കയിലെത്തിയപ്പോള്‍ ആമിര്‍ ഖാന്‍ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തി എന്ന അടിക്കുറുപ്പോടെയാണ് താരത്തിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്നാണ് ദ ക്വിന്റ്-ന്റെ ഫാക്ട് ചെക്ക് ടീമായ വെബ്ക്യൂഫ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രചരണം

താരിക് ജമീല്‍, ജുനൈദ് ഷംഷേദ് എന്നീ തീവ്രവാദികളുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു പ്രചരണം. ഇതിനൊപ്പം ആമിര്‍ രണ്ട് പേര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ഇതുവരെ പ്രതികരിക്കാത്ത ആമിര്‍ ഖാന്‍ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തി എന്നാരോപിച്ചായിരുന്നു ചില പ്രചരണങ്ങള്‍.

വസ്തുത

വ്യാജപ്രചരണത്തിനൊപ്പം പങ്കുവെക്കുന്ന ഫോട്ടോ 2016ല്‍ പാക്കിസ്താനിലെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്. പ്രശസ്ത പാക് ഗായകനും മതപ്രഭാഷകനുമായ ജംഷെദിന്റെ മരണത്തില്‍ ആമിര്‍ ഖാന്റെ പ്രതികരണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തയോടൊപ്പം പങ്കുവെച്ച ചിത്രമായിരുന്നു ഇത്. 2016 ഡിസംബറിലുണ്ടായ വിമാനാപകടത്തിലായിരുന്നു ജംഷെദ് മരിച്ചത്.

ഹജ്ജിനായി മക്കയിലെത്തിയപ്പോഴാണ് ആമിര്‍ ഖാന്‍ ജംഷെദുമായി കൂടിക്കാഴ്ച നടത്തിയത്. ആമിര്‍ ഖാനൊപ്പം നില്‍ക്കുന്ന ചിത്രം 2012ല്‍ ജംഷെദും തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ആമിര്‍ ഖാനുമായി സംസാരിച്ചതിനെ കുറിച്ച് ജംഷെദ് വിവരിക്കുന്ന വീഡിയോയും വെബ്ക്യൂഫ് റിപ്പോര്‍ട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിലുള്ള മൂന്നാമത്തെയാള്‍ പാക്കിസ്താനിലെ ഒരു ഇസ്ലാമിക് ടെലിവിഷന്‍ ചാനലിലെ പ്രഭാഷകനാണെന്നാണ് അന്വേഷത്തില്‍ വ്യക്തമായത്. മൗലാന താരിഖ് ജമീല്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേരെന്നും വെബ്ക്യൂഫ് റിപ്പോര്‍ട്ട് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in