'മലപ്പുറം, മുസ്ലിം ഭീകരത, പൈനാപ്പിള്‍ ബോംബ് തിന്നാന്‍ കൊടുത്തു'; ഗര്‍ഭിണിയായ ആന മരിച്ച സംഭവത്തിലെ വ്യാജ പ്രചരണങ്ങളും വസ്തുതയും

'മലപ്പുറം, മുസ്ലിം ഭീകരത, പൈനാപ്പിള്‍ ബോംബ് തിന്നാന്‍ കൊടുത്തു'; ഗര്‍ഭിണിയായ ആന മരിച്ച സംഭവത്തിലെ വ്യാജ
പ്രചരണങ്ങളും വസ്തുതയും

പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ആന പൈനാപ്പിളില്‍ നിറച്ച പടക്കക്കെണി കഴിച്ച് മരണപ്പെട്ട സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ദേശീയ തലത്തില്‍ പ്രതിഷേധവും ചര്‍ച്ചകളുമുണ്ടായി. ജൂണ്‍ ട്വിറ്ററില്‍ #riphumanity , #KeralaElephantMurder തുടങ്ങിയ ഹാഷ് ടാഗുകളില്‍ ട്വീറ്റുകളും ട്രെന്‍ഡിംഗിലായിരുന്നു. ആനിമല്‍ പ്ലാനറ്റും നാഷണല്‍ ജ്യോഗ്രഫിക്കും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചര്‍ ആനയ്ക്ക് ആദരമര്‍പ്പിച്ച് മാറ്റി. അന്താരാഷ്ട്ര മാധ്യമങ്ങളിലും ആനയോടുള്ള കൊടുംക്രൂരത ചര്‍ച്ചയായി. സമാന്തരമായി ആന കൊല്ലപ്പെട്ട സംഭവം കേരളത്തിനെതിരെ വിദ്വേഷ പ്രചരണത്തിനും, വ്യാജ വാര്‍ത്തകള്‍ക്കുമുള്ള അവസരമാക്കി ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം. ബിജെപി നേതാവ് മനേകാ ഗാന്ധി ഉള്‍പ്പെടെ വ്യാജപ്രചരണങ്ങള്‍ ഏറ്റെടുത്തു. ക്രിമിനല്‍ ചെയ്തികളുടെ കേന്ദ്രമായ മലപ്പുറത്ത് ആന ആക്രമിക്കപ്പെട്ടു എന്നായിരുന്നു മനേകാ ഗാന്ധിയുടെ ട്വീറ്റ്. മുസ്ലിം ഭൂരിപക്ഷ ജില്ലയില്‍ ആനയെ കൊലപ്പെടുത്തിയെന്നും പ്രചരണമുണ്ടായി. വ്യാജ പ്രചരണങ്ങളും വസ്തുതകളും നോക്കാം.

ആന കൊല്ലപ്പെട്ടത് മലപ്പുറത്തോ?

പ്രചരണം

ആന ചെരിഞ്ഞ സംഭവത്തില്‍ എന്‍.ഡി.ടി.വി ഉള്‍പ്പെടെ തുടക്കത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലക്കാട് ജില്ലയ്ക്ക് പകരം മലപ്പുറമെന്നാണ് പരാമര്‍ശിച്ചിരുന്നത്. സംഘപരിവാര്‍ അനൂകൂല ട്വീറ്റുകളിലും മലപ്പുറത്തെ അധിക്ഷേപിച്ചാണ് സംഭവത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നത്. ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ ട്വീറ്റ് ഇന്ത്യാ ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും അക്രമമുള്ള ജില്ലയാണ് മലപ്പുറം എന്ന രീതിയിലാണ്.

വസ്തുത

പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് ആന ചെരിഞ്ഞ സംഭവം. മണ്ണാര്‍ക്കാട് ഭാഗത്ത് തിരുവിഴാംകുന്ന് ഭാഗത്ത് ആനയെത്തുമ്പോള്‍ പടക്കം കടിച്ച് വായ തകര്‍ന്ന നിലയിലായിരുന്നു. 20 വയസ്സുള്ള പിടിയാനയാണ് കൊല്ലപ്പെട്ടത്. അപകടമുണ്ടായി ഒരാഴ്ച ആന കാടിനുള്ളില്‍ കഴിച്ചുകൂട്ടിയിരിക്കാമെന്നാണ് കരുതുന്നത്. കടുത്ത വേദനകാരണം ഭക്ഷണവും വെള്ളവുമൊന്നും കഴിക്കാനാകാതെ വന്നപ്പോള്‍ അത് കാടിന് പുറത്തുവന്നതായിരിക്കുമെന്ന്‌ വനംമന്ത്രി കെ രാജു ദ ക്യുവിനോട് പറഞ്ഞിരുന്നു. വേദന സഹിക്കാനാകാതെ വന്നപ്പോള്‍ പുഴയില്‍ ഇറങ്ങി നിന്നുവെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് ആളുകളുടെയും വനം വകുപ്പിന്റെയും ശ്രദ്ധയില്‍വന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ എത്തിച്ച് നിരീക്ഷിച്ചു. രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്ന് കണ്ടെങ്കിലും കുങ്കിയാനകളെ ഉപയോഗിച്ച് പിടിക്കാന്‍ ശ്രമം നടത്തി. ഈച്ചയും മറ്റ് കീടങ്ങളും പൊതിഞ്ഞ് വേദന കൂട്ടിയതിനാലാകണം അത് പുഴയില്‍ ഇറങ്ങിത്തന്നെ നിന്നു. രണ്ടാമത്തെ ദിവസം ചരിഞ്ഞു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി. പടക്കം പൊട്ടി വായതകര്‍ന്ന് മരിച്ചെന്നാണ് അതില്‍ നിന്നുള്ള പ്രാഥമിക വിവരം. അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ലഭിച്ചയുടന്‍ അതിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കും. സംഭവത്തില്‍ OR10/2020 ആയി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പൈനാപ്പിള്‍ ബോംബ് ഭക്ഷണമായി നല്‍കിയതോ?

പ്രചരണം:

ആനയെ കൊലപ്പെടുത്താനായി പൈനാപ്പിളില്‍ പടക്കം നിറച്ച് നല്‍കി.

വസ്തുത:

വനംമന്ത്രി കെ രാജു ദ ക്യുവിനോട്

മനപ്പൂര്‍വം ആനയെ കൊല്ലുന്നതിന് വേണ്ടി ശ്രമം നടന്നെന്നാണ് കരുതേണ്ടത്. അത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. കൊടും ക്രൂരതയാണ് നടന്നത്. കടുത്ത വേദനയുടെ വലിയ പീഡനം അനുഭവിച്ചാണ് ആന ചരിഞ്ഞത്.ചതിച്ച് പടക്കം തീറ്റയ്ക്ക് അകത്ത് കൊടുത്തതാണോ അതല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ സംഭവിച്ചതാണോ എന്നെല്ലാം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരും. അതിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആ മേഖലകളില്‍ ചിലര്‍ പന്നിയെ പിടിക്കാന്‍ ഭക്ഷണത്തില്‍ പടക്കം ഒളിപ്പിച്ച് കെണിവെയ്ക്കാറുണ്ടെന്ന് വിവരമുണ്ട്. പന്നിയെ ലക്ഷ്യമിട്ടായാലും അത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണ്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതേ രീതിയില്‍ പത്തനാപുരത്ത് രണ്ടുമാസം മുന്‍പ് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീണ്ടുമുണ്ടായ സാഹചര്യത്തില്‍ അതീവ ഗൗരവമായാണ് വനംവകുപ്പ് ഇതിനെ കാണുന്നത്.

കെ.കെ സുനില്‍ കുമാര്‍, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ രണ്ടടി മതില്‍കെട്ടി പടക്കക്കെണി വെക്കാറുണ്ട്, പഴങ്ങളില്‍ വിഷമോ, പടക്കമോ നിറച്ചും കെണി ഒരുക്കാറുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. ആനയെ കൊല്ലാന്‍ ബോധപൂര്‍വം പൈനാപ്പിളില്‍ പടക്കം വച്ചതാണോ എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ല.

ഹിന്ദുവിന് പുണ്യമൃഗം, മുസ്ലിം ഭൂരിപക്ഷമേഖല

പ്രചരണം:

ഹിന്ദുവിന്റെ പുണ്യമൃഗമായ ആനയെ മുസ്ലിം ഭൂരിപക്ഷ മേഖലയിലുള്ളവര്‍ ആസൂത്രിതമായി കൊലപ്പെടുത്തി. ഹിന്ദുത്വ ഗ്രൂപ്പുകളാണ് ട്വിറ്ററില്‍ ഇത്തരം പ്രചരണത്തിന് പിന്നില്‍. കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള സാധ്യത എന്ന നിലക്കും ഇസ്ലാമോഫോബിയയായും ഇത്തരം പ്രചരണങ്ങളെ കണക്കാക്കാം.

വസ്തുത:

മേയ് 23നാണ് സൈലന്റ് വാലിയിലെ തടാകത്തില്‍ ആന എത്തിയതായി അറിയുന്നതും പരുക്കേറ്റെന്ന് മനസിലായതെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച ഘട്ടത്തിലും കേരളത്തിനെതിരെ ദേശീയ തലത്തില്‍ പ്രചരണമുണ്ടായിരുന്നു. രാഹുല്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്നായിരുന്നു ആദ്യ പ്രചരണം. രണ്ടാമത്തെ വ്യാജപ്രചരണം രാഹുല്‍ ഗാന്ധിയുടെ പ്രചരണ റാലിയില്‍ പാക് പതാക ഉപയോഗിച്ചുവെന്നായിരുന്നു.

'മലപ്പുറം, മുസ്ലിം ഭീകരത, പൈനാപ്പിള്‍ ബോംബ് തിന്നാന്‍ കൊടുത്തു'; ഗര്‍ഭിണിയായ ആന മരിച്ച സംഭവത്തിലെ വ്യാജ
പ്രചരണങ്ങളും വസ്തുതയും
സ്വന്തം മണ്ഡലത്തിലെ ക്രൈം നിരക്ക് മനേകാ ഗാന്ധിക്ക് അറിയുമോ?

Related Stories

No stories found.
logo
The Cue
www.thecue.in