Fact Check

കൊറോണയിലെ വ്യാജ പ്രചരണങ്ങളും വാസ്തവവും 

വ്യാജ പ്രചരണങ്ങളും വാസ്തവവും

കൊറോണ ചൈന വികസിപ്പിച്ച ജൈവായുധമാണ്. ലാബില്‍ നിന്നാണ് പുറത്തായത്.

കൊവിഡ് 19 വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്ന് പറയത്തക്ക ആധികാരികമായ ഒരു പഠനവും പുറത്തുവന്നിട്ടില്ല. വൈറസിന്റെ ഉദ്ഭവം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. വവ്വാലുകളില്‍ ഉല്‍ഭവിച്ച് മനുഷ്യരിലേക്കെത്തിയതാകാം എന്ന നിഗമനം മാത്രമാണ് ഇപ്പോഴുള്ളത്.

മദ്യം കുടിച്ചും, ശരീരത്തില്‍ പുരട്ടിയും കൊറോണയെ തുരത്താം. ആല്‍ക്കഹോള്‍ സാന്നിധ്യം വൈറസിനെ നശിപ്പിക്കും

മദ്യം കുടിച്ചോ മദ്യം ശരീരത്തില്‍ പുരട്ടിയോ കൊറോണയെ തടയാനാകില്ല. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വാദമാണിത്. എഥനോള്‍, ബ്ലീച്ച്, പേരാസെറ്റിക് ആസിഡ് തുടങ്ങിയവ തറകളിലും വസ്ത്രങ്ങളിലുമെല്ലാം അണുനാശിനിയായി ഉപയോഗിക്കുന്നത് ഗുണപ്രദമാണ്.

കഞ്ചാവ് കൊറോണയെ കൊല്ലും. രോഗബാധയ്ക്ക് മരിജ്വാന മരുന്നാക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി

കഞ്ചാവോ മറ്റേതെങ്കിലും സാധനമോ കൊറോണ വൈറസ് ബാധയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതിനായുള്ള ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ മരുന്ന് കണ്ടെത്തിയെന്ന തരത്തിലുള്ള വാദങ്ങളും വ്യാജമാണ്. ലക്ഷണങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.

കൊവിഡ് 19 നെ വെളുത്തുള്ളി കൊണ്ട് തടയാം. ചതച്ച് വെള്ളത്തിലിട്ട് ചൂടാക്കി കുടിച്ചാല്‍ ഉളളില്‍ കയറിയ വൈറസ് ഒറ്റ രാത്രി കൊണ്ട് രാജ്യം വിടും.

ശരീരത്തില്‍ പ്രവേശിച്ച വൈറസിനെ വെളുത്തുള്ളികൊണ്ട് നേരിടാമെന്നത് വിഡ്ഢിത്തമാണ്. ഇത്തരം സ്വയം ചികിത്സകള്‍ രോഗാവസ്ഥ മോശമാകാനേ സഹായിക്കൂവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊറോണ വായുവിലൂടെ പകരില്ല. 400 മുതല്‍ 500വരെ മൈക്രോ വ്യാസമാണ് വൈറസിന്. അതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുമെന്ന് യൂണിസെഫ് കമ്പോഡിയ.

തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നത് യൂണിസെഫ് കമ്പോഡിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വായുവിലൂടെ പകരുന്നതിനാലാണ് ത്രീലെയര്‍ മാസ്‌ക് ധരിക്കണമെന്ന് പറയുന്നത്. രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ രോഗം പകരും.

27 ഡിഗ്രി ചൂടിനപ്പുറം വൈറസ് ജീവനോടെയിരിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. അതുകൊണ്ട് ഒരു കൊവിഡും എത്തില്ല.

മനുഷ്യശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വാദം ശരിയെങ്കില്‍ ഒരാളുടെ ശരീരത്തിലും വൈറസിന് നിലനില്‍ക്കാനാകില്ല. കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള സിംഗപ്പൂരിലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊറോണയെ തടയാനുള്ള പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചു.

കൊറോണയ്ക്ക് പ്രതിരോധ വാക്സിന്‍ കണ്ടെത്തിയിട്ടില്ല. അതിനായുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിവരുന്നേയുള്ളൂ. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ ഇതുവരെയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ ബാധിച്ചാല്‍ മരണമുറപ്പ്. വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

രോഗബാധയില്‍ രണ്ട് ശതമാനം മാത്രമാണ് മരണനിരക്ക്. എങ്കിലും അതീവ ഗൗരവത്തോടെയാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. പ്രായമേറിയ വ്യക്തികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും എളുപ്പം പിടിപെടാനിടയുണ്ട്. രോഗം വരാതിരിക്കാന്‍ വ്യക്തിശുചിത്വത്തിലൂടെയും വൈറസ് ബാധയുള്ളവരില്‍ നിന്ന് വിട്ടുനിന്നും മുന്‍കരുതല്‍ എടുക്കുകയെന്നതാണ് പ്രധാനം.

തൊണ്ട വരണ്ടതായാല്‍ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിക്കും അതിനാല്‍ തൊണ്ട നനവുള്ളതാക്കി വെക്കണം.

ശാസ്ത്രീയ പിന്‍ബലമില്ലാത്ത പ്രചരണമാണിത്. വൈറസ് ബാധയുടേതായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ശരിയായ ചികിത്സ തേടുകയാണ് വേണ്ടത്.

ചൈനയില്‍ നിന്നുള്ള ബോക്സുകളോ കത്തുകളോ സ്വീകരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കും

ജീവനില്ലാത്ത വസ്തുക്കളില്‍ കൊവിഡ് 19 വൈറസിന് നിലനില്‍ക്കാനാവില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

10 വൈറസിനെ പ്രതിരോധിക്കാന്‍ തേനും പഞ്ചസാരവള്ളവും ഇഞ്ചിയും ചെറുനാരങ്ങയും ചേര്‍ത്ത് സ്‌ക്വാഷുണ്ടാക്കി കുടിക്കാം. മഞ്ഞളിട്ട് കലക്കിയ പാല്‍/ചായ/കാപ്പി, നട്ട്സ് എന്നിവ കൂടുതലായി കഴിക്കാം.

ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നത് എന്ന വ്യാജ പ്രചരണത്തോടെ വൈറലായ ഓഡിയോ സന്ദേശത്തില്‍ ഇത്തരം പല ടിപ്സുകളും പറയുന്നുണ്ട്. ആരോഗ്യമന്ത്രി വാട്ട്സ്ആപ്പിലൂടെ വോയ്സ് ക്ലിപ്പ് വഴിയല്ല ജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. നേരിട്ട് മാധ്യമങ്ങളിലൂടെയും വെബ്സൈറ്റ് അടക്കം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയുമാണ്. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന ഓഡിയോയിലെ ശബ്ദം ആരോഗ്യമന്ത്രിയുടേതല്ല. പ്രചരണത്തിന് ശാസ്ത്രീയ പിന്‍ബലവുമില്ല.

ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് കൊറോണ വൈറസ് പകരുന്നത്. അതിനാല്‍ ഈ ഇറച്ചി കഴിക്കരുത്.

കോഴികളില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏതുതരം കോഴികളുടെ ഇറച്ചിയും ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

ഗോമൂത്രം കുടിച്ച് വൈറസിനെ കൊല്ലാം. നിലത്ത് ചാണകം മെഴുകി അകറ്റിനിര്‍ത്താം. യാഗങ്ങള്‍ നടത്തി അതിന്റെ ചൂടും പുകയും പ്രയോജനപ്പെടുത്തി വൈറസിനെ നശിപ്പിക്കാം.

ഹിന്ദു മഹാസഭ നേതാവ് ചക്രപാണി മഹാരാജ് ബിജെപി എംഎല്‍എമാരായ സുമന്‍ ഹരിപ്രിയ സഞ്ജയ് ഗുപ്ത എന്നിവരുടെ വാദമാണ്. പ്രചരണം വ്യാജം.

വീഡിയോകള്‍ക്കായി ദ ക്യു യൂട്യൂബ് ചാനല്‍ ഇവിടെ സബ്‌സ്‌ക്രൈബ് ചെയ്യാം