Fact Check: ഇറ്റലിയിലെ ആഡംബര കെട്ടിടങ്ങള്‍ രാഹുല്‍ ഗാന്ധിയുടേതോ?; ‘പപ്പു കി സച്ചായി’ വീഡിയോയുടെ വാസ്തവം ഇതാണ്

Fact Check: ഇറ്റലിയിലെ ആഡംബര കെട്ടിടങ്ങള്‍ രാഹുല്‍ ഗാന്ധിയുടേതോ?; ‘പപ്പു കി സച്ചായി’ വീഡിയോയുടെ വാസ്തവം ഇതാണ്

ഇറ്റലിയിലെ മൂന്ന് അത്യാഡംബര കെട്ടിടങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യയെ കൊള്ളയടിച്ച് രാഹുല്‍ ഗാന്ധി വാങ്ങിക്കൂട്ടിയതെന്ന വീഡിയോ പ്രചരണം സൈബര്‍ ഇടങ്ങളില്‍ വ്യാപകമാവുകയാണ്. ഗുജറാത്തി ഭാഷ സംസാരിക്കുന്ന ഒരാളാണ് വീഡിയോയില്‍ ഇറ്റലിയിലെ കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി ഇതെല്ലാം രാഹുലിന്റേതാണെന്ന് പറയുന്നത്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

മേരാ ഭാരത് മഹാന്‍ എന്ന സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജിലെ വിഡിയോയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ കെട്ടിടങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് ആരോപിക്കുന്നത്.

കെട്ടിടങ്ങള്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പേരിലുള്ളതാണെന്നും ഇന്ത്യയുടെ പണം കൊണ്ട് ഇറ്റലിയില്‍ അവര്‍ കെട്ടിടങ്ങള്‍ വാങ്ങി കൂട്ടി ഭീമമായ വാടക കൈപ്പറ്റുന്നുണ്ടെന്നും വിഡിയോയില്‍ കാണുന്ന ആള്‍ ആരോപിക്കുന്നു. ഇറ്റലിയില്‍ നിന്ന് വന്ന 'പപ്പു'വിന്റെ (രാഹുല്‍ ഗാന്ധിയെ സംഘപരിവാറുകള്‍ ആക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പേര്) സത്യമറിയൂ, മറ്റുള്ളവരെ കൂടി അറിയിക്കൂ എന്ന ക്യാപ്‌നിലുള്ള വീഡിയോ 15,000ല്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം പേരിലധികം കണ്ടിട്ടുണ്ട്. വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെയാണ്

’ രാജീവ് ഗാന്ധിയുടെ മകന്‍..പപ്പു..അത് അയാളുടെ കെട്ടിടമാണ്..ഇന്ത്യ ഒന്നാകെ ധൂര്‍ത്തടിച്ച പപ്പു ഇറ്റലിയില്‍ വാങ്ങിയ കെട്ടിടങ്ങള്‍. അയാള്‍ ഇന്ത്യയില്‍ ഇരുന്ന് ഇതിന്റെ വാടക പറ്റി ജീവിക്കുന്നു. ഈ കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കലാണ് അയാളുടെ ജോലി. അയാളെ ഇന്ത്യയില്‍ നിന്ന് പുറത്തെറിയു...ജയ് ശ്രീ കൃഷ്ണ ..ഞാന്‍ ഇറ്റലിയിലാണ്’..

ഈ വീഡിയോ പങ്കുവെച്ചവരില്‍ റിസേര്‍വ് ബാങ്ക് ഡയറക്ടര്‍ എസ് ഗുരുമൂര്‍ത്തിയും ഉള്‍പ്പെടുന്നു.

ഹിന്ദിയിലും ഇംഗ്ലീഷിലുമായി തലവാചകങ്ങള്‍ മാറ്റി ട്വിറ്ററിലും മറ്റ് മാധ്യമങ്ങളിലും വീഡിയോ വൈറല്‍ ആക്കിക്കൊണ്ടിരിക്കുകയാണ്.

പ്രചരണത്തിലെ വാസ്തവം ഇതാണ്

ഇറ്റലിയിലെ ട്യൂറിനില്‍ പതിനാറാം നൂറ്റാണ്ടില്‍ പണികഴിച്ച ട്യൂറിനിലെ രാജകൊട്ടാരമടക്കം പ്യാസ്സ കസെല്ലോ എന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങളാണ് ഈ വിഡിയോയില്‍ കാണുന്നത്. പ്യാസ കസെല്ലോ എന്ന ഇറ്റലിയിലെ ചരിത്രപ്രധാന സ്മാരകമാണ് വീഡിയോയിലുള്ളയാള്‍ രാഹുല്‍ ഗാന്ധിയുടേതാണെന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കുന്നത്. ചതുരാകൃതിയിലുള്ള വീടുകളും മ്യുസിയങ്ങളും അടങ്ങുന്ന കെട്ടിടങ്ങളാണിവ. ഇവയില്‍ ചിലത് യുനെസ്‌കോ പൈതൃക സ്മാരകങ്ങളായി സംരക്ഷിക്കുന്നവയാണ്.

ഇവ ചരിത്ര സ്മാരകങ്ങള്‍ ആണെന്നും സ്വകാര്യ ഉടമസ്ഥതയിലുള്ളവ അല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സത്യാവസ്ഥയറിയാതെ ഒട്ടേറെ പേരാണ് സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ഫോട്ടോ കടപ്പാട്: സ്‌ക്രോള്‍

Related Stories

No stories found.
logo
The Cue
www.thecue.in