Fact Check : കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചരണ ചിത്രങ്ങളിലേത് ഒരേ വയോധികയല്ല ;വാസ്തവം ഇതാണ്

Fact Check : കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചരണ ചിത്രങ്ങളിലേത് ഒരേ വയോധികയല്ല ;വാസ്തവം ഇതാണ്

രാഹുല്‍ഗാന്ധി, ശശിതരൂര്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പോസ്റ്ററുകളിലുള്ളത് മൂന്ന് വ്യത്യസ്ത അമ്മമാരാണ്

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

'കോണ്‍ഗ്രസിനുവേണ്ടി വിലപിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ഈ അമ്മ'. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിനെയും പ്രായമേറിയ സ്ത്രീ ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതാണിത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനൊപ്പമുള്ളതും കോണ്‍ഗ്രസ് പോസ്റ്ററുകളിലെ അതേ വയോധികയെന്നും പ്രചരിപ്പിക്കപ്പെട്ടു. കെ സുരേന്ദ്രനെയും കോണ്‍ഗ്രസുകാരനാക്കിയായിരുന്നു കേരളത്തിന് പുറത്തുള്ളസംഘപരിവാര്‍ അനുകൂലികളുടെ പ്രചരണം.

പ്രചരണത്തിന്റെ വാസ്തവം

രാഹുല്‍ഗാന്ധി, ശശിതരൂര്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പോസ്റ്ററുകളിലുള്ളത് മൂന്ന് വ്യത്യസ്ത അമ്മമാരാണ്. പ്രായമേറിയ സ്ത്രീ രാഹുല്‍ഗാന്ധിയെ ആലിംഗനം ചെയ്യുന്ന ചിത്രം 2015 ലേതാണ്. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ച വേളയിലാണ് സംഭവം. രാഹുലിനെ ചേര്‍ത്തണച്ച് അവര്‍ ദുരിതാവസ്ഥ പങ്കുവെയ്ക്കുവെയ്ക്കുകയായിരുന്നു. 2015 ഡിസംബര്‍ 9 ന് ഇതടക്കമുള്ള ചിത്രങ്ങള്‍ കോണ്‍ഗ്രിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രായമേറിയ സ്ത്രീ ശശി തരൂരിനെ വാത്സല്യപൂര്‍വം ചേര്‍ത്തുപിടിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. 2019 ഏപ്രില്‍ 13 ന് ശശി തരൂര്‍ തന്നെയാണ് ഈ ചിത്രം തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെ സുരേന്ദ്രനെ അഭിവാദ്യമര്‍പ്പിക്കാനെത്തിയ വയോധികയുടേതാണ്‌ മൂന്നാമത്തെ ചിത്രം. സുരേന്ദ്രന്റെ പ്രചരണ ക്യാമ്പ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

അതായത് മൂന്ന് ചിത്രത്തിലുള്ളതും വ്യത്യസ്ത ആളുകളാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പ്രായമുള്ളതിനാലും മൂന്നുപേരുടേയും മുടി നരച്ചതിനാലും സാമ്യത അനുഭവപ്പെടുന്നുവെന്ന് മാത്രം. മൂന്നുചിത്രങ്ങളും സൂക്ഷിച്ച് നോക്കിയാല്‍ വ്യത്യാസം ബോധ്യമാകും. സുരേന്ദ്രന്റെ ചിത്രത്തിലുള്ള സ്ത്രീയുടെ മുടി മുഴുവന്‍ നരച്ചിട്ടില്ല. എന്നാല്‍ മറ്റ് രണ്ടുപേരുടെ മുടിയും പൂര്‍ണ്ണമായി നരച്ചിട്ടുണ്ട്. രാഹുലിന്റെയൊപ്പമുള്ള സ്ത്രീ മറ്റ് രണ്ടുപേരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ്. മൂന്ന് പേരുടെയും പല്ലുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. മൂന്ന് സ്ഥലങ്ങളില്‍ മൂന്ന് സമയത്തായി പകര്‍ത്തി അവരവര്‍ പുറത്തുവിട്ട ചിത്രം ഒരുമിച്ച് ചേര്‍ത്ത് രാഷ്ട്രീയ എതിരാളികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

Alt News ആണ് വ്യാജ പ്രചരണം തുറന്നുകാട്ടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in