Fact Check: അഭിനന്ദന്‍ ബിജെപിക്ക് ഒപ്പമെന്ന് വ്യാജപ്രചരണം, മോദി പ്രധാനമന്ത്രിയാകാന്‍ വോട്ട് ചെയ്‌തെന്ന പ്രചരണത്തിലെ വാസ്തവം 

Fact Check: അഭിനന്ദന്‍ ബിജെപിക്ക് ഒപ്പമെന്ന് വ്യാജപ്രചരണം, മോദി പ്രധാനമന്ത്രിയാകാന്‍ വോട്ട് ചെയ്‌തെന്ന പ്രചരണത്തിലെ വാസ്തവം 

പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അതിര്‍ത്തിക്ക് സമീപം പാക് അധീന മേഖലയില്‍ വീഴുകയും പിടിയിലാവുകയും ചെയ്ത സൈനികനാണ് അഭിനന്ദന്‍ വര്‍ത്തമാന്‍. ശേഷം സധൈര്യം രാജ്യത്ത് തിരിച്ചെത്തി. 

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്‌

'വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പരസ്യമായി ബിജെപിക്ക് പിന്‍തുണയുമായി രംഗത്ത്. നരേന്ദ്രമോദി പ്രധാനമന്ത്രിയാകാന്‍ അഭിനന്ദന്‍ വോട്ട് രേഖപ്പെടുത്തി. മോദിയേക്കാള്‍ മികച്ച പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഹാദികളിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. അവര്‍ ഒരിക്കലും ഒരു സൈനികനെ ജീവനോടെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചിട്ടില്ല'. അഭിനന്ദനോട് സാമ്യമുള്ളൊരാള്‍ ബിജെപി ചിഹ്നമായ താമര ആലേഖനം ചെയ്ത ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. സംഘപരിവാര്‍ അനുകൂല പേജുകളിലും പ്രൊഫൈലുകളിലും പോസ്റ്റ് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു.

പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അതിര്‍ത്തിക്ക് സമീപം പാക് അധീന മേഖലയില്‍ വീഴുകയും പിടിയിലാവുകയും ചെയ്ത സൈനികനാണ് അഭിനന്ദന്‍. പാക് സൈനിക മേധാവികളുടെ ചോദ്യങ്ങള്‍ക്ക് സധൈര്യം മറുപടി നല്‍കി രാജ്യാഭിമാനമുയര്‍ത്തി അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയുമായിരുന്നു.

പ്രചരണത്തിലെ വസ്തുത

വ്യാജ പ്രചരണമാണ് അഭിനന്ദന്റെ പേരില്‍ നടന്നത്. സേനയില്‍ രാജ്യത്തെ സേവിക്കൊന്നൊരാള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ല. 1969 ലെ വ്യോമസേനാ നിയമാവലി സൈനികരെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കുന്നുണ്ട്.

അഭിനന്ദനുമായി സാമ്യതയുള്ള ഒരാളുടെ ചിത്രം സഹിതം സംഘപരിവാര്‍ അനുകൂലികള്‍ വ്യാജപോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു. പോസ്റ്റിനൊപ്പം പ്രചരിച്ച ഫോട്ടോയുടെ ആധികാരികത പരിശോധിച്ചാച്ചാല്‍ കൃത്രിമത്വം വെളിപ്പെടും. ചിത്രത്തിലുള്ളയാള്‍ കണ്ണടയും തൊപ്പിയും ധരിച്ചിട്ടുണ്ട്. അതിനാല്‍ കണ്ണുകളും മുടിയും മറഞ്ഞിരിക്കുകയാണ്. എന്നാല്‍ മീശ അഭിനന്ദന്റേതിന് സമാനമാണ്. അഭിനന്ദന്റെ കീഴ്ചുണ്ടിന് താഴെയായി കാക്കപ്പുള്ളിയുണ്ട്. ഇത് യഥാര്‍ത്ഥ ഫോട്ടോയില്‍ വ്യക്തമാണ്. പ്രചരിച്ച ചിത്രത്തില്‍ ഇത് കാണാനാകില്ല.

പങ്കുവെയ്ക്കപ്പെട്ട ചിത്രത്തില്‍ വലത്തേ കണ്ണിന് താഴെയായി അടയാളം കാണാം. എന്നാല്‍ അഭിനന്ദന്റെ യഥാര്‍ത്ഥ ചിത്രത്തില്‍ അതില്ല. ഇരു ചിത്രങ്ങളും വിലയിരുത്തിയാല്‍ മൂക്കിന്റെ ഘടനയില്‍ വ്യത്യാസം പ്രകടമാണ്. അഭിനന്ദന്റെ താടിക്ക് സമാന്തരമായി ഒരു വരയുണ്ട്. എന്നാല്‍ പ്രചരിച്ച ചിത്രത്തില്‍ അത്തരത്തില്‍ നേര്‍വരയില്ല.

ഉറച്ച തോളുകളാണ് അഭിനന്ദന്റേത്. എന്നാല്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തിലെ ആളിന് തൂങ്ങിയ തോളുകളാണ്. കൂടാതെ അഭിനന്ദന്‍ വര്‍ത്തമാന് വോട്ട് തമിഴ്‌നാട്ടിലാകാനാണ് സാധ്യത. ഏപ്രില്‍ 11 ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് ഉള്‍പ്പെട്ടിട്ടില്ല. ഫലത്തില്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ച് സംഘപരിവാര്‍ അനുകൂലികള്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നുവെന്ന് വ്യക്തം.

തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളില്‍ അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് ബിജെപി വോട്ടുതേടിയതിനെതിരെ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തത്തിയിരുന്നു. അഭിനന്ദന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കമ്മീഷന്റെ ശാസന നിലനില്‍ക്കെയാണ് സംഘപരിവാര്‍ വ്യാജപ്രചരണവും കൊഴുപ്പിക്കുന്നത്.

വ്യാജപ്രചരണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് Alt News ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in