അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറം; എന്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള തര്‍ക്കത്തിന് പിന്നില്‍

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറം; എന്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള തര്‍ക്കത്തിന് പിന്നില്‍

അസം-മിസോറം അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മിസോറം പോലീസ് കേസെടുത്തിരിക്കുകയാണ്. വധശ്രമമമടക്കമുള്ള നിരവധി സുപ്രധാന വകുപ്പുകള്‍ ചുമത്തിയാണ് ഹിമന്തക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മിസോറം പോലീസ് കേസെടുത്തിരിക്കുന്നത്.

കനത്ത സംഘര്‍ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അസം-മിസോറം അതിര്‍ത്തികളില്‍ ഉണ്ടായത്. ജൂണ്‍ മാസാവസാനത്തില്‍ത്തന്നെ ലൈലാപ്പൂര്‍ വനമേഖലയില്‍ ഉടലെടുത്ത ഒരു കയ്യേറ്റ ആരോപണത്തില്‍നിന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഈ വനമേഖലയില്‍ ഇരു സംസ്ഥാനങ്ങളും അവകാശവാദമുന്നയിക്കുന്നു. ഈ ആരോപണത്തിന്റെ തുടര്‍ച്ചയെന്നോണം രണ്ട് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 6 അസം പോലീസുകാരടക്കം 7 പേര്‍ മരിച്ചിരുന്നു. ഇപ്പോഴും സംഘര്‍ഷസാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍, അതിര്‍ത്തികള്‍ ഇനിയും പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയിട്ടില്ല.

വര്‍ഷങ്ങളോളം പഴക്കമുണ്ട് അസം മിസോറം അതിര്‍ത്തിതര്‍ക്കത്തിന്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ അസം, ഇന്നത്തേക്കാളും വളരെയധികം ഭൂവ്യാപ്തിയുണ്ടായിരുന്ന ഒരു സംസ്ഥാനമായിരുന്നു.1875ല്‍ ബ്രിട്ടീഷ് അധികാരികള്‍ അസമിലെ കച്ചാര്‍ സമതലങ്ങളെയും ലുഷൈ മലനിരകളെയും അതായത് ഇന്നത്തെ മിസോറാമിനെ വേര്‍തിരിച്ച് അതിര്‍ത്തി നിശ്ചയിക്കുകയുണ്ടായി.

തേയിലത്തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, മിസോ തദ്ദേശീയജനതയുമായി ഉടലെടുത്തിരുന്ന തര്‍ക്കങ്ങളാണ് ബിട്ടീഷുകാരെ ഒരു അതിര്‍ത്തി നിര്‍ണ്ണയത്തിന് പ്രേരിപ്പിച്ചത്. ഇതു പ്രകാരം ലുഷൈ മലനിരകള്‍ മിസോ തദ്ദേശീയജനതയ്ക്ക് വിട്ടുനല്‍കപ്പെട്ടു.

പിന്നീട്, 1933ലുണ്ടായ മറ്റൊരു അതിര്‍ത്തിനിര്‍ണ്ണയമാണ് ഇന്ന് സംഭവിക്കുന്ന സംഘര്‍ഷങ്ങളുടെയെല്ലാം അടിത്തറ പാകിയത്. അന്നത്തെ പുതിയ നിര്‍ണ്ണയം പ്രകാരം ലുഷൈ മലനിരകള്‍ക്ക് മണിപ്പൂരുമായിട്ട് കൂടി അതിര്‍ത്തി പങ്കിടേണ്ടിവന്നു. ഈ തീരുമാനം മിസോ തദ്ദേശീയജനത അംഗീകരിച്ചില്ല. 1875ലെ അതിര്‍ത്തികളെയാണ് അവര്‍ അംഗീകരിച്ചുപോന്നിരുന്നത്.

1972 ല്‍ മിസോറം ഒരു സംസ്ഥാനമായി മാറിയപ്പോള്‍ ഈ അതിര്‍ത്തി പ്രശ്‌നം വീണ്ടും മുഖ്യധാരയിലേക്ക് എത്തുകയായിരുന്നു.അതിര്‍ത്തികളില്‍ ഇരു സംസ്ഥാനങ്ങളുടെയും ഉടമസ്ഥതയിലില്ലാത്ത സ്ഥലങ്ങള്‍ അതേപടി നിലനിര്‍ത്താനും, അവയുടെ തല്‍സ്ഥിതി കാത്തുസൂക്ഷിക്കാനും അസമും മിസോറാമും തമ്മില്‍ കരാറിലേര്‍പ്പെട്ടു. ഇന്നും ആ കരാര്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.

164.6 കിലോമീറ്റര്‍ അതിര്‍ത്തിയാണ് അസമും മിസോറമും തമ്മില്‍ പങ്കിടുന്നത്. ശാന്തമായി നിലനിന്നിരുന്ന അതിര്‍ത്തികള്‍ക്ക് മുകളില്‍ 2018ലാണ് വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കരാര്‍ പ്രകാരം, തല്‍സ്ഥിതി തുടരേണ്ടുന്ന വനപ്രദേശത്തില്‍ മിസോ സിര്‍ലയ് പൗള്‍ എന്ന മിസോറാം വിദ്യാര്‍ത്ഥിസംഘടന തങ്ങളുടെ കര്‍ഷകര്‍ക്കായുള്ള വിശ്രമസ്ഥലങ്ങള്‍ പണിയാനായി ശ്രമമാരംഭിച്ചപ്പോളായിരുന്നു സ്ഥിതി രൂക്ഷമായത്. അസം ഇതിനെ ശക്തമായി എതിര്‍ത്തു.

പിന്നീട്, കഴിഞ്ഞ ഒക്ടോബറില്‍ ഇരു സംസ്ഥാനങ്ങളും അവകാശവാദമുന്നയിക്കുന്ന ലൈലാപൂര്‍ വനമേഖലയില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റി അസമും മിസോറമും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അങ്ങിങ്ങായി ചെറു സംഘര്‍ഷങ്ങള്‍ ഉടലെടുത്തുവന്നിരുന്നു. എന്നാല്‍, ജൂണ്‍ മാസാവസാനത്തില്‍ ലൈലാപൂരില്‍തന്നെ ഉടലെടുത്ത ഒരു കയ്യേറ്റ ആരോപണത്തിന്മേല്‍ രണ്ട് സംസ്ഥാനങ്ങളിലെയും പോലീസും ജനങ്ങളും പരസ്പരം തുടങ്ങിയ സംഘര്‍ഷം ഇപ്പോള്‍ 7 മനുഷ്യരുടെ ജീവനെടുത്തിരിക്കുകയാണ്. 80ലധികം പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരിക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് പരസ്പരമുള്ള തര്‍ക്കങ്ങള്‍ അത്ര പുതിയതല്ല. പക്ഷെ അവയൊന്നും ഇത്തരത്തില്‍ കയ്യങ്കാളിക്ക് പോകാറില്ല എന്നത് ഒരു വാസ്തവമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ, ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ പരസ്പരം വാദപ്രതിവാദങ്ങളില്‍ ഏര്‍പെട്ടിരിക്കുന്നതിനാല്‍, സമാധാനത്തിനും സമരസത്തിനും ഉടനെയൊന്നും സാധ്യതകളുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in