ഹരേന്‍ പാണ്ഡ്യവധം: ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടവരെ സുപ്രീംകോടതി ശിക്ഷിച്ചത് എങ്ങനെ?   

ഹരേന്‍ പാണ്ഡ്യവധം: ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടവരെ സുപ്രീംകോടതി ശിക്ഷിച്ചത് എങ്ങനെ?   

ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 12 പേരെയും ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടത് കേസിലെ ഏക ദൃക്‌സാക്ഷിയെ അവിശ്വസിച്ച് കൊണ്ടായിരുന്നു. എട്ടു വര്‍ഷത്തിനിപ്പുറം വെറുതെ വിട്ട 12 പ്രതികളും കുറ്റക്കാരാണെന്ന് സുപ്രീം കോടതി തിരുത്തുന്നതും അതേ സാക്ഷിയായ അനില്‍ യാദ്‌റാം പട്ടേലിന്റെ മൊഴി വിശ്വാസത്തിലെടുത്ത് കൊണ്ടാണ്.

നരേന്ദ്ര മോദിയുമായി അഭിപ്രായ വ്യത്യാസമുള്ള പാര്‍ട്ടി നേതാവായിരുന്ന ഹരേന്‍ പാണ്ഡ്യ 2003 മാര്‍ച്ച് 26 നായിരുന്നു കൊല്ലപ്പെട്ടത്. 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വിരുദ്ധ കലാപത്തിന് പ്രതികാരമായിട്ട് നടന്ന കൊലപാതകമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. അഹമ്മദാബാദിലെ പ്രഭാത സവാരിക്കായി ഇറങ്ങിയ പാണ്ഡ്യയെ ജംഗ്ഷനില്‍ വച്ച് വാഹനത്തില്‍ വച്ച് തന്നെ വെടിവെച്ചു കൊല്ലുകയായിരുന്നു.

വിശ്വഹിന്ദു പരിഷത്ത് നേതാവായ ജഗദീഷ് തിവാരിയ്ക്ക് നേരെയുണ്ടായ വധശ്രമവും ഇതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷിച്ചിരുന്നത്. സിബിഐ ഹാജരാക്കിയ ദൃക്‌സാക്ഷിയായ അനില്‍ യാദ്‌റാം പട്ടേലിനെ നേരത്തെ ഹൈക്കോടതി വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതികളെ കുറ്റക്കാരല്ലെന്ന് കാട്ടി വെറുതെ വിട്ടു. 2011ലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവര്‍ പട്ടേലിന്റെ മൊഴി വിസ്വാസത്തിലെടുത്ത് പ്രതികള്‍ക്ക് പോട്ട പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം പുഃനസ്ഥാപിച്ചത്.

മാരുതി കാറിലിരുന്ന പാണ്ഡ്യയെ കേസിലെ മുഖ്യപ്രതിയായ അസ്ഗര്‍ അലി അഞ്ചു തവണ വെടിവെച്ചുവെന്നും ബൈക്കിലെത്തിയ ആറാം പ്രതിയായ യൂനുസ് സാരേഷ് വാലയുടെ ബൈക്കില്‍ കയറി രക്ഷപെട്ടെന്നായിരുന്നു ദൃക്‌സാക്ഷിയായ പട്ടേലിന്റെ മൊഴി. എന്നാല്‍ അഞ്ചു തവണ വെടിയുതിര്‍ത്തിട്ടും കാര്‍ നിറയെ രക്തക്കറ ഇല്ലെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തല്‍. എന്നാല്‍ കൊല്ലപ്പെട്ടപ്പോള്‍ പാണ്ഡ്യക്ക് കൂടുതലും അന്തരിക മുറിവുകളാണ് ഉണ്ടായതെന്നും രക്തം കൂടുതലായി ഒഴുകുന്നതിന് തടസമായത് മരിച്ചയാള്‍ കിടന്ന രീതിയായിരിക്കാമെന്ന ഡോക്ടര്‍ നിര്‍ദ്ദേശമായിരുന്നു സുപ്രീം കോടതി അംഗീകരിച്ചത്.

മോഡി ഹരേന്‍ പാണ്ഡ്യയുടെ സംസ്‌കാര ചടങ്ങില്‍  
മോഡി ഹരേന്‍ പാണ്ഡ്യയുടെ സംസ്‌കാര ചടങ്ങില്‍  

സംഭവം നടക്കുമ്പോള്‍ കാറിന്റെ വിന്‍ഡോ കൂടുതല്‍ ഉയര്‍ന്നിരുന്നുവെന്നും അതിലൂടെ വെടിയുതിര്‍ക്കുക എളുപ്പമല്ലെന്നുള്ള വാദവും സുപ്രീം കോടതി തള്ളി. അഞ്ചു ബുള്ളറ്റുകള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെത്തുകയും ഏഴ് മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയതും ഹൈക്കോടതിയുടെ സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബുള്ളറ്റുകള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ അത്തരത്തില്‍ മുറിവുകളുണ്ടാകാമെന്ന ഫോറന്‍സിക് വിദഗ്ധരുടെ വാദം സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

കാറിലിരുന്നിരുന്ന പാണ്ഡ്യയുടെ വൃഷണസഞ്ചിയിലും വെടിയേറ്റിരുന്നു. വിന്‍ഡോയുടെ ചെറിയ വിടവിലൂടെ അത് സാധ്യമല്ലെന്നായിരുന്നു ഹൈക്കോടതി അംഗീകരിച്ചിരുന്നത്. എന്നാല്‍ വെടിയേറ്റപ്പോള്‍ പാണ്ഡ്യ കാലുകള്‍ ഉയര്‍ത്തിയെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങളില്‍ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഹൈക്കോടതി വാദം തള്ളുകയായിരുന്നു.

ഹരേന്‍ പാണ്ഡ്യവധം: ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടവരെ സുപ്രീംകോടതി ശിക്ഷിച്ചത് എങ്ങനെ?   
ഇറക്കുമതിച്ചുങ്കം: മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനുമെതിരെ മോഡി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കേസില്‍ സിബിഐ ഹാജരാക്കിയ ഒരേ ഒരു ദൃക്‌സാക്ഷിയായിരുന്നു പട്ടേല്‍. സംഭവസ്ഥലത്ത് തെരുവിലുണ്ടായിരുന്ന മറ്റുള്ളവരെ ആരെയും വിചാരണ ചെയ്തിരുന്നില്ല. കൂടാതെ പാണ്ഡ്യയുടെ ഫോണും പരിശോധിച്ചിരുന്നില്ല. ഇതെല്ലാം പരിഗണിച്ചായിരുന്നു ഹൈക്കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ ഇതെല്ലാം ദൃക്‌സാക്ഷിയായ പട്ടേലിന്റെ വിശ്വാസ്യത തകര്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വിലയിരുത്തുകയായിരുന്നു.

കൊലപാതകം രാഷ്ട്രീയ പേരിതമാണെന്ന് നേരത്തെ തന്നെ പാണ്ഡ്യയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണക്കമ്മീഷനുമുന്നില്‍ മോദിക്കെതിരെ പാണ്ഡ്യ മൊഴി നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ഉത്തരവാദികള്‍ മോദി ഭരണകൂടമാണെന്ന് പാണ്ഡ്യയുടെ ഭാര്യയും ആരോപിച്ചിരുന്നു. എന്നാല്‍ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേള്‍ക്കുന്ന സിബിഐ ജഡ്ജി എസ്‌ജെ. ശര്‍മയ്ക്കു മുമ്പാകെ സൊഹ്റാബുദ്ദീന്‍ ശൈഖാണ് പാണ്ഡ്യയുടെ കൊല നടത്തിയതെന്ന് ശൈഖിന്റെ സുഹൃത്തും കേസിലെ പ്രധാനസാക്ഷിയുമായ അസം ഖാന്‍ മൊഴി നല്‍കിയത് നേരത്തെ വിവാദമായിരുന്നു.ഗുജറാത്തിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡിജി. വന്‍സാരയാണ് കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു മൊഴി.

കേസ് അന്വേഷിച്ച സിബിഐ 12 പേര്‍ക്കെതിരെയായിരുന്നു കുറ്റം ചുമത്തിയത്. ഗൂഢാലോചന, കൊലപാതകം എന്നിവ അടക്കം കുറ്റങ്ങള്‍ ചുമത്തിയെങ്കിലും ഹൈക്കോടതി അവരെ വെറുതെ വിടുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ഉത്തരവിടുകയുമായിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍.

No stories found.
The Cue
www.thecue.in