ഇറക്കുമതിച്ചുങ്കം: മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനുമെതിരെ മോഡി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
Public Books

ഇറക്കുമതിച്ചുങ്കം: മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനുമെതിരെ മോഡി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അക്ഷരങ്ങള്‍ക്കും വായനക്കും അറിവിനും പണച്ചെലവ് കൂട്ടുകയും സാധ്യതകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന രണ്ട് നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്.

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ് പ്രഖ്യാപനം സ്വകാര്യവത്കരണത്തിലും ഉദാരവല്‍ക്കരണത്തിനും അളവറ്റ പ്രോത്സാഹനം നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ജനക്ഷേമത്തിനായുള്ള പ്രയോഗിക പദ്ധതികള്‍ ബജറ്റില്‍ കുറവാണെന്നും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും അഭിസംബോധന ചെയ്യുന്നതില്‍ ബജറ്റ് പരാജയപ്പെട്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ധനവില വര്‍ധന വിലക്കയറ്റത്തിനും വഴിവെയ്ക്കുന്നു.

ഇതിനെല്ലാം പുറമേ മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനും നേരെ ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' കൂടിയാണ് ബിജെപി സര്‍ക്കാരിന്റെ 2019-20 ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത്. അക്ഷരങ്ങള്‍ക്കും വായനക്കും അറിവിനും പണച്ചെലവ് കൂട്ടുകയും സാധ്യതകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന രണ്ട് നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്.

പത്രങ്ങളും മാസികകളും അച്ചടിക്കുന്ന പത്രക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ് കേന്ദ്ര സര്‍ക്കാര്‍ 2019-20 ബജറ്റിലൂടെ ചുമത്തി. അഞ്ച് ശതമാനം ചരക്കുസേവന നികുതിയും കൂടി ഈടാക്കുന്നതോടെ പത്രപ്രസാധകരുടെ നടുവൊടിയും. ശനിയാഴ്ച്ച മുതല്‍ നികുതി നിലവില്‍ വരുമെന്ന് ധനകാര്യമന്ത്രാലയത്തിന്റെ റവന്യൂ ഡിപ്പാര്‍ട്മെന്റ് ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ അറിയിച്ചു. മാസികകളില്‍ ഉപയോഗിക്കുന്ന കനംകുറഞ്ഞ കടലാസിനും (ലൈറ്റ് വെയ്റ്റ് കോട്ടഡ് പേപ്പര്‍) അച്ചടിപത്രക്കടലാസിനും (അണ്‍കോട്ടഡ്) നികുതി ബാധകമാണ്. ഇതുവരെ ഇല്ലാതിരുന്ന ഈ നികുതി രാജ്യത്തെ അച്ചടി മാധ്യമങ്ങളുടെ പതിയെ പതിയെ ഇല്ലാതാക്കാനാണോ എന്ന ചോദ്യമുയരുന്നു.

ഇറക്കുമതിച്ചുങ്കം: മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനുമെതിരെ മോഡി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
കടലാസ് ഇറക്കുമതി തീരുവയിലെ വര്‍ധന; അച്ചടിമാധ്യമങ്ങളുടെ നടുവൊടിക്കും, വില ഉയര്‍ത്തേണ്ടി വന്നേക്കും  
പേജുകളുടെ എണ്ണം കുറച്ചും വിലകൂട്ടിയുമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല പത്രസ്ഥാപനങ്ങളും പിടിച്ച് നില്‍ക്കുന്നത്.

മെട്രിക് ടണ്ണിന് ഏകദേശം 35,000 രൂപയാണ് ഇറക്കുമതി ചെയ്യുന്ന പത്രക്കടലാസിന്റെ വില. 10 ശതമാനം ഇറക്കുമതിച്ചുങ്കത്തിനൊപ്പം അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേരുമ്പോള്‍ ഇത് ടണ്ണിന് 40,000 രൂപ കടക്കും. പത്രക്കടലാസിന്റെ വില 60 ശതമാനത്തോളം ഉയര്‍ന്നതിനാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അച്ചടി മാധ്യമങ്ങള്‍ക്ക് പ്രതിസന്ധി നിറഞ്ഞതായിരുന്നു. ഇത് വരുമാനത്തെ ദോഷകരമായി ബാധിച്ചു. ആഭ്യന്തര വിപണിയില്‍ ഗുണനിലവാരമുള്ള ന്യൂസ്പ്രിന്റ് ലഭ്യത കുറയുന്നതിനിടെയാണ് ഇറക്കുമതിയിലൂടെ ലഭിക്കുന്നതിന് വില കൂടുന്നത്. ഇറക്കുമതി ചെയ്യുന്ന പത്രക്കടലാസിന്റെ ഗുണനിലവാരം അനുസരിച്ച് മിക്ക പത്രങ്ങളും പ്രിന്റിങ് സാങ്കേതികവിദ്യയും മെച്ചപ്പെടുത്തി. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്താലും ആഭ്യന്തരവിപണിയിലെ ലഭ്യതക്കുറവ് പ്രശ്‌നമാകും. ടിവിയും ഡിജിറ്റല്‍ മാധ്യമങ്ങളും കൂടുതല്‍ പരസ്യങ്ങള്‍ ആകര്‍ഷിക്കുന്നതോടെ പത്രങ്ങള്‍ക്ക് പരസ്യവരുമാനം കുറയുന്നത് തുടരുകയാണ്. ടിവി ചാനലുകളോടും ഓണ്‍ ലൈന്‍ പോര്‍ട്ടലുകളോടും മത്സരിക്കുന്നതിനിടയില്‍ പത്രവില കൂട്ടുന്നത് വരിക്കാര്‍ വിട്ടുപോകുന്നതിന് ഇടയാക്കുമോ എന്ന ആശങ്കയുമുണ്ട്.

ദേശീയ മാധ്യമങ്ങളില്‍ പലതും സര്‍ക്കാരിന് വഴങ്ങിയെന്നും അതൃപ്തിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്നുമുള്ള ആരോപണം ഒന്നാം മോഡി സര്‍ക്കാരിന്റെ തുടക്കം മുതലേയുണ്ട്. ചില ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും സര്‍ക്കാരിന്റേയും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടേയും പരസ്യ ഏജന്‍സികളായി മാറിയെന്നും പ്രതിപക്ഷപാര്‍ട്ടികളെ നിരന്തരമായി ആക്രമിക്കലാണ് ഇവയില്‍ പലതും മുഖ്യദൗത്യമായി ഏറ്റെടുത്തിരിക്കുന്നതെന്നും പല തവണ ചൂണ്ടിക്കാണിക്കപ്പെട്ടു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഒളിക്യാമറ ദൃശ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. റോയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷന്‍ വാങ്ങി പഴയ നോട്ട് മാറ്റിവാങ്ങുന്നതിനേക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍. 'ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ സംപ്രേഷണം ചെയ്യപ്പെട്ടേക്കില്ല' എന്ന് മുന്‍ കേന്ദ്ര മന്ത്രി പറയുകയുണ്ടായി. ഇത് ശരിവെയ്ക്കുന്ന തരത്തില്‍ വാര്‍ത്തസമ്മേളനത്തിന്റെ ലൈവ് സംപ്രേഷണം ചില ചാനലുകള്‍ നിര്‍ത്തിവെച്ചു. പ്രാദേശിക ഭാഷാപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ബദ്ധപ്പാട് കുറക്കാനാണ് ബിജെപി സര്‍ക്കാര്‍ നീക്കമെന്നും ആരോപണമുണ്ട്.

മാധ്യമമേഖലയിലുള്ള വിദേശ നിക്ഷേപം സ്വാഗതം ചെയ്തുകൊണ്ട് ഇളവുകളും ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിവേഗം കുത്തകവല്‍ക്കരിക്കപ്പെടുന്ന മേഖലയില്‍ മത്സരിച്ചുനില്‍ക്കാന്‍ പാടുപെടുന്ന സ്വതന്ത്ര്യമാധ്യമങ്ങള്‍ക്ക് ഇതോടെ വെല്ലുവിളികള്‍ വലുതാകും.

അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരതലത്തില്‍ പുസ്തകങ്ങളുടെ അച്ചടിയും പ്രസാധനവും പ്രോത്സാഹിപ്പിക്കാനാണ് ഇതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം. പുസ്തകങ്ങളുടെ കവറുകള്‍ക്കും പ്രിന്റഡ് മാനുവലുകള്‍ക്കും നികുതി ബാധകമാകും. അഞ്ച് ശതമാനം നികുതി രാജ്യത്തെ പുസ്തകപ്രേമികളില്‍ വലിയൊരു വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കുക. ലോകസാഹിത്യവും മറ്റ് മേഖലയിലെ പഠനങ്ങളുമെല്ലാം പിന്തുടരുന്നവര്‍ പുസ്തകങ്ങള്‍ക്കായി ഇനി കൂടുതല്‍ പണം മാറ്റിവെയ്ക്കണം. അറിവ് സമ്പാദനം മുമ്പത്തേക്കാള്‍ ചെലവേറിയതാകും. 'ഇവിടെ പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതിയോ മാഡം? വിദേശത്ത് നിന്നുള്ള അറിവ് കൂടി വേണ്ടേ?' എന്നായിരുന്നു നികുതി ഏര്‍പ്പെടുത്തലിനോടുള്ള എഴുത്തുകാരി ശോഭ ഡേയുടെ പ്രതികരണം. 'ആയുധങ്ങള്‍ക്ക് ഇറക്കുമതി തീരുവയില്ലാതിരിക്കുകയും പുസ്തകങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വിചിത്രമായ ബജറ്റ്' എന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് ഗന്‍ഷാം തിവാരി ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in