വിവി പാറ്റ് സിമ്പിളാണ്, പവര്‍ഫുളാണ് 

വിവി പാറ്റ് സിമ്പിളാണ്, പവര്‍ഫുളാണ് 

തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്താനാണ് വിവി പാറ്റ് 

വോട്ടിങ് മെഷീനുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ സംവിധാനമാണ് വിവി പാറ്റ്. വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നതിന്റെ ചുരുക്കപ്പേരാണ് വിവി പാറ്റ്.

വോട്ട് ചെയ്തതിന് ശേഷം വോട്ടിന്റെ വിവരങ്ങള്‍ വോട്ടര്‍ക്ക് ലഭിക്കും. ആര്‍ക്കാണ് വോട്ട് ലഭിച്ചത്, സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയാണ് രസീറ്റില്‍ ഉണ്ടാവുക.

വോട്ടിങ് യന്ത്രത്തോടൊപ്പം തന്നെയാണ് വിവി പാറ്റ് മെഷീനും സ്ഥാപിച്ചിട്ടുണ്ടാവുക. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ വിവി പാറ്റ് മെഷിനില്‍ ചിഹ്നം കാണിക്കും. ഏഴ് സെക്കന്റ് ഇത് കാണാന്‍ കഴിയും.

രസീറ്റ് മെഷീനിലെ ബോക്‌സിലാണ് വീഴുക. അത് സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടര്‍ക്ക് അത് ലഭിക്കില്ല. തൊട്ട് നോക്കാനും കഴിയില്ല.

വിവി പാറ്റ് പ്രവര്‍ത്തിക്കുക ഇങ്ങനെയാണ്‌ 
വിവി പാറ്റ് പ്രവര്‍ത്തിക്കുക ഇങ്ങനെയാണ്‌ 

വിവി പാറ്റില്‍ പ്രിന്റ് ചെയ്തില്ലെങ്കില്‍ വോട്ട് രേഖപ്പെടുത്തിട്ടുണ്ടാവില്ല. വോട്ടിങ് സംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ ഈ രസീത് പരിശോധിക്കും. വോട്ടര്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് എഴുതി വാങ്ങും. തുടര്‍ന്ന് പരസ്യമായി പരിശോധനാ വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വീണ്ടും വോ്ട്ട് രേഖപ്പെടുത്തേണ്ടത്. പരാതി തെളിഞ്ഞാല്‍ വോട്ടെടുപ്പ് നിര്‍ത്തിവെക്കും. എന്നാല്‍ പരാതി വ്യാജമാണെന്ന തെളിഞ്ഞാല്‍ നിയമ നടപടി നേരിടേണ്ടി വരും. ആറ് മാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ. വോട്ടിങ് മെഷീന്‍ തകരാറിലായാലും രസീറ്റുകള്‍ എണ്ണി വോട്ട് തിട്ടപ്പെടുത്താന്‍ കഴിയും.

ഒരു മണ്ഡലത്തിലെ ഒരു മെഷീന്‍ എണ്ണുന്ന രീതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അമ്പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഫലപ്രഖ്യാപനം നടത്താന്‍ ദിവസങ്ങള്‍ നീളുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീറ്റുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in