ആരാണ് സാധ്വി പ്രഗ്യാസിങ്?  മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാര,സഹചാരിയെ വധിച്ചതിനും തടവില്‍

സുനില്‍ ജോഷിയെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ 2008 ഒക്ടോബര്‍ 23 നാണ് സാധ്വി ആദ്യം പിടിയിലാകുന്നത്
 ആരാണ് സാധ്വി പ്രഗ്യാസിങ്?  മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാര,സഹചാരിയെ വധിച്ചതിനും തടവില്‍

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സാധ്വി പ്രഗ്യാസിങ് താക്കുര്‍. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ സാധ്വി ഇപ്പോള്‍ ജാമ്യത്തിലാണ്. സാധ്വിയെ രാജ്യത്തിന്റെ സംരക്ഷകയായാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മദ്ധ്യപ്രദേശ് ബിജെപി അവതരിപ്പിക്കുന്നത്. ഹിന്ദുക്കളെ താറടിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഇരയായിരുന്നു സാധ്വിയെന്ന് ബിജെപി തെരഞ്ഞെടുപ്പ് വേദികളില്‍ ആവര്‍ത്തിച്ച് പറയുന്നു. ഹിന്ദു ഭീകരതയെന്ന കോണ്‍ഗ്രസ് വാദത്തിന്റെ ഇരയാണ് സാധ്വിയെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

ഹൈന്ദവ തീവ്രവാദമെന്ന കോണ്‍ഗ്രസിന്റെ കള്ള പ്രചരണത്തിന് വിശ്വാസികള്‍ മാപ്പ് നല്‍കില്ലെന്നും തക്കതായ ശിക്ഷ നല്‍കുമെന്നുമാണ് വര്‍ധയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് സാധ്വിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പ്രതിചേര്‍ത്തതെന്നുവരെ ബിജെപി പ്രചരിപ്പിക്കുന്നു. എന്നാല്‍ സാധ്വി പ്രഗ്യാ താക്കുര്‍ ആദ്യം അറസ്റ്റിലാകുന്നത് ബിജെപി ഭരണത്തിലാണ്.

സുനില്‍ ജോഷിയെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ 2008 ഒക്ടോബര്‍ 23 നാണ് സാധ്വി ആദ്യം പിടിയിലാകുന്നത്. ഈ സമയത്ത് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരാണ് മദ്ധ്യപ്രദേശ് ഭരിക്കുന്നത്. സാധ്വിയടക്കം 8 പേര്‍ പിടിയിലായി. ചൗഹാന്റെ സര്‍ക്കാരുള്ളപ്പോഴാണ് അവരെ ആദ്യമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന കാര്യം ബിജെപി സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്നു.

രാജ്യത്തിന്റെ രക്ഷകയാണ് സാധ്വിയെന്നാണ് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപന വേളയില്‍ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ തീവ്രവാദിയും കൊലയാളിയുമായ ഒരാള്‍ക്കെങ്ങനെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി തിരിച്ചടിച്ചു. 2008 ലും 2011 ലും സാധ്വി അറസ്റ്റിലായത് ബിജെപി ഭരണകാലത്താണെന്ന് ചൗഹാന്‍ മറക്കരുതെന്നും ചതുര്‍വേദി ഓര്‍മ്മിപ്പിക്കുന്നു.

മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാര

2008 സെപ്റ്റംബര്‍ 29 നായിരുന്നു മലേഗാവ് സ്‌ഫോടനം. മുസ്ലിം ഭൂരിപക്ഷ മേഖലയാണ് മലേഗാവ്. ബൈക്കില്‍ ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയത്. 6 പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. സാധ്വിയും സംഘവുമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.

ആദ്യം പിടിയിലായത് അനുയായിയുടെ വധത്തില്‍

മക്ക മസ്ജിദ്, സംഛോത, മാലേഗാവ്, സ്‌ഫോടനകേസുകളില്‍ പരാമര്‍ശിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സുനില്‍ ജോഷി. 2007 ലെ സംഛോത എക്‌സ്പ്രസ് സ്‌ഫോടനകേസില്‍ ജോഷിയെ എന്‍ഐഎ പ്രതിചേര്‍ത്തിരുന്നു. 2007 ഡിസംബര്‍ 29 ന് ദേവാസില്‍ വെച്ച് ഇയാള്‍ വെടിയേറ്റ് മരിച്ചു. ജോഷിയുടെ മരണവുമായി ബന്ധപ്പെട്ട് 2008 ഒക്ടോബര്‍ 23 ന് സാധ്വിയുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ 2009 മാര്‍ച്ച് 25 ന് ഇവരെ കുറ്റവിമുക്തരാക്കി പൊലീസ് കേസ് അവസാനിപ്പിച്ചു. ഇതോടെ സാധ്വിടക്കമുള്ളവര്‍ ജയില്‍ മോചിതരായി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം 2010 ജൂലൈ 9 ന് മധ്യപ്രദേശ് പൊലീസ് പുനരന്വേഷണം നടത്തി സാധ്വിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സംഛോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന സുനില്‍ജോഷി പുറത്തുവിടുമെന്ന ഭയത്തില്‍ സാധ്വിയും 4 പേരും ചേര്‍ന്ന് ഇയാളെ വകവരുത്തിയെന്നാണ് കേസ്.

തുടര്‍ന്ന് 2011 ഫെബ്രുവരി 26 ന് സാധ്വിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനകം മാലേഗാവ് സ്‌ഫോടനകേസില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായതിനാലാണിത്. മലേഗാവ് സ്‌ഫോടനകേസില്‍ 6 പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ മധ്യപ്രദേശ് പൊലീസ് കൂട്ടുപ്രതികളെ രാജസ്ഥാന്‍ ഗുജറാത്ത് മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു.

2011 ല്‍ ഇന്‍ഡോര്‍ ഹൈക്കോടതി കേസ് പൂര്‍ണ്ണമായും എന്‍ഐഎയ്ക്ക് കൈമാറി. 432 പേജുള്ള കുറ്റപത്രമാണ് പദ്‌മേഷ് ഷായെന്ന മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത്. സാധ്വി താക്കുര്‍ ഉള്‍പ്പെയുള്ളവര്‍ ചേര്‍ന്നാണ് സുനില്‍ ജോഷിയുടെ വധപദ്ധതി തയ്യാറാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സുനില്‍ ജോഷി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടന ഗൂഢാലോചനകള്‍ വെളിപ്പെടുമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ജോഷി സാധ്വിക്ക് ശല്യമായിരുന്നുവെന്നും ഇയാള്‍ അവരോട് മോശമായി പെരുമാറിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒരു സ്ത്രീ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നില്ല അയാളില്‍ നിന്നുണ്ടായിരുന്നതെന്നാണ് ഇതുസംബന്ധിച്ച് വിവരിക്കുന്നത്. 124 സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നു. സാധ്വി , ആനന്ദ് രാജ് കടാരിയ, ഹര്‍ഷാദ് സോളങ്കി, വാസുദേവ് പര്‍മാര്‍, രാമചന്ദ്ര പട്ടേല്‍, മെഹുല്‍, രാകേഷ് എന്നിവര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. കൊലപാതകം, വധഗൂഢാലോചന, ആയുധം കൈവശം വെയ്ക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു.

ജോഷി കൊല്ലപ്പെട്ട ദിവസം സാധ്വി ഇന്‍ഡോറിലുണ്ടായി രുന്നുവെന്നും അവര്‍ മറ്റ് പ്രതികളുമായി മൊബൈലിലൂടെ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിരുന്നു. ജോഷി കൊല്ലപ്പട്ട ദിവസം സാധ്വി അയാളുടെ വീട്ടിലെത്തി പെട്ടി കൈക്കലാക്കിയെന്ന് ബന്ധുക്കള്‍ ആരോപിക്കുയും ചെയതിട്ടുണ്ട്. ജോഷിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലും അവരെത്തിയിരുന്നു.ഹര്‍ഷാദ്, മെഹുല്‍ രാകേഷ് ഉസ്താദ് എന്നിവരുമായുള്ള സുനിലിന്റെ തര്‍ക്കങ്ങളും കൊലപാതകത്തിന് കാരണമായതായി കുറ്റപത്രത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.

2002 മാര്‍ച്ച് ഒന്നിന് നടന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയിലെ പ്രതികളാണ് ഈ നാലുപേര്‍. സുനില്‍ ജോഷിക്കൊപ്പം ദേവാസിലായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ജോഷി ഇവരെ നിരന്തരം അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബെസ്റ്റ് ബേക്കറി സംഭവത്തില്‍ 14 പേരെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. 3 വര്‍ഷങ്ങള്‍ക്കിപ്പുറം 2014 ഓഗസ്റ്റ് 19 ന് കേസ് വീണ്ടും ദേവാസ് ജില്ലാ കോടതിയിലെത്തി. ഇതിനിടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി രാജ്യ ഭരണം പിടിച്ചിരുന്നു. വിചാരണ നടപടികള്‍ക്കൊടുവില്‍ 2017 ഫെബ്രുവരി 1 ന് ദേവാസ് അഡീഷണല്‍ ജില്ലാ ജഡ്ജ് രാജീവ് കുമാര്‍ ആപ്‌തേ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയും രംഗത്തെയിരിക്കുകയാണ് സാധ്വി. കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണ്. മലേഗാവ് സ്‌ഫോടനകേസില്‍ എനിക്കെതിരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിടാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ.് പക്ഷേ തെളിവ് താന്‍ കൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ നശിച്ചുപോകുമെന്ന് ഞാന്‍ പറഞ്ഞു. തെളിവ് കണ്ടെതതാന്‍ ദൈവത്തിനടുത്ത് പോകണമോയെന്ന് കര്‍ക്കറെ ചോദിച്ചു. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ചെയ്യൂവെന്ന് താന്‍ പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമായിരുന്നു പ്രഗ്യാസിങ്ങിന്റെ വാക്കുകള്‍.

മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗാണ് ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 1989 മുതല്‍ ബിജെപിയാണ് ഇവിടെ ജയിച്ചുവരുന്നത്. ഭോപ്പാല്‍,അല്ലെങ്കില്‍ ഇന്‍ഡോര്‍ പോലെ ബിജെപിയുടെ ഉറച്ച കോട്ടകളില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ദിഗ്‌വിജയ് സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം ഭോപ്പാല്‍ തെരഞ്ഞെടുത്തു. അപ്രതീക്ഷിതമായിരുന്നു സാധ്വിയുടെ സ്ഥാനാര്‍ത്ഥിത്വം. പൊടുന്നനെ ബിജെപി അംഗത്വമെടുക്കുകയും ഭോപ്പാലില്‍ മത്സരിക്കാന്‍ താല്‍പ്പര്യമറിയിക്കുകയും ചെയ്തപ്പോള്‍ ബിജെപി അംഗീകരിക്കുകയായിരുന്നു.

No stories found.
The Cue
www.thecue.in