ടിക് ടോകിന് സംഭവിച്ചതെന്ത് ? നീക്കിയതിന്റെ കാരണങ്ങള്‍ 

പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഇനിയാര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാവില്ല.
ടിക് ടോകിന് സംഭവിച്ചതെന്ത് ? നീക്കിയതിന്റെ കാരണങ്ങള്‍ 

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. മദ്രാസ് ഹൈക്കോടതി വിധിയും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇടപെടലുമാണ് ടിക് ടോക്കിന്റെ നീക്കം ചെയ്യലില്‍ കലാശിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഇനിയാര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം ഫോണിലുള്ളവര്‍ക്ക് ആപ്പ് തുടര്‍ന്ന് ഉപയോഗിക്കുന്നതിന് നിലവില്‍ വിലക്കില്ല.

വഴിത്തിരിവായത് മദ്രാസ് ഹൈക്കോടതി വിധി

ഏപ്രില്‍ 3 നാണ് ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്. ജസ്റ്റിസ് എന്‍ കൃപാകരന്‍, എസ് എസ് സുന്ദര്‍ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു നടപടി. തുടര്‍ന്ന് കമ്പനി കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 16 ന് കേസ് വീണ്ടും പരിഗണിച്ച കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതോടെ ചൊവ്വാഴ്ച വൈകീട്ടോടെ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ നീക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതിയും നേരത്തേ വിസമ്മതിച്ചിരുന്നു. അതേസമയം വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കോടതി പ്രത്യേക കോണ്‍സലിനെ നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും.

ഇടപെടലുമായി ഐടി മന്ത്രാലയവും

മദ്രാസ് ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് ടിക് ടോക് നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം ഗുഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അശ്ലീല ഉള്ളടക്കങ്ങള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രാഫി, ലഹരിയെ ആദര്‍ശവല്‍ക്കരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ആപ്പ് നീക്കുന്നതിനായി കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നതായാണ് അറിയുന്നത്.

നിയമവഴി തേടിയത് മുത്തുകുമാര്‍

സാമൂഹിക പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ മുത്തുകുമാറാണ് ടിക് ടോകിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അശ്ലീല ഉള്ളടക്കങ്ങളുടെ ആധിക്യം കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്ത് ഉള്ളടക്കവും ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് ആപ്പിന്റെ ഘടനയെന്നും ഇത് യുവതലമുറയെ തെറ്റായി വഴിനടത്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ടിക് ടോക് കാരണമാകുന്നുവെന്നും വിശദീകരിച്ചിരുന്നു.

ടിക് ടോകിന്റെ ഭാവിയെന്ത് ?

നിലവില്‍ ലോകത്താകമാനമുള്ള 150 ദശലക്ഷം ഉപയോക്താക്കളുമായി പ്രവര്‍ത്തനം തുടരുമെന്നാണ് ടിക് ടോകിന്റെ പ്രതികരണം. സാമൂഹ്യപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 60 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ടിക് ടോക് വ്യക്തമാക്കുന്നു. മോശം ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും കമ്പനി അറിയിക്കുന്നു. ഏപ്രില്‍ 22 ന് അനുകൂല വിധിയുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ചിത്രീകരണത്തിനിടെ അപകടമരണങ്ങള്‍

ഇക്കഴിഞ്ഞയിടെ ടിക് ടോക് ചിത്രീകരണത്തിനിടെ ഡല്‍ഹിയില്‍ മുഹമ്മദ് സല്‍മാന്‍ എന്ന 19 കാരന്‍ കൊല്ലപ്പെട്ടിരുന്നു. സുഹൈല്‍ മാലിക് എന്ന സുഹൃത്തുമായി ചേര്‍ന്ന് തോക്കുകൊണ്ട് ടിക് ടോക് പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. പഞ്ചാബില്‍ ടിക് ടോക് ചിത്രീകരണത്തിനിടെ യുവാവ് ട്രാക്ടറിനടിയില്‍പ്പെട്ട് മരണപ്പെടുകയും ചെയ്തു. ഓടുന്ന ട്രാക്ടറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വഴുതി വീണ് ചക്രങ്ങള്‍ക്കടിയില്‍ അകപ്പെടുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിനിടെ തമിഴ്‌നാട്ടുകാരായ 3 വിദ്യാര്‍ത്ഥികള്‍ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കറ്റ സംഭവവും ഉണ്ടായി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇത്തരം അപകടങ്ങളും നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്ന സംഘര്‍ഷങ്ങളുമെല്ലാം ടിക് ടോകിനെതിരെ നിലപാടെടുക്കാന്‍ ഭരണ-നിയമസംവിധാനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് സല്‍മാന്‍
മുഹമ്മദ് സല്‍മാന്‍

ഡൗണ്‍ലോഡിന് മറ്റൊരു വഴി തുറന്നുകിടക്കുന്നു

ആപ്പ് സ്റ്റോര്‍, പ്ലേസ്റ്റോര്‍ എന്നിവ മുഖേനയല്ലാതെ ടിക് ടോക് ഡൗണ്‍ലോഡിന് മറ്റൊരു വഴി തുറന്നുകിടക്കുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി സംവിധാനങ്ങള്‍ വഴി എപികെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഗൂഗിളില്‍ തിരഞ്ഞാല്‍ ടിക് ടോകിന്റെ എപികെ ഫയലുകള്‍ ലഭിക്കും. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഉള്‍പ്പെടുത്താന്‍ ഫോണിന് അനുമതി നല്‍കണം.ഇത്തരത്തില്‍ ടിക് ടോക് ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ ഏതുനിമിഷവും ഇങ്ങനെയുള്ള ഡൗണ്‍ലോഡിനും നിരോധനം വന്നേക്കാം. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. ഫോണിലെ വിവരങ്ങള്‍ ചോര്‍്ത്തി തട്ടിപ്പ് നടത്താവുന്ന മാല്‍വെയര്‍ ആപ്പുകള്‍ ഇതോടൊപ്പം ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്. ഇതുകൂടി പരിഗണിച്ചേ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കാനാകൂ.

നിയമനടപടി സ്വീകരിച്ചത് അമേരിക്കയും ഇന്‍ഡോനേഷ്യയും

അശ്ലീല വീഡിയോകളുടെ ആധിക്യം കാരണം ഇന്‍ഡോനേഷ്യ 2018 ജൂലൈ 3 ന് ടിക് ടോകിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. പോണോഗ്രഫി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 13 വയസ്സിന് താഴെയുള്ളവരുടെ സ്വകാര്യതയ്ക്ക് വിരുദ്ധമായി വീഡിയോകള്‍ പങ്കുവെച്ചതിന് അമേരിക്ക മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് 5.7 ദശലക്ഷം ഡോളര്‍ പിഴയിട്ടിട്ടുമുണ്ട്.

ബൈറ്റ് ഡാന്‍സിന്റെ ടിക് ടോക്

ഇന്റര്‍നെറ്റിലെ ചൈനീസ് ഭീമനായ ബൈറ്റ് ഡാന്‍സിന്റേതാണ് ടിക് ടോക് എന്ന സോഷ്യല്‍ മീഡിയ ആപ്പ്. അക്കൗണ്ടുകളിലൂടെ ചെറിയ വീഡിയോകള്‍ പങ്കുവെച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രകടനങ്ങളടക്കം ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് ടിക് ടോകിന്റെ പ്രവര്‍ത്തനം. കുറഞ്ഞ കാലയളവിനുള്ളില്‍ ലക്ഷക്കണക്കിനാളുകളിലേക്ക് വ്യാപിക്കാന്‍ ടിക് ടോകിനായി. കേരളത്തില്‍ മാത്രം 30 ലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്നാണ് വിവരം.

No stories found.
The Cue
www.thecue.in