പ്രകടനപത്രികയില്‍ യുദ്ധതല്‍പ്പരതയുമായി ബിജെപി, സമവായവാദവുമായി കോണ്‍ഗ്രസ് 

പ്രകടനപത്രികയില്‍ യുദ്ധതല്‍പ്പരതയുമായി ബിജെപി, സമവായവാദവുമായി കോണ്‍ഗ്രസ് 

പ്രകടനപത്രികയില്‍,കശ്മീര്‍ വിഷയം ദേശീയതാവികാരം ജ്വലിപ്പിക്കാന്‍ ബിജെപി ഉപയോഗിക്കുമ്പോള്‍ സമവായമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്.   

സങ്കല്‍പ് പത്രയാണ് ബിജെപിയുടെ പ്രകടനപത്രിക. ഹം നിഭായേങ്കെയെന്ന മുദ്രാവാക്യത്തോടെയാണ് കോണ്‍ഗ്രസിന്റേത്. പ്രകടനപത്രികയില്‍,കശ്മീര്‍ വിഷയം ദേശീയതാവികാരം ജ്വലിപ്പിക്കാന്‍ ബിജെപി ഉപയോഗിക്കുമ്പോള്‍ സമവായമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നതിങ്ങനെ.

പ്രശ്നപരിഹാരത്തിന് 3 അംഗ മദ്ധ്യസ്ഥസംഘത്തെ നിയമിക്കും. കശ്മീരിന്റെ ഉള്‍പ്രദേശങ്ങള്‍ മുതല്‍ അതിര്‍ത്തിവരെ സൈന്യത്തെ പുനര്‍വിന്യസിക്കും. സേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം (AFSP) പുനപ്പരിശോധിക്കും. സുരക്ഷ കര്‍ശനമാക്കുമ്പോള്‍ മനുഷ്യാവകാശം ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. മുന്‍ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ പലതും കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണെന്ന് വ്യക്തം.

2006 ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ കശ്മീര്‍ വിഷയത്തില്‍ നിരവധി സമവായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 2010 ല്‍ പ്രശ്‌നപരിഹാരത്തിന് മദ്ധ്യസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് പഡ്ഗോങ്കര്‍, പ്രൊഫസര്‍ എംഎം അന്‍സാരി, പ്രൊഫസര്‍ രാധ കുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. എന്നാല്‍ ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് 2014 ല്‍ അധികാരം ഒഴിയുന്നത് വരെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വീണ്ടുമൊരു സംവാദകസംഘത്തെ നിയോഗിക്കുന്നതിന്റെ പ്രസക്തി എന്താണെന്ന വിമര്‍ശനം ഉയരുകയാണ്.

സൈന്യത്തിന്റ പുനര്‍വിന്യാസമാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രഖ്യാപനം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈന്യത്തിന്റെ പുനര്‍വിന്യാസത്തിന് നീക്കങ്ങള്‍ നടത്തിയിരുന്നു. അപ്പോഴൊക്കെയും തീവ്രവാദം ശക്തിയാര്‍ജിക്കുകയാണുണ്ടായത്. അഫ്സ്പ നിയമം പുനപ്പരിശോധിക്കുന്നത് സങ്കീര്‍ണ്ണതകള്‍ക്ക് വഴിവെയ്ക്കും. ഇത്തരമൊരു നീക്കത്തെ സൈന്യം ശക്തമായി എതിര്‍ക്കുമെന്നുറപ്പാണ്. ഫലത്തില്‍ ഈ നിയമത്തില്‍ ഇളവ് വരുത്തുക എളുപ്പമല്ലെന്ന് ചുരുക്കം.

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പരാമര്‍ശങ്ങളില്ല. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലായതിനാണ് വിഷയത്തില്‍ കൈവെയ്ക്കാന്‍ പാര്‍ട്ടി ഭയക്കുന്നത്.

അതേസമയം കശ്മീര്‍ വിഷയത്തില്‍ ഗാലറിക്കുവേണ്ടിയുള്ള കളിയാണ് ബിജെപിയുടത്. രാജ്യസുരക്ഷാ വാദമുയര്‍ത്തി തീവ്ര ദേശീയതയ്ക്കാണ് ബിജെപി ശ്രമം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് അംഗീകാരം നല്‍കുന്ന 35A വകുപ്പും അസാധുവാക്കും. കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും സങ്കല്‍പ് പത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവായി, തീവ്രവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ബിജെപി പ്രകടന പത്രിക പ്രഖ്യാപിക്കുന്നു. എന്നാല്‍ 370,35 എ വകുപ്പുകളുടെ റദ്ദാക്കല്‍ ഏത് രീതിയില്‍ സാധ്യമാകുമെന്ന് പ്രകടനപത്രികയില്‍ പരാമര്‍ശമില്ല. ബിജെപിക്ക് കശ്മീരില്‍ കാര്യമായ സ്വാധീനമില്ല. ന്യൂനപക്ഷ വോട്ടും ന്യൂനപക്ഷ കക്ഷികളുമായുള്ള സഖ്യസാധ്യതകളും മുന്നില്‍ കണ്ടാണ് ബിജെപി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പുനരവധിവാസം എങ്ങനെ സാക്ഷാത്കരിക്കുമെന്നും വ്യക്തമാക്കാന്‍ സാധിച്ചിട്ടുമില്ല.

സൈന്യത്തിന്റെ ആയുധശേഷി വര്‍ധിപ്പിക്കുമെന്ന് രണ്ട് പത്രികകളും വിശദീകരിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ ആയുധനിര്‍മ്മാണ കേന്ദ്രത്തില്‍ എകെ 203 നിര്‍മ്മിക്കുമെന്ന് പരാമര്‍ശമുണ്ട്. പ്രതിരോധവകുപ്പിനുള്ള ബഡ്ജറ്റ് വിഹിതം വര്‍ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു.

പ്രതിരോധവകുപ്പില്‍ ഉന്നത പദവി സൃഷ്ടിച്ച് സൈന്യത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം. സൈനിക രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് ഇത്തരമൊരാവശ്യം ദീര്‍ഘനാളായുണ്ട്. എന്നാല്‍ മുന്നണികള്‍ അവഗണിക്കുകയായിരുന്നു. വിഷയം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നുവെന്ന് ഇപ്പോഴത്തെ പ്രഖ്യാപനം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം മുന്‍പ് ഇത്തരത്തില്‍ ഒരു ആലോചന നടത്തിയിരുന്ന ബിജെപി ഇക്കാര്യം പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല.

കേന്ദ്ര സായുധ പൊലീസ് സേനയില്‍ ലാറ്ററല്‍ എന്‍ട്രിവഴി പ്രവേശനം സാധ്യമാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. വിമുക്ത ഭടന്‍മാര്‍ക്ക് സൈനിക ആശുപതികളില്‍ കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തും. വിരമിച്ച സൈനികരുടെ ഏറനാളുകളായുള്ള ഈ ആവശ്യം കോണ്‍ഗ്രസ് പരിഗണിച്ചിട്ടുണ്ട്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ തുടര്‍ച്ചയായി വിരമിക്കലിന് മൂന്ന് വര്‍ഷം മുന്‍പുതന്നെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി തന്നെ അവതാളത്തിലായിരിക്കെയാണ് അതുമായി ബന്ധപ്പെടുത്തി വന്‍പദ്ധതികള്‍ ബിജെപി വിഭാവനം ചെയ്യുന്നത്.

കേന്ദ്ര സായുധ സേനയുടെ ആധുനികവല്‍ക്കരണം ഇരു പ്രകടനപത്രികകളും വാഗ്ദാനം ചെയ്യുന്നുണ്ട്. നുഴഞ്ഞുകയറ്റത്തിനെതിരെ കര്‍ശന നടപടിയും അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തലും പ്രതിജ്ഞാബദ്ധമായി നിറവേറ്റുമെന്ന് കോണ്‍ഗ്രസും ബിജെപിയും പറഞ്ഞുവെയ്ക്കുന്നു.

അതേസമയം സാര്‍ക്കിനെയും അംഗമായ പാകിസ്താനെയും ബിജെപി ഒഴിവാക്കിയിട്ടുണ്ട്. സാര്‍ക്കുമായും ആസിയാന്‍ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. വ്യാപാരം, നിക്ഷേപം, ടൂറിസം സാംസ്‌കാരിക വിനിമയം തുടങ്ങിയ രംഗങ്ങളില്‍ സാര്‍ക്, ആസിയാന്‍ രാജ്യങ്ങളുമായി ദൃഢബന്ധമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. സാര്‍ക്കില്‍ പാകിസ്താന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫലത്തില്‍ മറ്റുരംഗങ്ങളില്‍ പാകിസ്താനുമായുള്ള സഹകരണത്തിന് ഒരുക്കമാണെന്ന് കോണ്‍ഗ്രസ് പരോക്ഷമായി സൂചിപ്പിക്കുകയാണ്.പാക് മാധ്യമമായ ഡോണ്‍ കോണ്‍ഗ്രസ് നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി സാര്‍ക്കിനെയോ പാകിസ്താനെയോ പരാമര്‍ശിക്കുന്നേയില്ല.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മേല്‍നോട്ടം വഹിച്ച മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണായക രേഖ തയ്യാറാക്കി സമര്‍പ്പിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. അതുപ്രകാം ഹൂഡ ഈ രേഖ കോണ്‍ഗ്രസ് അദ്ധ്യക്ഷന് സമര്‍പ്പിച്ചതുമാണ്. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് യാതൊരു വിവരവുമുണ്ടായിട്ടില്ല. അതേക്കുറിച്ചുള്ള ഏതെങ്കിലും പരാമര്‍ശമോ രേഖയിലെ വിവരങ്ങളോ പത്രികയില്‍ ഇല്ല. എന്തുകൊണ്ടാണ് അതിലെ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നത് ദുരൂഹമായി തുടരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in