ലിങ്‌ദോയുടെ പേര് നീട്ടിവിളിച്ച് ആക്രമിച്ചത് മോദി;അനുപമയ്ക്ക് മുമ്പേ ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ ആക്രമണം 

ലിങ്‌ദോയുടെ പേര് നീട്ടിവിളിച്ച് ആക്രമിച്ചത് മോദി;അനുപമയ്ക്ക് മുമ്പേ ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ ആക്രമണം 

ടിവി അനുപമ എന്ന ഐ എ എസ് ഉദ്യോഗസ്ഥയെ അനുപമ ക്ലിന്‍സണ്‍ ജോസഫെന്ന് വിളിക്കുന്നത് ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. 

തൃശൂര്‍ കളക്ടര്‍ ടിവി അനുപമയെ അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് വിളിച്ചതിന് മുമ്പ് ജെഎം ലിങ്‌ദോ എന്ന മുന്‍മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ ജെയിംസ് മൈക്കല്‍ ലിംഗ്‌ദോയെന്ന് വിളിച്ചൊരു നേതാവുണ്ട്. ലിങ്തോയുടെ അന്നത്തെ വിയോജിപ്പ് അദ്ദേഹത്തിന്റെ മതസ്വത്വത്തിന്റെ ഇടപെടലാക്കി രാഷ്ട്രീയവല്‍ക്കരിച്ചത് മറ്റാരുമായിരുന്നില്ല ഇന്ന് പ്രധാനമന്ത്രിയും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്രമോദി.

2002 ല്‍ കാലാവധി പൂര്‍ത്തിയാകുംമുന്‍പ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാരിക്കെ നരേന്ദ്രമോദി കരുക്കള്‍ നീക്കി. ജെ എം ലിങ്‌ദോ ഇതിനെ രൂക്ഷമമായി എതിര്‍ത്തു. സുപ്രീം കോടതി ലിങ്‌ദോയുടെ നിലപാട് ശരിവെച്ചു. ഇതോടെയാണ് ലിങ്‌ദോയുടെ ക്രിസ്ത്യന്‍ സ്വത്വം കാട്ടി ഹിന്ദുവിരുദ്ധനാണെന്ന് വരുത്തി ആക്രമിച്ചത്. ലിങ്‌ദോ ഇറ്റലിയില്‍ നിന്ന് വന്നതാണോയെന്ന് സംശയമുണര്‍ത്തിയും മോദി പ്രസംഗിച്ചു.

ടിവി അനുപമ എന്ന ഐ എ എസ് ഉദ്യോഗസ്ഥയെ അനുപമ ക്ലിന്‍സണ്‍ ജോസഫെന്ന് വിളിക്കുന്നത് ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും മതസ്വത്വത്തിലേക്ക് ചേര്‍ത്തുനിര്‍ത്തിയുള്ള ആക്രമണശൈലി രാഷ്ട്രീയ ശൈലിയാക്കിയവരില്‍ നിന്ന് ജനാധിപത്യസ്വഭാവത്തിലുള്ള പ്രതികരണം പ്രതീക്ഷിക്കാനാകില്ല. വിയോജിക്കുന്നവരുടെ മതം ചികഞ്ഞ് ദേശവിരുദ്ധരാക്കി ആക്രമിക്കുന്ന സംഘപരിവാര്‍ ശൈലിയുടെ ഒടുവിലത്തെ ഇരയുമാണ് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. മതമോ ജാതിയോ തിരിച്ചല്ല പ്രവര്‍ത്തനമികവാല്‍ പൊതുസമൂഹത്തിന്റ പിന്‍തുണയാര്‍ജിച്ച ഉദ്യോഗസ്ഥയാണ് അവര്‍.

തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് അനുപമ ബിജെപിയുടെ കണ്ണിലെ കരടായത്. ശബരിമല പ്രചരണവിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നായിരുന്നു സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കെതിരെ ഉണ്ടായ പരാതി. ഇക്കാര്യത്തില്‍ ചട്ടലംഘനം നടത്തിയെന്ന അനുപമയുടെ റിപ്പോര്‍ട്ട് വന്നതോടെ കളക്ടറുടെ മതത്തെ മുന്‍നിര്‍ത്തി ബിജെപി വിദ്വേഷ പ്രചരണം ആരംഭിച്ചു. ബിജെപി-സംഘപരിവാര്‍ പക്ഷത്തെ ബൗദ്ധികചേരിക്ക് നേതൃത്വം നല്‍കുന്ന ടി ജി മോഹന്‍ദാസ് ക്രിസ്ത്യാനിയായ കലക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം തുടരുന്നു.

ദേശീയ ഗാന വിവാദം വന്നപ്പോള്‍ ഒറ്റദിവസം കൊണ്ടാണ് സംവിധായകന്‍ കമല്‍ കമാലുദ്ദീന്‍ എന്ന മുസ്ലീമും രാജ്യദ്രോഹിയുമായത്. മെര്‍സല്‍ എന്ന തമിഴ് സിനിമയില്‍ മോദിയുടെ അഭിമാനപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയും ജിഎസ്ടിയും വിമര്‍ശിക്കപ്പെട്ടപ്പോള്‍ സൂപ്പര്‍താരം വിജയ് ജോസഫ് വിജയ് എന്ന ക്രിസ്ത്യാനിയായി. ചികിത്സാ സൗകര്യങ്ങളില്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ അമ്പലമല്ല ആശുപത്രികളാണ് ഉയരേണ്ടത് എന്ന മെല്‍സല്‍ ചിത്രത്തിലെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി ക്രൈസ്തവ വിശ്വാസിയായ നടന്റെ ഹിന്ദുവിരുദ്ധതയെന്ന വ്യാഖ്യാനവും ബിജെപി നടത്തി.

ബിജെപിയുടെ ദേശീയ നേതാവ് എച്ച് രാജയാണ് സിനിമയിലെ വിമര്‍ശനത്തിന് മറുപടിയായി ജോസഫ് വിജയ് എന്ന് വിശേഷിച്ച് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇവിടെ ബിജെപിക്ക് കൈ പൊള്ളി. തമിഴ് ദേശീയതയില്‍ അഭിമാനം കൊള്ളുന്ന ദ്രാവിഡ ജനതയെ മതധ്രുവീകരണത്തിലൂടെ പിളര്‍ത്തി ഹിന്ദുത്വ രാഷ്ട്രീയത്തിന് കളമൊരുക്കാമെന്ന മോഹത്തെ തരിപ്പണമാക്കുന്നതായിരുന്നു മെര്‍സല്‍ വിവാദം. വിജയ്ക്കൊപ്പം തമിഴകം ഒറ്റക്കെട്ടായി നിന്നതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. ജോസഫ് വിജയ് എന്ന ലൈറ്റര്‍ പാഡില്‍ വിജയ് വിവാദത്തിന് മറുപടി നല്‍കിയതും ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് തിരിച്ചടിയായി.

കേരളത്തില്‍ ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കുന്ന ഘട്ടത്തിലും മതസ്വത്വം മുന്‍നിര്‍ത്തിയുള്ള വിദ്വേഷപ്രചരണം നടന്നിട്ടുണ്ട് ആദ്യം മനോജ് എബ്രഹാം ഐപിഎസിന് നേരെയായിരുന്നു. പിന്നീട് മലകയറാനെത്തിയ സ്ത്രീകളെ ഇതരമതസ്ഥരാക്കിയുള്ള വ്യാജപ്രചരണം നടന്നു. വിമര്‍ശിക്കുന്നവരുടെ ഔദ്യോഗിക പദവിയും ജനസ്വീകാര്യതയുമൊക്കെ വെല്ലുവിളിയാകുന്നിടത്തെല്ലാം വിദ്വേഷരാഷ്ട്രീയമാണ് എല്ലാ കാലത്തും ബിജെപിയുടെ ആയുധമാക്കിയിട്ടുളളതെന്ന് കാണാം.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ മോദി അഹമ്മദ് മിയാന്‍ എന്ന് വിളിച്ചതും ഇതേ ശൈലിയുടെ തുടര്‍ച്ചയായിരുന്നു. 2002 ലെ തെരഞ്ഞെടുപ്പില്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ മിയാന്‍ മുഷറഫ് എന്ന് മോദി വിളിച്ചിരുന്നു. ഇതിനോട് ബന്ധിപ്പിച്ചാണ് അഹമ്മദ് പട്ടേലിനെ അഹമ്മദ് മിയാനാക്കിയത്. പട്ടേലിന് പാക് ബന്ധുത്വം കല്‍പ്പിച്ചുനല്‍കുകയായിരുന്നു ലക്ഷ്യം.

ചലച്ചിത്രമേളയില്‍ ദേശീയ ഗാനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോഴാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലിനെ കമാലുദ്ദീനെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ വിളിച്ചത്. കമല്‍ രാജ്യദ്രോഹിയാണെന്നും രാജ്യം വിടണമെന്നും എ എന്‍ രാധാകൃഷ്ണന്‍ അന്ന് പറഞ്ഞു. കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന പ്രകാശ് രാജിനെ, പ്രകാശ് ആല്‍ബേര്‍ട്ട് രാജ് എന്നും പ്രകാശ് എഡ്വേര്‍ഡ് റായ് എന്നും വിളിച്ച് മതസ്വത്വം കല്‍പ്പിച്ചുനല്‍കാന്‍ ബിജെപി പരിശ്രമിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായവുമായുള്ള സൗഹൃദമാണ് വ്യാജ പ്രചരണത്തിന് ഉപകരണമാക്കിയത്. പ്രകാശ് രാജിന്റെ മറ്റൊരു പേര് പ്രകാശ് റായ് എന്നുമാത്രമാണ്.

എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതിനാണ് നടന്‍ ആര്യ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായത്. ജീവിത സഖിയെ കണ്ടെത്തുന്ന മത്സരമായിരുന്നു ഈ ഷോ. മലയാളിയായ ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് ആണെന്നും പരിപാടി മുസ്ലീമായ ആര്യ ലൗ ജിഹാദിന് കളമൊരുക്കുന്നതാണെന്നുമായിരുന്നു അന്ന് പ്രചരിപ്പിച്ചത്.

പൊതുജീവിതത്തിലോ പൊതുസമക്ഷമോ മതസ്വത്വം ഉപയോഗിക്കുന്നവര്‍ അല്ലെങ്കിലും ബിജെപിയും സംഘ്പരിവാറും എതിര്‍ക്കാന്‍ ഈ ശൈലി തന്നെ തുടരും. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ ക്രിയാത്മക പ്രതിപക്ഷമായി ഉയര്‍ന്നുവന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെയും മതസ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള ആക്രമണവും വിദ്വേഷ പ്രചരണവുമുണ്ടായി. അണികളില്‍ നിന്ന് നേതാക്കളിലേക്ക് അല്ല, നേതാക്കളില്‍ നിന്ന് അണികളിലേക്കാണ് ധ്രുവീകരണ രാഷ്ട്രീയപ്രസ്താവനകള്‍ എന്നും എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in