മുങ്ങിത്താഴുന്ന കുട്ടനാട്, പലായനം തുടരുന്ന ഒരു ജനത

മുങ്ങിത്താഴുന്ന കുട്ടനാട്, പലായനം തുടരുന്ന ഒരു ജനത
വിനോദിനി രാജു Syed Shiyaz Mirza
Summary

2018ലെ ഒന്നാം പ്രളയത്തിന് ശേഷം പലായന ഭൂമിയായി മാറിയിരിക്കുകയാണ് കുട്ടനാട്. ജനിച്ചതും വളര്‍ന്നതുമായ കിടപ്പാടം ഉപേക്ഷിച്ച് സ്ഥിരമായോ താല്‍ക്കാലികമായോ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് ഇവിടെയുള്ളവര്‍. മോംഗാബെ ഇന്ത്യക്ക് വേണ്ടി കെ.എ ഷാജി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ.

പറ്റാവുന്ന അത്രയും ആളുകള്‍ ഇവിടെനിന്ന് പോകുകയാണ്. അധികം വൈകാതെ വെള്ളത്താല്‍ ചുറ്റപ്പെട്ട ആളൊഴിഞ്ഞ കുറെ പ്രേതഭവനങ്ങള്‍ മാത്രമേ ഇവിടെ കാണൂ. സന്തോഷിന്റെ വാക്കുകളില്‍ കുട്ടനാടിലെ മനുഷ്യരുടെ വേദനയുടെ ആഴമുണ്ട്. പലായനം ചെയ്യേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന വിങ്ങലുകളത്രയുമുണ്ട്.

ഇലക്ട്രീഷ്യനായ സന്തോഷ് കുറച്ചുദിവസങ്ങള്‍ മുന്‍പാണ് കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം ദ്വീപിലുള്ള തന്റെ വീട്ടില്‍ നിന്നും ചേര്‍ത്തലയിലേക്ക് താമസം മാറിയത്. കാലാവസ്ഥാ പ്രതിസന്ധിയും അശാസ്ത്രീയ നിര്‍മാണങ്ങളും മൂലം നിരന്തരം വെള്ളക്കെട്ടനുഭവപ്പെടുന്ന കുട്ടനാട്ടില്‍നിന്ന് പലായനം ചെയ്യുന്ന അനേകം പേരില്‍ ഒരാളാണ് സന്തോഷ്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് കൊല്ലങ്ങളില്‍ വെള്ളക്കെട്ട് മൂലം കുട്ടനാടില്‍നിന്ന് കിടപ്പാടവും വീടും വസ്തുവകകളും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പലായനംചെയ്ത 6000 കുടുംബങ്ങളില്‍ ഒന്ന് മാത്രമാണ് സന്തോഷിന്റെ കുടുംബം.

ഫോട്ടോ സെയ്ദ് ഷിയാസ് മിർസ
ഫോട്ടോ സെയ്ദ് ഷിയാസ് മിർസ Syed Shiyaz Mirza

തുടരുന്ന യാതനകള്‍

ഒരുകാലത്ത് സുഗമമായി ഒഴുകിയിരുന്ന വേമ്പനാട് കായലാണ് ഇപ്പോള്‍ സന്തോഷിനെ പോലുള്ളവരുടെ ജീവനും സ്വത്തിനും അപായമുയര്‍ത്തിയത്.

'2018 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഞാനും കുടുംബവും കുട്ടനാട് വിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പത്ത് കൊല്ലമായി ഒട്ടേറെ വെള്ളപ്പൊക്കം ഞങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ മോശമായത് 2018 ലുണ്ടായ പ്രളയത്തിന് ശേഷമാണ്. ഒരു വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളും കുട്ടനാട് വെള്ളത്തില്‍ മുങ്ങിക്കിടപ്പാണ്. ഞങ്ങള്‍ എങ്ങനെ ഇവിടെ മനഃസ്സമാധാനത്തോടെ ജീവിക്കും' , സന്തോഷ് പറയുന്നു.

കനകശ്ശേരി ദ്വീപിലെ വിനോദിനി രാജുവിന്റെ അവസ്ഥ മറ്റൊന്നാണ്. ഭര്‍ത്താവിനും രണ്ട് പെണ്മക്കള്‍ക്കുമൊപ്പം ജീവിക്കുന്ന വിനോദിനിക്ക് ബാങ്ക് ലോണുകളാല്‍ കെട്ടിപ്പടുത്ത സ്വന്തം വീട് വിട്ടുപോകാന്‍ സാധിക്കില്ല. അങ്ങനെ പോകേണ്ടിവന്നാല്‍ മറ്റൊരിടത്ത് സ്ഥലം കണ്ടെത്തി ഒരു വീട് പണിയാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. തങ്ങളുടെ വീട് കഴിഞ്ഞ ഏഴ് വര്‍ഷമായി നിരന്തരം വെള്ളത്തില്‍ മുങ്ങിക്കിടപ്പാണെന്ന് വിനോദിനിയുടെ മക്കള്‍ അനാമികയും പൂജയും പറയുന്നു.

ഫോട്ടോ സെയ്ദ് ഷിയാസ് മിർസ
ഫോട്ടോ സെയ്ദ് ഷിയാസ് മിർസ Syed Shiyaz Mirza

'ഞങ്ങളിപ്പോള്‍ ശരിക്കും അഭയാര്‍ത്ഥികളാണ്. ഞങ്ങളുടെ ഭൂമിയെല്ലാം വെള്ളമെടുക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനപ്പുറം റോഡുകളും റിസോര്‍ട്ടുകളുമടക്കമുള്ള അശാസ്ത്രീയ നിര്‍മാണങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കി' , ആലപ്പുഴ കലവൂരില്‍ പുതിയൊരു സ്ഥലം വാങ്ങി വീടുപണി തുടങ്ങിയ പി.ബി വിജിമോന്‍ പറയുന്നു.

ഇത്തരത്തില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെയും, പല കാരണങ്ങളാല്‍ ജീവിച്ചതും വളര്‍ന്നതുമായി വീടും സ്ഥലവും ഉപേക്ഷിക്കാന്‍ സാധിക്കാത്തവരുടെയും മാത്രം ഇടമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കുട്ടനാട്. കുട്ടനാട് താലൂക് ഓഫീസര്‍ ടി.ഐ വിജയസേനനും ഇത് ശരിവെക്കുന്നു. സമീപപ്രദേശങ്ങളായ ആലപ്പുഴ, ചേര്‍ത്തല, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ പേരുടെയും പലായനം. വെള്ളപ്പൊക്കം തടയാനുള്ള നടപടികള്‍ ഗവണ്മെന്റ് എടുത്തുതുടങ്ങിയെങ്കിലും, അവ ഫലപ്രാപ്തിയിലെത്താന്‍ സമയമെടുക്കുമെന്ന് വിജയസേനന്‍.

ഫോട്ടോ സെയ്ദ് ഷിയാസ് മിർസ
ഫോട്ടോ സെയ്ദ് ഷിയാസ് മിർസ Syed Shiyaz Mirza

2018 ലെ പ്രളയം മാറ്റിമറിച്ച കുട്ടനാട്

വെള്ളപ്പൊക്കം ഒരു കാലത്ത് കുട്ടനാടന്‍ ജനതയുടെ ജീവിതശൈലിയുടെ തന്നെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള വഴികളും അവര്‍ക്കറിയാമായിരുന്നു. പക്ഷെ 2018 ലെ പ്രളയമാണ് എല്ലാം തകിടംമറിച്ചത്. പ്രളയത്തിന് ശേഷം കുട്ടനാടന്‍ ജലവിതാനത്തിന്റെ തനതുസ്വഭാവത്തില്‍ അപ്പാടെ മാറ്റംവന്നു. വെള്ളപ്പൊക്കത്തിന്റെ ദൈര്‍ഘ്യവും അവ ഉണ്ടാക്കുന്ന ആഘാതവും വര്‍ദ്ധിച്ചു. കേരളത്തിലെ മറ്റ് പ്രദേശങ്ങളെല്ലാം വളരെപ്പെട്ടെന്ന് സാധാരണഗതിയിലാകുമ്പോള്‍, കുട്ടനാട്ടില്‍ മാത്രം കുറെയേറെ ദിവസത്തേക്ക് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

'2018 ലെ പ്രളയത്തിനുശേഷം ഞാന്‍ ശരിക്കും ഉറങ്ങിയിട്ടില്ല. രാത്രികളില്‍ പലപ്പോഴും വെള്ളം കേറുന്നുണ്ടോ എന്നുനോക്കിക്കൊണ്ടുള്ള ഇരിപ്പാണ്. 2020 ലെ ഒരു രാത്രി പെട്ടെന്ന് വീട്ടിലേക്ക് വെള്ളം കയറി. വെറും 8 വയസ്സുള്ള എന്റെ പേരക്കുട്ടിയുമായി ഞാന്‍ ജീവനുംകൊണ്ട് ഒരുവിധം രക്ഷപ്പെടുകയായിരുന്നു. ഇനിയിപ്പോള്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള ആ വീട്ടില്‍ താമസിക്കാന്‍ പറ്റില്ല', കുട്ടനാട്ടിലെ തന്റെ വീട്ടില്‍ വെള്ളംകയറിയതുമൂലം മുഹമ്മയിലേക്ക് താമസംമാറ്റിയ എ.ബി.അശോകന്‍ പറയുന്നു.

കനത്ത മഴയും തുടര്‍ന്നുണ്ടാകുന്ന വെള്ളപൊക്കവുമെല്ലാം ഇപ്പോള്‍ കുട്ടനാട്ടുകാരുടെ ഉപജീവനമാര്‍ഗങ്ങളെയും ബാധിച്ചുകഴിഞ്ഞു. ലോക്ക്ഡൗണ്‍ മൂലവും വെള്ളം കയറിയുള്ള കനത്ത മടവീഴ്ച്ചകള്‍ മൂലവും വന്‍നഷ്ടമാണ് കര്‍ഷകര്‍ക്ക് കഴിഞ്ഞവര്‍ഷം നെല്‍കൃഷിയില്‍ ഉണ്ടായത്. നഷ്ടം സംഭവിച്ചെങ്കിലും, നിലം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവര്‍ക്ക് വാടകയിനത്തില്‍ കുറവൊന്നും ലഭിച്ചതുമില്ല. ഇത്തരം ദുരിതങ്ങളെല്ലാമാണ് കുട്ടനാടന്‍ ജനതയെ തങ്ങളുടെ മണ്ണ് വിട്ട് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇനിയും ഒരുപാട് കുടുംബങ്ങള്‍ വരും മാസങ്ങളില്‍ പലായനം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

'ഒരു 10 വര്‍ഷം മുന്‍പ് വരെയൊക്കെ, പ്രളയം നിയന്ത്രിക്കാനുതകുന്ന ഡ്രെയിനേജ് സിസ്റ്റം കുട്ടനാട്ടിനുണ്ടായിരുന്നു. എന്നാല്‍ അശാസ്ത്രീയമായി നിര്‍മിച്ച ബണ്ടുകളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോള്‍ കുട്ടനാടിനാവശ്യം, ഈ പ്രദേശത്തിന്റെ

പാരിസ്ഥിതിക പ്രത്യേകതകളെ അറിഞ്ഞുകൊണ്ടുള്ള ഒരു ഫ്‌ളഡ് മാനേജ്മന്റ് സിസ്റ്റമാണ്', പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി.ദയാല്‍ പറയുന്നു.

ഫോട്ടോ സെയ്ദ് ഷിയാസ് മിർസ
ഫോട്ടോ സെയ്ദ് ഷിയാസ് മിർസ Syed Shiyaz Mirza

കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്

ചുറ്റും വെള്ളമാണെങ്കില്‍ കുടിക്കാന്‍ ശുദ്ധജലമില്ലാത്ത ദാരുണമായ അവസ്ഥയിലാണ് കുട്ടനാട് ഇപ്പോള്‍. കുട്ടനാടിന്റെ പല ഭാഗങ്ങളിലും ആഴ്ചകളില്‍ ഒന്നോ രണ്ടോ ദിവസമോ, അതും ഒരു മണിക്കൂര്‍, ഒക്കെയാണ് കുടിവെള്ളം ലഭ്യമാകുന്നത്. അതുകൊണ്ട് മറ്റ് സ്ഥലങ്ങളില്‍ നിന്ന് കുടിവെള്ളം എത്തിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ജനങ്ങള്‍.

കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കുട്ടനാടുകാര്‍ ആശ്രയിക്കുന്ന പ്രധാനപ്പെട്ട കനാലുകളെല്ലാം ഇന്ന് കാനകളില്‍ നിന്ന് വരുന്ന വെള്ളത്താലും കക്കൂസ് മാലിന്യങ്ങളാലും ശോചനീയാവസ്ഥയിലാണ്. കൃഷിയിടങ്ങളിലെ വെള്ളങ്ങളിലാകട്ടെ, കീടനാശിനികളുടെ അളവ് കൂടുതലും. ഇത് കൂടാതെ, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ മാലിന്യങ്ങളും കോട്ടയം, ചേര്‍ത്തല, ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ മുനിസിപ്പാലിറ്റികളിലെ മാലിന്യങ്ങളും ഹൗസ്‌ബോട്ട് മാലിന്യങ്ങളുമെല്ലാം വേമ്പനാട് കായലിനെ മലിനമാക്കുന്നു. കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്മന്റ് നടത്തിയ പഠനപ്രകാരം, കുട്ടനാട്ടിലെ 80 ശതമാനം ജനങ്ങളും മലിനമായ ജലമാണ് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

ഫോട്ടോ സെയ്ദ് ഷിയാസ് മിർസ
ഫോട്ടോ സെയ്ദ് ഷിയാസ് മിർസ Syed Shiyaz Mirza

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പലതും കുട്ടനാടിന്റെ ആവാസവ്യവസ്ഥയെ മാത്രമല്ല, പൊതുകാലാവസ്ഥാ സാഹചര്യത്തെയും ബാധിച്ചിട്ടുണ്ട്. 1975 ല്‍ ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാന്‍ പണികഴിപ്പിച്ച തണ്ണീര്‍മുക്കം ബണ്ട് വരെ ഇന്ന് കുട്ടനാടിന്റെ പാരിസ്ഥിതികതയെ പ്രതിരോധത്തിലാക്കുന്നു.

'അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഒരു ഇരയായിരുന്നു കുട്ടനാട്. ഇപ്പോള്‍ കായലുകളെല്ലാം കാലാവസ്ഥ വ്യതിയാനത്താലും മനുഷ്യ ഇടപെടലുകളാലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എല്ലാവരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് ഗവണ്മെന്റ് കുട്ടനാടിന്റെ അതിജീവനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കേണ്ട സമയമാണിത്', ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഫോര്‍ ബിലോ സീ ലെവല്‍ ഫാര്‍മിംഗ് ഡയറക്ടര്‍ കെ.ജി പത്മകുമാര്‍ പറയുന്നു.

പരിഭാഷ: ജി ആര്‍ വെങ്കടേശ്വരന്‍

മോംഗാബെ ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് Why are residents of low-lying Kuttanad abandoning their homes? ഇവിടെ വായിക്കാം

Related Stories

No stories found.
The Cue
www.thecue.in