പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ക്വാറികള്‍; നടപടിയെടുക്കാതെ വനംവകുപ്പ്

പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ക്വാറികള്‍; നടപടിയെടുക്കാതെ വനംവകുപ്പ്

പശ്ചിമഘട്ടത്തിന്റെ ഭാഗമായ പാലക്കാട് ധോണിയില്‍ കാടിനോട് ചേര്‍ന്ന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. വനംവകുപ്പിന്റെ ഒത്താശയോടയാണ് ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.നിരവധി തവണ പരാതി നല്‍കിയിട്ടും വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വസ്തുതകള്‍ മറച്ചാണ് ക്വാറികള്‍ക്ക് അനുമതി നേടിയെടുത്തതെന്ന് കാണിച്ച് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയത് പരിശോധിക്കാന്‍ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ സമിതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ വാളയാര്‍ ഫോറസ്‌ററ് റേഞ്ചിന് കീഴില്‍ ധോണി മേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'റോയല്‍ സാന്‍ഡ് ആന്‍ഡ് ഗ്രാവല്‍സ് ', 'മേരിമാത' എന്നീ ഖനന യൂണിറ്റുകള്‍ക്ക് നേരെയാണ് പരാതി. 2018 ഓഗസ്റ്റിലെ പ്രളയസമയത്ത് 'റോയല്‍ സാന്‍ഡ് ആന്‍ഡ് ഗ്രാവല്‍സ് ' എന്ന ക്വാറിയുടെ ഖനന ഭൂമിയില്‍ നിന്നും 400 മീറ്റര്‍ മാത്രം അകലെ വനഭൂമിയില്‍ ഉരുള്‍പൊട്ടിയത്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയത്. ക്വാറിക്കെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. 2019 ലും ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. ഈ വര്‍ഷം സെപ്റ്റംബറിലും ഈ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാതല ദുരന്തസാധ്യതാ മാപ്പിലും, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിപ്പോര്‍ട്ടിലും ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖല എന്ന് രേഖപ്പെടുത്തിയ മേഖലയിലാണ് ഖനനം തുടരുന്നത്. വനമേഖലയില്‍ നിന്നും കുറഞ്ഞത് 50 മീറ്റര്‍ ദൂരപരിധി വേണം ക്വാറികള്‍ക്കെന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി. ഇത് പരിശോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ധോണി റിസര്‍വ് ഫോറസ്റ്റിലെ വെള്ളച്ചാട്ടം ഒരു ടൂറിസം മേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് അനിയന്ത്രിതമായി ഖനനം നടക്കുമ്പോള്‍ നടപടിയെടുക്കാന്‍ വനംവകുപ്പോ, ടൂറിസം വകുപ്പോ തയ്യാറാവാത്തതെന്തു കൊണ്ടാണെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു.

മൂന്ന് മാസത്തിനകം പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജൂലൈ 22ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുവരെ സമിതി സന്ദര്‍ശിച്ചിട്ടില്ല. ക്വാറിക്കുള്ളിലൂടെ തോട് ഒഴുകുന്നുണ്ട്. ഒരുകിലോമീറ്റര്‍ ദൂരെയാണ് തോടുള്ളതെന്നാണ് അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയിലുള്ളത്. അനുമതി നല്‍കുന്നതിന് മുമ്പ് അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. വനംവകുപ്പിന് പരാതി നല്‍കിയിട്ട് കാര്യമുണ്ടായില്ല. ക്വാറിക്ക് അനുകൂല നിലപാടാണ് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായിട്ടുള്ളത്.

ജോബി കെ ജോസഫ് , സമരസമിതി

പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യവും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ധോണി റിസര്‍വ് ഫോറസ്‌ററ് പരിധിയില്‍ നിന്ന് ഏകദേശം 650ഓളം പുഷ്പിത സസ്യങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പലതും വംശനാശ ഭീഷണി ഉള്ളതും സ്ഥാനീയ പദവി ഉള്ളതുമാണെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഈ വനമേഖലയില്‍ മാത്രം കാണുന്ന സസ്യങ്ങളെയും അടുത്ത കാലത്ത് നടന്ന ശാസ്ത്രീയ പഠനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്വാറിയിലെ സ്‌ഫോടനങ്ങള്‍ ഖനനഭൂമിക്ക് മുകളില്‍ വനമേഖലയിലെ ആനത്താരകള്‍ക്ക് അലോസരമുണ്ടാക്കുന്നതായും സമരസമിതി പറയുന്നു.

ഖനനഭൂമിയും മലമ്പുഴ ഡാമും ഒരേ മലയുടെ ഇരുവശങ്ങളിലുമാണ്. 15 ആദിവാസി കുടുംബങ്ങള്‍ ക്വാറികളോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. പരാതി പറയാന്‍ പോലും ഇവര്‍ ഭയക്കുകയാണെന്ന് പ്രദേശവാസിയായ വിനോദ് എം.പി പറയുന്നു. കാട് വെട്ടിത്തെളിച്ച്, മണ്ണ് നീക്കിയാണ് ഖനനം നടത്തുന്നത്. വനഭൂമിയോട് ചേര്‍ന്നാണെന്ന് വ്യക്തമാണ്. എന്നിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതെന്താണെന്ന് വിനോദ് ചോദിക്കുന്നു.

എല്ലാ രേഖകളോടെയുമാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വനംവകുപ്പിന്റെ മറുപടി.ക്വാറിയുടെ ഭാഗത്ത് നിന്നാണ് ഡി.എഫ്.ഒ സംസാരിച്ചത്. ജലാശയങ്ങള്‍ക്കോ പരിസ്ഥിതിക്കോ കോട്ടം വരുത്തുന്നില്ലെന്നും വാദിക്കുന്നു. ക്വാറിക്കുള്ളില്‍ തന്നെ തോടുണ്ട്. ക്വാറിയിലെ ചളിയും വെള്ളവുമെല്ലാം ഇതിലൂടെ ഒഴുക്കിവിടുകയാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ഈ തോടിനെ ആശ്രയിക്കുന്നുണ്ട്.

വിനോദ്

നവംബര്‍ മാസത്തോടെ കിഴക്കന്‍ കാറ്റെത്തും. ഇതോടെ പൊടിശല്യം കൂടുമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കൊടുങ്കാറ്റ് വരുന്നത് പോലെയാണതെന്നാണ് വിനോദ് പറയുന്നത്.

പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ സമിതിയോട് പ്രദേശം സന്ദര്‍ശിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച സമയം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അത് വൈകുകയാണെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in