പെരിയാര്‍ മലിനമാക്കുന്നവരുടെ പട്ടിക തയ്യാറാക്കണം, നഷ്ടപരിഹാരം ഈടാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ 

പെരിയാര്‍ മലിനമാക്കുന്നവരുടെ പട്ടിക തയ്യാറാക്കണം, നഷ്ടപരിഹാരം ഈടാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ 

പെരിയാറിനെ മലിനീകരിക്കുന്നവരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന് ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ദേശം. ഇതില്‍ മലിനീകരണത്തിന് ഉത്തരവാദികള്‍ ആയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനായി മൂന്ന് മാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. ട്രൈബ്യൂണല്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാത്തതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ട്രൈബ്യൂണല്‍ വിമര്‍ശിച്ചു.

പെരിയാറിന്റെ മാലിന്യ മോചനത്തിന് വഴിയൊരുങ്ങുമോ

തമിഴ്‌നാട്ടിലെ സുന്ദരഗിരിയില്‍ നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍ വേമ്പനാട് കായലിലേക്കാണ് ഒഴുകിയെത്തുന്നത്. ഏലൂര്‍ മുനിസിപ്പാലിറ്റിയിലും കടങ്ങല്ലൂര്‍ പഞ്ചായത്തിലുമായി 282 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. പൊതു-സ്വകര്യ ഉടമസ്ഥതയിലുള്ള ചെറുതും വലുതുമായി 105 കമ്പനികള്‍ രാസാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയാണ്. മിക്ക കമ്പനികളും രാസമാലിന്യം നേരിട്ട് പെരിയാറിലേക്ക് ഒഴുക്കിവിടുകയാണെന്നാണ് ആരോപണം. പുഴയിലെ വെള്ളം നിറം മാറുന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും പതിവാണ്. ഇപ്പോഴും മാലിന്യം ഒഴുക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

രണ്ട് മാസം മുമ്പ് പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ യുറേനിയം കലര്‍ന്ന മാലിന്യം തള്ളിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ പറഞ്ഞു. കീടനാശിനിയുടെ അംശങ്ങളും ആസിഡുകളും കമ്പനികള്‍ ഒഴുക്കുന്നു. ക്രോമിയം കലര്‍ന്ന മലിനജലം തുകല്‍ വ്യവസായ സ്ഥാപനങ്ങളും തള്ളുന്നു. തുകല്‍ വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഫലപ്രദമല്ല. ക്രോമിയം മാലിന്യം ഏറ്റവും കൂടുതല്‍ തള്ളപ്പെടുന്ന സ്ഥലമാണിത്.

കൊച്ചി യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ഗവേഷണ വിഭാഗം നടത്തിയ പഠനങ്ങളില്‍ കാഡ്മിയത്തിന്റെ അംശം വേമ്പനാട്ട് കായലില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലൂര്‍- എടയാര്‍ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതും.

ഡോക്ടര്‍ മധുസൂധനക്കുറുപ്പ് നടത്തിയ പഠനത്തില്‍ 35 ഇനം മത്സ്യങ്ങളുണ്ടായിരുന്നത് പതിനഞ്ച് ഇനമായി കുറഞ്ഞുവെന്ന് കണ്ടെത്തി. മത്സ്യ ലഭ്യതയും കുത്തനം ഇടിഞ്ഞു. 2017 ല്‍ സമുദ്ര ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലും മത്സ്യത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കാണ് കായലിലുള്ളതെന്ന് കണ്ടെത്തി.

കേന്ദ്ര മലിനീകരണ നിയന്ത്രബോര്‍ഡും വനം പരിസ്ഥിതി മന്ത്രാലയവും ദില്ലി ഐഐടിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ അതീവ ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രദേശമായി ഏലൂരിനെയും പെരിയാറിനെയും പ്രഖ്യാപിച്ചിരുന്നു.

2009 കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി ആന്റ് എന്‍വോയ്ണ്‍മെന്റ് പെരിയാറിന്റെ ഉത്ഭവ സ്ഥാനം മുതല്‍ നടത്തിയ പഠനത്തില്‍ നിറമാറ്റം, മത്സ്യങ്ങള്‍ ഇല്ലാതാകുന്നത്, സൂക്ഷമജീവികള്‍ നശിക്കുന്നത് എന്നീ പ്രശ്‌നങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ സംസ്‌കരിക്കാത്ത മാലിന്യം തള്ളുന്നത് കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുഴയുടെ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞുവെന്ന് ഈ പഠനം ചൂണ്ടിക്കാട്ടി.

2004ല്‍ സുപ്രീംകോടതിയുടെ നിരീക്ഷണ സമിതി രാസമാലിന്യങ്ങള്‍ തള്ളുന്നതാണ് പെരിയാറിന്റെ മലിനീകരണത്തിന് പ്രധാന കാരണമെന്നും തീരത്തുള്ള കമ്പനികളില്‍ നിന്ന് പിഴയിടാക്കി പുഴയെ വീണ്ടെടുക്കണമെന്നും നിര്‍ദേശിച്ചു. ഒന്നര കോടി രൂപ ചിലവിട്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ഡോക്ടര്‍ ത്യാഗരാജന്‍ കമ്മിറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 15 കൊല്ലത്തിന് ശേഷവും നടപ്പാക്കപ്പെട്ടിട്ടില്ല. ഹരിത ട്രൈബ്യൂണലിന്റെ പുതിയ വിധിയെ പ്രതീക്ഷയോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in