നഗരമാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തില്‍ തള്ളുന്നത്? വൈദ്യുതി പദ്ധതിക്കെതിരെ പെരിങ്ങമലക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 

നഗരമാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തില്‍ തള്ളുന്നത്? വൈദ്യുതി പദ്ധതിക്കെതിരെ പെരിങ്ങമലക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച പഞ്ചായത്താണ്. ലോകത്ത് തന്നെ അപൂര്‍വ്വമായ കണ്ടല്‍വന സസ്യമായ കാട്ടുജാതി(മിരിസ്റ്റിക്ക സസ്റ്റനാന്റ) ഉള്ള പ്രദേശം. വംശനാശ ഭീഷണി നേരിടുന്ന ഇവ കേരളത്തില്‍ രണ്ടിടത്ത് മാത്രം കണ്ടു വരുന്നു. പെരിങ്ങമല ഉള്‍പ്പെടുന്ന പാലോട് വനംറെയ്ഞ്ചിലും വയനാട്ടിലും. ഇതു മാത്രമല്ല പെരിങ്ങമലയുടെ പ്രത്യേകത. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള അഗസ്ത്യവനത്തിന്റെ താഴ്‌വര. വരയാട്, പുലി, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, മുള്ളന്‍പന്നി, മലമുഴക്കി വേഴാമ്പല്‍ ഉള്‍പ്പെടെ 300 ഇനം പക്ഷികള്‍, ശുദ്ധജല മത്സ്യങ്ങള്‍, അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍, ആദിവാസികള്‍ കൃഷി ചെയ്യുന്ന ഒറ്റമുങ്കൂലി എന്ന വാഴയിനം ഇവയൊക്കെയുള്‍പ്പെടുന്ന ജൈവസമ്പത്തിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങമലക്കാര്‍ ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനെത്തും. ഈ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം സംസ്ഥാന സര്‍ക്കാറിനെ ബോധ്യപ്പെടുത്താനാണ് ആദിവാസികള്‍ ഉള്‍പ്പെടുന്നവരെത്തുന്നത്. സര്‍ക്കാറിനോടുള്ള ഇവരുടെ ചോദ്യം ഇതാണ്, നഗരമാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നത്?

നഗരമാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തില്‍ തള്ളുന്നത്? വൈദ്യുതി പദ്ധതിക്കെതിരെ പെരിങ്ങമലക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 
കൊച്ചിയില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി, പദ്ധതി പരിസ്ഥിതി പ്രശ്‌നവും സാമ്പത്തിക നഷ്ടവുമുണ്ടാക്കും, എതിര്‍പ്പുയരുന്നു 

ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനത്തെ ഒമ്പത് പദ്ധതികളില്‍ ഒന്ന് പെരിങ്ങമലയിലാണ്. തിരുവനന്തപുരത്ത് നിന്ന് നാല്പത് കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിലേക്ക് നഗരത്തിലെ മാലിന്യമെത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള മാലിന്യവും ഇവിടെയാണ് കത്തിക്കുക. പെരിങ്ങമല കൃഷിഫാമിലെ ഏഴാംബ്ലോക്കില്‍ 15 ഏക്കറാണ് പ്ലാന്റിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. പാലോടിന് സമീപം 18 ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. ഗോത്രവിഭാഗമായ കാണിക്കാറാണ് ഈ മേഖലയില്‍ താമസിക്കുന്നത്.

സലിം പാലോട് 

2018 ജൂണ്‍ 16 മന്ത്രി കെ ടി ജലീല്‍ പെരിങ്ങമല പദ്ധതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും സമരം തുടങ്ങി. ഒരു വര്‍ഷം തികയുമ്പോള്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി വ്യാപിപ്പിക്കുകയാണ് സമരം. പശ്ചിമഘട്ടത്തിനായി കാവല്‍ സത്യഗ്രഹം എന്ന് പേരിട്ടിരിക്കുന്ന സമരത്തിന് സുഗതകുമാരി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണും ജലവും പശ്ചിമഘട്ടത്തെയും സംരക്ഷിക്കാനാണ് സമരമെന്ന് സമരസമിതി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി പറയുന്നു.

പശ്ചിമഘട്ട സമരമാണ്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്നവരാണ് പെരിങ്ങമലക്കാര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ മലയോരമേഖലയില്‍ സമരം നടന്നപ്പോള്‍ ഒരു പ്രതിഷേധം പോലും ഇവിടെ നടന്നിട്ടില്ല. പരിസ്ഥിതി സംരക്ഷിക്കണമെന്ന ബോധ്യമുള്ളവരാണ് ഞങ്ങള്‍. എന്നാല്‍ ഇതിനെ മാലിന്യപ്ലാന്റ് വിരുദ്ധ സമരമായി സര്‍ക്കാര്‍ ചുരുക്കി കാണുകയാണ്. പശ്ചിമഘട്ടത്തിന് വേണ്ടിയുള്ള സമരമാണെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്താനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി പോകുന്നത്.
നഗരമാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തില്‍ തള്ളുന്നത്? വൈദ്യുതി പദ്ധതിക്കെതിരെ പെരിങ്ങമലക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 
മാലിന്യത്തില്‍ നിന്നും വൈദ്യുതി; പറച്ചിലും പ്രായോഗികതയും

ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 1000 ടണ്‍ മാലിന്യം ഇവിടെയെത്തിക്കും. പ്രതിഷേധം ഒരു വര്‍ഷമാകുമ്പോഴും പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോടും ബ്രഹ്മപുരത്തും സ്ഥാപിക്കുന്ന പ്ലാന്റുകളുടെ പ്രവര്‍ത്തനം പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ ആളുകളുടെ ആശങ്ക മാറുമെന്നാണ് ശബരീനാഥ് എം എല്‍ എയുടെ ചോദ്യത്തിന് നിയമസഭയില്‍ മന്ത്രി എ സി മൊയ്തീന്‍ നല്‍കിയ മറുപടി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമായതോടെയാണ് സമരം ശക്തമാക്കാന്‍ പെരിങ്ങമലക്കാര്‍ തീരുമാനിച്ചത്.

പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നത് അംഗീകരിക്കില്ലെന്നാണ് സമരസമിതി ഉറച്ചു പറയുന്നത്. ജൈവമേഖലയിലെ മാലിന്യ നിക്ഷേപവും പ്ലാന്റില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നാണ് ഇവരുടെ വാദം. പരിസ്ഥിതിക്കും ആദിവാസി സമൂഹത്തിനും ദോഷകരമായ പദ്ധതി നടപ്പാക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും സമരസമിതി ആരോപിക്കുന്നു.

ഇത് പരിസ്ഥിതി സമരമാണ്. കണ്ടല്‍കാടുകളുടെ അവശേഷിപ്പുള്ള പ്രദേശമാണ്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ സമരത്തിലാണ്. പരിസ്ഥിതി പഠനമോ കരാറോ ആയിട്ടില്ല. വനപ്രദേശത്തിനുള്ളിലാണ് ഈ പ്രദേശം. പൊന്‍മുടിയും പാലോട് വനപ്രദേശവുമൊക്കെ ഉള്‍പ്പെടുന്ന, ജൈവ വൈവിധ്യമുള്ള പ്രദേശം സംരക്ഷിക്കപ്പെടണം. ശാസ്ത്ര സാഹിത്യ പരിഷത്ത് പദ്ധതിക്കെതിരെ രംഗത്തുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തിക തട്ടിപ്പിനുള്ള പദ്ധതിയാണിത്. സ്ഥലം പദ്ധതിക്ക് യോജിച്ചതല്ലെന്ന് സര്‍ക്കാറിനെ ഞങ്ങള്‍ അറിയിച്ചതാണ്. തട്ടിപ്പ് പദ്ധതിയാണിത്. ലോകത്ത് ഒരിടത്തും വിജയിക്കാത്ത പദ്ധതി ഇവിടെ നടപ്പാക്കുന്നതെന്തിനാണ്. 

സാലി പാലോട്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്ലാന്റ് ഒരു കിലോമീറ്റര്‍ അകലെയുള്ള ഓടുചുട്ടുപടുക്കയിലാണ് സ്ഥാപിക്കാനൊരുങ്ങിയത്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. കല്ലട. ചിറ്റാര്‍ എന്നീ നദികള്‍ ഉത്ഭവിക്കുന്നത് പെരിങ്ങമലയില്‍ നിന്നാണ്. ചിറ്റാര്‍ 12 മീറ്റര്‍ വീതിയിലൊഴുകുന്നു. ആറ്റിങ്ങല്‍, കല്ലറ, കാരേറ്റ്. വെഞ്ഞാറമൂട്, കിളിമാനൂര്‍, വര്‍ക്കല, ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, പെരുമാതുറ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള 38 കുടിവെള്ള പദ്ധതികള്‍ ഈ പ്രദേശത്താണ്. ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിച്ചാല്‍ പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. അതിവൃഷ്ടിയുള്ള മേഖലയില്‍ മാലിന്യം ഉണക്കുകയും കത്തിക്കുകയും പ്രയാസമുള്ള കാര്യമായിരിക്കും. ആദിവാസി മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പട്ടികജാതി പട്ടിക പര്‍ഗ്ഗ കമ്മീഷന് ആദിവാസി മഹാസഭ നല്‍കിയ പരാതി നല്‍കിയിരുന്നു. പദ്ധതി പ്രദേശം സന്ദര്‍ഷിച്ച് പരാതി കേട്ട കമ്മീഷന്‍ അംഗം എസ് അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.

ബ്രഹ്മപുരത്തും കോഴിക്കോടും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ബ്രഹ്മപുരത്തെ പ്ലാന്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനായി കെ എസ് ഇ ബി കമ്പനിയുമായി കരാറും ഒപ്പിട്ടു. ഇതിന്റെ തുടര്‍ച്ചയായി ഏ്‌ഴ് പ്ലാന്റുകളുടെ നടപടികളും പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലേക്ക് തിരിച്ചു പോകരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും പരിസ്ഥിതി സംഘടനകളും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നഗരമാലിന്യം ഗ്രാമ പ്രദേശങ്ങളിലേക്ക് തള്ളുന്നത് പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരമ പദ്ധതി കൊണ്ടു വന്നത്. വൈദ്യുതി പദ്ധതിയും ഇതേ പ്രശ്‌നത്തിലേക്ക് നീങ്ങുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in