വായു ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ അതീവജാഗ്രത, കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വായു ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ അതീവജാഗ്രത, കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മഴ കനത്ത സാഹചര്യത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. കേരളത്തില്‍ 12 സെന്റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് ചില ജില്ലകളില്‍ പിന്‍വലിച്ചിരുന്നു. കേരളം 'വായു' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ല. എന്നാല്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.

അറബിക്കടലില്‍ രൂപം കൊണ്ട 'വായു'ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്നും 10,000 ആളുകളെ ഒഴിപ്പിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നത്. തിരകള്‍ 1 മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്‌നഗര്‍ എന്നീ ജില്ലകളിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ 12 മുതല്‍ 14 വരെ തീയതികളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും. നിലവില്‍ മുംബൈയില്‍ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റര്‍ വരെയാകാനിടയുണ്ട്.

യെല്ലോ അലെര്‍ട് പ്രഖ്യാപിച്ച ജില്ലകളുടെ പുതുക്കിയ വിവരം

12/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്

13/06/2019 എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

14/06/2019 ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍

15/06/2019 ഇടുക്കി, മലപ്പുറം

മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ (24 മണിക്കൂറില്‍ 12 cm വരെ മഴ) ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in