കൊച്ചിയില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി, പദ്ധതി പരിസ്ഥിതി പ്രശ്‌നവും സാമ്പത്തിക നഷ്ടവുമുണ്ടാക്കും, എതിര്‍പ്പുയരുന്നു 

കൊച്ചിയില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി, പദ്ധതി പരിസ്ഥിതി പ്രശ്‌നവും സാമ്പത്തിക നഷ്ടവുമുണ്ടാക്കും, എതിര്‍പ്പുയരുന്നു 

പദ്ധതി വിജയിച്ചതിന് മാതൃകകളില്ലെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു 

കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമായാണ് വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നത്. നഗരമാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ കൊച്ചി കോര്‍പ്പറേഷന്‍ ജി ജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനോട് ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും രംഗത്തെത്തിയിരിക്കുകയാണ്. മാലിന്യം കത്തിച്ച് വൈദ്യുതിയുണ്ടാക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും, പദ്ധതി വിജയിച്ചതിന് മാതൃകകളില്ലെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച എറണാകുളം ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ രേഖാമൂലം എതിര്‍പ്പറിയിക്കാനാണ് ഇവരുടെ തീരുമാനം.

മാലിന്യത്തില്‍ നിന്നും വൈദ്യുതി

സങ്കീര്‍ണ്ണമായ മാലിന്യ പ്രശ്‌നത്തിനുള്ള പരിഹാരമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. കുന്നത്തുനാട് താലൂക്കിലെ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരം പ്ലാന്റിനോട് ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിക്കുക. ഇതിനായി എട്ട് ഹെക്ടര്‍ സ്ഥലം കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്. 300 ടണ്‍ മാലിന്യം ട്രീറ്റ്‌മെന്റും സംസ്‌കരണവും ഇവിടെ നടക്കും.

കൊച്ചി നഗരസഭ 2014 മാര്‍ച്ചില്‍ കിറ്റ്‌കൊ വഴി അന്താരാഷ്ട്ര ടെണ്ടര്‍ വിളിച്ചാണ് കരാറുണ്ടായിരിക്കുന്നത്. കമ്പനി പദ്ധതി നടപ്പാക്കി 20 വര്‍ഷത്തിന് ശേഷം കൈമാറുമെന്നാണ് വ്യവസ്ഥ. 500 മെട്രിക് ടണ്‍ ഖരമാലിന്യം വരെ സംസ്‌കാരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് പദ്ധതിയിലുള്ളത്. ദിവസേന നിലവില്‍ ബ്രഹ്മപുരത്ത് നിക്ഷേപിച്ചിരിക്കുന്ന ഖരമാലിന്യവും ഇതില്‍ ഉള്‍പ്പെടും. നിര്‍ദ്ദിഷ്ട പ്ലാന്‍രില്‍ നിന്നും 12.65 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.

330 മെട്രിക് ടണ്‍ തരംതിരിക്കാത്ത ഖരമാലിന്യം ശേഖരിച്ച് കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് എത്തിച്ച് നല്‍കണം. ഖരമാലിന്യത്തിന്റെ അളവ് രേഖപ്പെടുത്തുന്ന വെയ്ബ്രിഡ്ജ്, ഖരമാലിന്യം കഷ്ണങ്ങളാക്കുന്ന വേസ്റ്റ് റിസപ്ഷന്‍ മേഖല, ഈര്‍പ്പം ഇല്ലാതാക്കുന്ന ബയോഡ്രൈയിങ്ങ് മേഖല, ഇവ ഇന്ധനത്തിന് വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളായി വേര്‍തിരിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, ഗ്യാസിഫിക്കേഷന്‍ ചെയ്യുന്ന സ്ഥലം, വൈദ്യുതി ഉത്പാദന മേഖല എന്നിവയാണ് പ്ലാന്റിലുണ്ടാവുക.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് മാലിന്യം പ്രശ്‌നമുണ്ടാക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വായുമലിനീകരണം തടയുന്നതിനായി ബാഗ് ഹൗസ് ഫില്‍ട്ടര്‍ സ്ഥാപിക്കും. വൈദ്യതി ഉല്‍പാദിപ്പിക്കുമ്പോള്‍ പുറത്തുവിടുന്ന അമ്‌ളം നിറഞ്ഞ വാതകം കുമ്മായം ഉപയോഗിച്ചാണ് നീക്കം ചെയ്യുകയെന്നും പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ളൂഗ്യാസ് മോനിറ്ററിങ് സിസ്റ്റം ഉണ്ടാകും. താപ നിയന്ത്രണം മൂലമുള്ള ഗ്യാസിഫിക്കേഷന്‍ പ്രക്രിയ ഡയോക്‌സിന്റേയും ഫ്യൂറാന്റെയും ഉത്പാദനം കുറക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിച്ചെടുക്കും. റീഡ് ബെഡ്ഡ് സംമ്പ്രദായമാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളം പുറത്തേക്ക് കളയില്ല.

ഖരമാലിന്യം സംസ്‌കരിക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അന്തരീക്ഷത്തില്‍ ജലകണികകളും ചില രാസ പദാര്‍ത്ഥങ്ങളും സ്േ്രപ ചെയ്ത് ദുര്‍ഗന്ധമുണ്ടാക്കുന്ന കണികകളെ രാസപ്രക്രിയയിലൂടെ ഇല്ലാതാക്കുമെന്നാണ് പ്രൊജക്ടില്‍ വിശദീകരിക്കുന്നത്.

പരിസ്ഥിതി പ്രശ്‌നം കൂട്ടും, സാമ്പത്തിക നഷ്ടമുണ്ടാക്കും

പദ്ധതി പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന വാസുകി പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കണമെന്ന് നിര്‍ദേശിച്ചത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 2017 ല്‍ ബ്രഹ്മപുരത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളിവില്‍ അടിസ്ഥാന പാരിസ്ഥിതിക പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നുണ്ട്. എന്നാല്‍ അത് പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങളില്ലെന്നാണ് പദ്ധതിയോട് വിയോജിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ആഗോലതലത്തില്‍ തന്നെ ഇത്തരം പദ്ധതികള്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. എല്ലാ മാലിന്യവും കൂട്ടിയിട്ട കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, സാമ്പത്തിക ബാധ്യത എന്നിവയൊക്കെ ചര്‍ച്ച ചെയ്യപ്പെടണം. സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അത് തുടക്കത്തില്‍ മാത്രം നല്‍കിയാല്‍ മതിയാകില്ല. അന്തരീക്ഷ മാലിന്യം കുറയ്ക്കാനാണ് കൂടുതല്‍ ചിലവ് വരിക. റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടു വരരുത്. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പദ്ധതി കൊച്ചിക്ക് ആവശ്യമാണെങ്കിലും ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള വഴികള്‍ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ഇല്ല. 

ഡോക്ടര്‍ സി എന്‍ മനോജ് 

കോര്‍പ്പറേഷന് സാമ്പത്തിക ബാധ്യതയാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക അനുയോജ്യമായ പദ്ധതിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ പറയുന്നു.

കേരളത്തിന്റെ കാലാവസ്ഥയില്‍ ഈ പദ്ധത അനുയോജ്യമല്ല. ഇവിടുത്തെ മാലിന്യങ്ങളില്‍ ഈര്‍പ്പത്തിന്റെ അംശം കൂടുതലാണ്. ജൈവമാലിന്യം കൂടികലര്‍ന്നതാണ് അത്. പദ്ധതിക്കായി ഭീമമായ തുക ചിലവഴിക്കുന്നുണ്ട്. വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കഴിഞ്ഞാല്‍ ആ വൈദ്യുതി വില്‍ക്കുന്നത് നിലവില്‍ വൈദ്യുതി ബോര്‍ഡ് അംഗീകരിച്ച നിരക്കിനേക്കാള്‍ രണ്ടിരട്ടി വിലക്കാണ്. 4രൂപ 50 പൈസയാണ് ഇപ്പോളുള്ള വ്യാവസായിക നിരക്ക്. ആറ് രൂപയ്ക്ക് മുകളില്‍ വാങ്ങാന്‍ ആരും തയ്യാറാകില്ല. മൂന്നൂര് ടണ്‍ മാലിന്യം ദിവസവും കൊച്ചിക്ക് കോര്‍പ്പറേഷന് കൊടുക്കാനുണ്ടാകുമോയെന്നതാണ് മറ്റൊരു ചോദ്യം. മാലിന്യം ഉണ്ടാക്കുന്നത് കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. ഉറവിടത്തില്‍ സംസ്‌കരിച്ച് മാത്രമേ പരിഹാരമുള്ളൂ. മാലിന്യം കൊടുത്തില്ലെങ്കില്‍ പത്ത് ലക്ഷത്തിനടുത്ത് പിഴ കൊടുക്കേണ്ടി വരും. അത് കോര്‍പ്പറേഷന് വലിയ ബാധ്യതയുണ്ടാക്കും. ഒരിക്കലും വിജയകരമായി നടത്താന്‍ കഴിയുന്ന പദ്ധതിയല്ല ഇത്. മാലിന്യങ്ങളില്‍ ഒട്ടുമിക്കതും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതാണ്. അല്ലാത്തവയ്ക്കായി ചെറിയൊരു പ്ലാന്റ് നിര്‍മ്മിച്ചാല്‍ മതി.

Related Stories

No stories found.
logo
The Cue
www.thecue.in