‘സ്‌കൂള്‍ തുറന്ന മുതല്‍ പോയിട്ടില്ല. കുടിക്കാനും കുളിക്കാനും വെള്ളമില്ല’, യൂണിഫോമില്‍ ഈ കുട്ടികള്‍ സമരപ്പന്തലിലാണ് 

‘സ്‌കൂള്‍ തുറന്ന മുതല്‍ പോയിട്ടില്ല. കുടിക്കാനും കുളിക്കാനും വെള്ളമില്ല’, യൂണിഫോമില്‍ ഈ കുട്ടികള്‍ സമരപ്പന്തലിലാണ് 

മിക്കവാറും കിണറുകളില്‍ വെള്ളമില്ല. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നാല്പത് ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ക്വാറിക്കെതിരെ സമരത്തിനിറങ്ങിയത്. 

‘’സ്‌കൂള്‍ തുറക്കുന്ന അന്ന് മുതല്‍ പോയിട്ടില്ല. ഞങ്ങള്‍ക്ക് വെള്ളമില്ല. കുളിക്കാനുള്ള വെള്ളം ദൂരെയുള്ള കുണ്ടില്‍ നിന്ന് കൊണ്ടു വരണം. വെള്ളമെല്ലാമെടുത്ത് വന്ന് കുളിച്ച് കഴിയുമ്പോള്‍ സമയം പോകും. അതുകൊണ്ട് സ്‌കൂളിലേക്ക് പോയില്ല. ചെറിയൊരു കുണ്ടില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. ഒരു ബക്കറ്റ് വെള്ളമെടുക്കാന്‍ കൊറെ സമയമെടുക്കും. കോരിയെടുത്ത് പിന്നെ കാക്കണം വെള്ളം നെറയാന്‍. കുഴിയില്‍ വെള്ളം നെറയാനും സമയമെടുക്കും വെള്ളമെടുക്കാനും സമയമെടുക്കും. വെള്ളവും കിട്ടണം ക്വാറി നിര്‍ത്തലാക്കുകയും വേണം. ക്വാറി നല്ലോണം തുടങ്ങിയതിന് ശേഷം കിണറില്‍ വെള്ളമില്ല. വെള്ളമുള്ള സ്ഥലത്തും വെള്ളമില്ലാതായി. വറ്റാത്ത കുളവും വറ്റി. ‘’

Photo courtesy : CNET TV

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അനുശ്രീ പറയുന്നത് ഒരുനാട് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. യൂണിഫോമും ധരിച്ച് കുട്ടികളെത്തുന്നത് സമരപന്തലിലേക്കാണ്. കാസര്‍ഗോഡ് പരപ്പ മുണ്ടത്തടത്തെ ക്വാറി അവരുടെ ജീവിതത്തെ വറ്റിവരണ്ടതാക്കുകയാണ്. ഏത് നിമിഷവും പാറക്കല്ലുകള്‍ വന്ന് വീഴാം. വിള്ളല്‍ വീണ വീട്ടില്‍ ഭയത്തോടെ കഴിയുന്നത് ഒമ്പത് കുടുംബങ്ങളാണ്. മിക്കവാറും കിണറുകളില്‍ വെള്ളമില്ല. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നാല്പത് ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ക്വാറിക്കെതിരെ സമരത്തിനിറങ്ങിയത്. പത്ത് ദിവസമായി രാപ്പകല്‍ സമരത്തിലാണിവര്‍.

മാവിലര്‍ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന മാലൂര്‍ക്കുന്ന് കോളനിക്ക് സമീപം ആറ് വര്‍ഷം മുമ്പാണ് ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. ക്വാറി തുടങ്ങുമ്പോള്‍ പ്രദേശവാസികള്‍ പിന്തുണച്ചിരുന്നു. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്നതാണ് ഇതിന് കാരണം. തുടക്കത്തില്‍ രണ്ട് ടിപ്പറുകളില്‍ മാത്രമായിരുന്നു ലോഡ് കടത്തിയിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വലിയ സ്‌ഫോടനങ്ങള്‍ നടത്തില്ലെന്നും പ്രദേശത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ക്വാറി ഉടമയും ഇവര്‍ക്ക് ഉറപ്പ് നല്‍കി. ക്വാറി തുടങ്ങുന്നതില്‍ എതിര്‍പ്പുള്ളവര്‍ പോലും പിന്‍തിരിയാന്‍ കാരണം ഈ ഉറപ്പായിരുന്നു. എന്നാല്‍ പതുക്കെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കാതായി. മറ്റ് പ്രദേശത്തുള്ളവര്‍ ജോലിക്കെത്തി. പിന്നാലെ ക്വാറിയുടെ വിസ്തൃതിയും വര്‍ദ്ധിപ്പിച്ചു. ക്രഷര്‍ യൂണിറ്റിന്റെ നിര്‍മ്മാണ ജോലി കൂടി ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്ന് സമരസമിതി നേതാവും ജനപ്രതിനിധിയുമായ രാധാ വിജയന്‍ പറയുന്നു. നാട്ടുകാര്‍ പരാതിയുമായി ഓഫീസുകള്‍ കയറിയിറങ്ങി. ഫലമുണ്ടായില്ല.

Photo courtesy : CNET TV

റോഡിന് നടുവിലൂടെയാണ് ക്വാറി . കോളനിയിലെ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനില്‍ നിരന്തരം കയറിയിറങ്ങി. പരാതി സ്ഥീകരിച്ചെങ്കിലും ക്വാറി മുതലാളിക്കെതിരെ നടപടിയെടുത്തില്ല. 

രാധാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ 

ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രാധാമണി പറയുന്നത് ഇങ്ങനെ ‘’ ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് അധികൃതരെ അറിയിച്ചതാണ്. അതിന് പിന്നാലെ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ക്രെഷര്‍ കൂടി സ്ഥാപിക്കുകയാണ്. ഞങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് സമരം ആരംഭിച്ചത്. എട്ടൊമ്പത് വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കുടിവെള്ളം ഇല്ല. ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ പോകാന്‍ കഴിയുന്നില്ല. റോഡിന് നടുവിലൂടെയാണ് ക്വാറി . കോളനിയിലെ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനില്‍ നിരന്തരം കയറിയിറങ്ങി. പരാതി സ്ഥീകരിച്ചെങ്കിലും ക്വാറി മുതലാളിക്കെതിരെ നടപടിയെടുത്തില്ല.  ‘’

ദളിത് സംഘടനയായ സാധുജന പരിഷത്ത്, ജനകീയ സമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മെയ് 20 ന് സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എഡിഎം സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌നം പഠിക്കുമെന്ന് ജില്ലാ കലക്ടര്‍ സമരസമിതിക്ക് ഉറപ്പ് നല്‍കി. പിറ്റേദിവസം ഡപ്യൂട്ടി കലക്ടര്‍ എത്തി റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച മാത്രമേ അടച്ചിട്ടുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു. കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിനായി യോഗം വിളിക്കുകയാണ് ചെയ്തത്. ക്വാറിക്കും ക്രഷറിനും അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു. ക്വാറിയുടെയും ക്രഷറിന്റെയും പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്നും പുതിയ റോഡ് നിര്‍മ്മിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഉറപ്പ് നല്‍കിയതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അത് അംഗീകരിക്കാനാവാത്തതിനാല്‍് സമരസമിതി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

പരപ്പ മുണ്ടത്തടത്തെ ക്വാറി 
പരപ്പ മുണ്ടത്തടത്തെ ക്വാറി Photo courtesy : CNET TV

മെയ് 28ന്റെ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ചു. അടുത്ത ദിവസം മുതല്‍ രാപകല്‍ സമരം ആരംഭിച്ചു. ക്രഷര്‍ യൂണിറ്റിലേക്കുള്ള നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടു പോകുന്ന വാഹനം സമരക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തി വീശി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പത്താം ദിവസമാണ് സമരം. ചെറിയൊരു പന്തലില്‍ പ്രദേശവാസികള്‍. ഓരോ ദിവസവും അറുപതോളം പേര്‍ ജോലി ഉപേക്ഷിച്ച് സമരപന്തലിലിരിക്കുകയാണ്. രാത്രി മഴ പെയ്താല്‍ അടുത്ത വീടുകളില്‍ പോയിരിക്കും. അല്ലാത്ത സമയം മുഴുവന്‍ പന്തലിലിരിക്കും. തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരും. ഞങ്ങളുടെ ജീവന്‍മരണ പോരാട്ടമാണ്. ജീവനും സ്വത്തിനും സംരക്ഷണം വേണ്ടത് കൊണ്ടാണ് സമരം നടത്തുന്നത്. 

അനീഷ് പയ്യന്നൂര്‍, സമരസമിതി നേതാവ് 

നിരാഹാരമുള്‍പ്പെടെയുള്ള സമരരീതികളിലേക്ക് മാറാനുള്ള ആലോചനയിലാണ് സമരസമിതി.

Related Stories

No stories found.
logo
The Cue
www.thecue.in