മണി ഹെയ്സ്റ്റ് നാലാം സീസണ്‍ ജനുവരിയില്‍;  ഒരുങ്ങുന്നത് സീരീസ് ഫിനാലെ ?
Web Series

മണി ഹെയ്സ്റ്റ് നാലാം സീസണ്‍ ജനുവരിയില്‍; ഒരുങ്ങുന്നത് സീരീസ് ഫിനാലെ ?

THE CUE

THE CUE

നെറ്റ്ഫ്‌ലിക്‌സിന്റെ സ്പാനിഷ് വെബ് സീരീസായ മണി ഹെയ്സ്റ്റിന്റെ നാലാം സീസണ്‍ നേരത്തെയെത്തുമെന്ന് റിപ്പോര്‍ട്ട്. ജൂലായില്‍ മൂന്നാം സീസണ്‍ റിലീസ് ചെയ്ത സീരീസ് ലോകമെമ്പാടും മികച്ച അഭിപ്രായം നേടിയതിനെ തുടര്‍ന്ന് നാലാം സീസണിന്റെ നിര്‍മാണം നെറ്റ്ഫ്‌ലിക്‌സ് വേഗത്തിലാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലാം സീസണ്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷമാദ്യം റിലീസ് ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

മൂന്നാം സീസണില്‍ പ്രധാനപ്പെട്ട കഥാപാത്രമായ പാലെര്‍മോയെ അവതരിപ്പിക്കുന്ന അര്‍ജന്റീനന്‍ അഭിനേതാവായ റോഡ്രിഗോ ഡെ ലാ സെര്‍നയാണ് ഈ വിവരം ഒരു മാധ്യമത്തോട് പറഞ്ഞത്. 2020 ജനുവരി 18നായിരിക്കും നാലാം സീസണ്‍ സ്ട്രീം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മൂന്നാം സീസണ്‍ സ്ട്രീം ചെയ്ത് ആറ് മാസത്തിന് ശേഷമായിരിക്കും റിലീസ്.

സീരീസിന്റെ ഫിനാലെ ആയിരിക്കും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ആപ്പിള്‍ ടിവി പ്ലസും ഡിസ്‌നി പ്ലസും കൂടി സ്ട്രീമിങ്ങ് വിപണിയിലേക്ക് കടക്കുന്നതോടെ ജനപ്രിയ സീരീസിനെ നെറ്റ്ഫ്‌ലിക്‌സ് കൈവിടില്ലെന്നും അഞ്ചാം സീസണ്‍ ഉണ്ടാകുമെന്നുമാണ് പ്രേക്ഷകര്‍ കരുതുന്നത്.

പ്രൊഫസര്‍ എന്ന് വില്‍ക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന ബാങ്ക് മോഷണമാണ് സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റിന്റെ പ്രമേയം. ആദ്യ രണ്ട് സീസണില്‍ ബാങ്കിനകത്ത് കയറി ഒരു കൂട്ടം ആളുകളെ തടവിലാക്കി 240 കോടി യൂറോ സ്വന്തമായി പ്രിന്റ് ചെയ്യുന്നതായിരുന്നു സീരീസ്. മൂന്നാം സീസണില്‍ പിടിയിലാക്കപ്പെട്ട തങ്ങളിലൊരാളെ രക്ഷിക്കാനായി ബാങ്ക് കൊള്ളയടിക്കാന്‍ സംഘം വീണ്ടുമെത്തുന്നു. അലെക്‌സ് പിനയാണ് ആക്ഷന്‍, ത്രില്ലര്‍ ഴോണറിലൊരുക്കിയ ഷോയുടെ ക്രിയേറ്റര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in