സ്വതന്ത്ര സിനിമകൾക്ക് മാത്രമായി മലയാളത്തിൽ ആദ്യത്തെ വി.ഒ.ഡി.

സ്വതന്ത്ര സിനിമകൾക്ക് മാത്രമായി മലയാളത്തിൽ ആദ്യത്തെ വി.ഒ.ഡി.

കോഴിക്കോട്: സ്വതന്ത്ര സിനിമകൾക്ക് മാത്രമായി മലയാളത്തിൽ വി.ഒ.ഡി. (വീഡിയോ ഓൺ ഡിമാൻഡ്) പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഒ.ടി.ടി. റിലീസിങ്ങിന്റെ കാലത്ത് മലയാളത്തിലെ സ്വതന്ത്ര-പരീക്ഷണാത്മക സിനിമകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് വി.ഒ.ഡി. പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത് മിനിമൽ സിനിമ ഫിലിം സൊസൈറ്റിയാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയാണ് മിനിമൽ സിനിമ.

ഐ.എഫ്.എഫ്.കെ. യിലെ സിനിമാ തിരഞ്ഞെടുപ്പിനോടുള്ള പ്രതിഷേധം എന്ന നിലയിൽ മിനിമൽ സിനിമ 2018ൽ ആരംഭിച്ച ഐ.ഇ. എഫ്.എഫ്.കെ.( ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) നേരത്തേ തന്നെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ സ്വതന്ത്ര-പരീക്ഷണാത്മക സിനിമകളുടെ ഒരു പ്രധാനപ്പെട്ട വേദിയായി ഫെസ്റ്റിവൽ മാറി. മിനിമൽ സിനിമ കുറേറ്റ് ചെയ്‌ത 9 പെൺ സിനിമകൾ എന്ന പാക്കേജ് യു.കെ.ഏഷ്യൻ ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ചു.

പരീക്ഷണാത്മക സിനിമകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് വി.ഒ.ഡി. പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത് മിനിമൽ സിനിമ ഫിലിം സൊസൈറ്റിയാണ്

കോവിഡ് സാഹചര്യം ഫെസ്റ്റിവലുകൾ അസാധ്യമാക്കുന്ന ഒരു സാഹഹാര്യത്തിൽ ആണ് സ്വന്തമായി ഒരു വി.ഒ.ഡി. പ്ലാറ്റ്‌ഫോം എന്ന ആശയത്തിലേക്ക് മിനിമൽ സിനിമാ കൂട്ടായ്മ എത്തുന്നത്. ചെറുകിട ഒ.ടി.ടി.കൾ പോലും വിതരണത്തിനെടുക്കാൻ മടിക്കുന്ന മലയാളത്തിലെ കലാമൂല്യമുള്ള സിനിമകളെ അവയുടെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മിനിമൽ സിനിമ ഏറ്റെടുത്തിരിക്കുന്നത്.

മിനിമൽ സിനിമ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച് പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ എന്ന സിനിമ വി.ഒ.ഡി. യിൽ റിലീസ് ചെയ്‌തുകഴിഞ്ഞു. കൊൽക്കത്ത ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ മത്സര ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണൻ കെ.പി.യുടെ ഒരു തീരത്തിനും മറ്റനേകങ്ങൾക്കുമിടയിൽ, രാംദാസ് കടവല്ലൂർ സംവിധാനം ചെയ്‌ത മണ്ണ് ഡോക്യുമെന്ററി, റഹ്മാൻ ബ്രദേഴ്‌സിന്റെ കളിപ്പാട്ടക്കാരൻ തുടങ്ങിയ സിനിമകൾ ഉടൻതന്നെ വി.ഒ.ഡി. യിലൂടെ പുറത്തുവരും.

The Cue
www.thecue.in