സീരിയല്‍ കില്ലര്‍മാരുടെ ക്രിമിനല്‍ പ്രൊഫൈലിങ്ങ്; ഫിഞ്ചര്‍ ടച്ചോടെ ‘മൈന്‍ഡ് ഹണ്ടര്‍’

സീരിയല്‍ കില്ലര്‍മാരുടെ ക്രിമിനല്‍ പ്രൊഫൈലിങ്ങ്; ഫിഞ്ചര്‍ ടച്ചോടെ ‘മൈന്‍ഡ് ഹണ്ടര്‍’

1964 ആഗസ്റ്റ് 27ന് അമേരിക്കയിലെ മൊന്റാനയില്‍ 15 വയസുള്ള എഡ് കെമ്പര്‍ എന്ന കൗമാരക്കാരനും മുത്തശ്ശിയുമായി വീട്ടില്‍ വെച്ച് ചെറിയ വാക്കു തര്‍ക്കമുണ്ടാകുന്നു, ആ ദേഷ്യത്തിന് കെമ്പര്‍ തന്റെ മുറിയിലേക്ക് പോയി മുത്തശന്‍ സമ്മാനിച്ച തോക്കെടുത്തുകൊണ്ട് വന്ന് മുത്തശ്ശിയെ വെടിവെച്ച് കൊല്ലുന്നു, പിന്നീട് പുറത്തു പോയിരുന്ന മുത്തശന്‍ വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും കെമ്പര്‍ വീടിന് പുറത്ത് വന്ന് കാത്തു നില്‍ക്കുന്നു, മുത്തശനെയും വെടിവെച്ചുകൊല്ലുന്നു, എന്നിട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മയെ ഫോണ്‍ വിളിക്കുന്നു, അമ്മ പൊലീസിനെ വിളിക്കാനാണ് ഉപദേശിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍, 'മുത്തശിയെ കൊല്ലുമ്പോള്‍ എന്താണ് ഫീല്‍ ചെയ്യുക എന്നറിയണമായിരുന്നു'വെന്നാണ് ആ 15കാരന്‍ പറയുന്നത്. പിന്നീട് എട്ട് പേരെ കൂടി കൊലപ്പെടുത്തിയ എഡ് കെമ്പര്‍ അമേരിക്കയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത സീരിയല്‍ കില്ലര്‍മാരിലൊരാളാണ്. .

പൊലീസിനെ കുഴക്കിയ സാധാരണജനങ്ങളെ ഭയപ്പെടുത്തിയ പൈശാചികമായ കൊലപാതകങ്ങള്‍, അവ നടത്തിയ കെമ്പറെപ്പോലുള്ള സീരിയല്‍ കില്ലര്‍മാര്‍, അവരുടെ പാറ്റേര്‍ണുകള്‍, തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന, സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ് നെറ്റ്ഫ്‌ലിക്‌സിന്റെ മൈന്‍ഡ്ഹണ്ടര്‍.

ഡേവിഡ് ഫിഞ്ചര്‍ സിനിമാ പ്രേമികള്‍ക്ക് അപരിചിതനല്ല, സെവന്‍, ഫൈറ്റ് ക്ലബ്. സോഡിയാക്, പാനിക് റൂം ദ ഗേള്‍ വിത്ത് എ ഡ്രാഗണ്‍ ടാറ്റു തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ഫിഞ്ചര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ സീരീസാണ് മൈന്‍ഡ് ഹണ്ടര്‍. നെറ്റ്ഫ്‌ളിക്‌സിലാണ് ഈ സീരീസ്. സീരിയല്‍ കില്ലര്‍മാരിലൂടെയും അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന എഫ്ബിഐ ഉദ്യോഗസ്ഥരുടെയും കഥയാണ് സീരിസ് പറയുന്നത്.

ജോണ്‍.ഇ.ഡഗ്ലസ്, മാര്‍ക്ക് ഒള്‍ഷാക്കര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച 'മൈന്‍ഡ് ഹണ്ടര്‍ ഇന്‍സൈഡ് ദി എഫ്.ബി.ഐ എലൈറ്റ് സീരിയല്‍ ക്രൈം യൂണിറ്റ് 'എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ്. 1970കളില്‍ അമേരിക്കയില്‍ നടന്ന കൊലപാതക പരമ്പരകളാണ് പശ്ചാത്തലം. ഇതേ കാലയളവില്‍ എഫ്ബിഐ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയാണ് ജോണ്‍ ഈ ഡഗ്ലസ്. സീരീസില്‍ പ്രതിപാദിക്കുന്നതും അക്കാലത്തെ ഭയപ്പെടുത്തിയ സീരീയല്‍ കൊലപാതകങ്ങളെക്കുറിച്ചാണ്. എന്നാല്‍ നേരിട്ടുള്ള അന്വേഷണമല്ല സീരീസിന്റെ പ്രമേയം.

ഫിഞ്ചറുടെ 1995ല്‍ പുറത്തിറങ്ങിയ സെവന്‍ എന്ന ചിത്രം സീരിയല്‍ കില്ലിങ്ങ് ആസ്പദമാക്കിയായിരുന്നു, ഏഴ് പാപങ്ങളുടെ പേരിലുള്ള ഏഴ് കൊലപാതകങ്ങള്‍, ഈ സിനിമ കണ്ടിട്ടുള്ളവരെല്ലാവരും കെവിന്‍ സ്പെസിയുടെ ജോണ്‍ ഡോ എന്ന വില്ലനെ മറന്നിട്ടുണ്ടാവില്ല, സിനിമയുടെ ക്ലൈമാക്സിനോട് അടുത്താണ് ജോണ്‍ ഡോയെ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്, കൈയ്യില്‍ നിറയെ ചോരയുമായി പൊലീസ് സ്റ്റേഷനിലേക്ക് തനിയെ നടന്ന് കയറുന്ന ജോണ്‍. കൃത്യമായ ഉദ്ദേശ ലക്ഷ്യത്തോടെ പിടികൊടുക്കുന്ന, പിന്നീട് തന്റെ ലക്ഷ്യം നടപ്പാക്കുന്ന ഒരു സൈക്കോ വില്ലനായിരുന്നു ജോണ്‍, സിനിമയുടെ ക്ലൈമാക്സില്‍ ജോണ്‍ ബ്രാഡ് പിറ്റ് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തോട് കുറച്ചു സമയം സംസാരിക്കുന്നുണ്ട്. ഒരു ചെറിയ മൈന്‍ഡ് ഗെയിം, ആ മൈന്‍ഡ് ഗെയിമിന് ശേഷം എന്താണ് സംഭവിക്കുക എന്നും നമുക്കറിയാം. എന്നാല്‍ ആ സൈക്കോ വില്ലനോട് അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളോട് ഒരുപാട് നേരം സംസാരിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക, അവര്‍ പറയുന്നത് എന്തായിരിക്കും, അവരുടെ ജീവിതത്തെക്കുറിച്ച്, അവര്‍ ചെയ്ത കൊലപാതകങ്ങളെക്കുറിച്ച്, അത് എന്തിനായിരുന്നുവെന്നതിനെക്കുറിച്ച്,,, അങ്ങനെയുള്ള ഒരുപാട് സംഭാഷണങ്ങളാണ് മൈന്‍ഡ് ഹണ്ടര്‍.

എഴുപതുകളില്‍ നടന്ന കൊലപാതക പരമ്പരകളുടെ അടിസ്ഥാനത്തില്‍ ജയിലിലടക്കപ്പെട്ട ക്രിമിനലുകളെ ഇന്റര്‍വ്യൂ ചെയ്യുന്ന രണ്ട് എഫ്ബിഐയിലെ ബിഹേവിയറല്‍ സയന്‍സ് ഉദ്യോഗസ്ഥര്‍. ജൊനാഥന്‍ ഗ്രോഫ് അവതരിപ്പിക്കുന്ന, ഹോള്‍ഡന്‍ ഫോര്‍ഡ്, ഹോള്‍ട്ട് മക്ലാനിയുടെ ബില്‍ ടെഞ്ച്, ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന സൈക്കോളജി പ്രൊഫസറായ അന്ന ടോര്‍വ് അവതരിപ്പിക്കുന്ന വെന്‍ഡി കാര്‍ ഇവരിലൂടെയാണ് സീരീസ് മുന്നോട്ട് പോകുന്നത്. സീരിയല്‍ കില്ലര്‍മാരുടെ സൈക്കോളജി പഠിച്ച് ക്രിമിനല്‍ പ്രൊഫൈലിങ്ങ് തയ്യാറാക്കി ആ വിവരങ്ങള്‍ കൊലപാതക കേസുകള്‍ തെളിയിക്കാനായി ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സീരീയല്‍ കില്ലിങ്ങ് എന്ന വാക്ക് പോലും രൂപപ്പെടാത്ത കാലത്താണ് ഇത് നടക്കുന്നത്.

നാല് ചുവരുകള്‍ക്കുള്ളിലെ സംഭാഷണങ്ങളാണ് സീരീസിന്റെ ഭൂരിഭാഗവും, എന്നാല്‍ ഫിഞ്ചര്‍ എന്ന സംവിധായകനെ ഫോളോ ചെയ്തവര്‍ക്ക് മനസിലാകുന്ന കാര്യമാണ് സംഭാഷണകേന്ദ്രീകൃതമായ നരേറ്റീവിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന് എത്രത്തോളം കഴിയുമെന്ന്. ഇതുവരെ പുറത്തിറങ്ങിയ രണ്ട് സീസണുകളില്‍ ഏഴ് എപ്പിസോഡുകള്‍ മാത്രമേ ഫിഞ്ചര്‍ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും സീരീസില്‍ ഉടനീളം സംഭാഷണങ്ങളിലെ ഫിഞ്ചര്‍ മാജിക്ക് ആവര്‍ത്തിക്കുന്നുണ്ട്.

1964-73 കാലഘട്ടത്തില്‍ പത്ത് കൊലപാതകങ്ങള്‍ നടത്തുകയും മൃതശരീരങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത എഡ് കെമ്പര്‍, 19 വയസിനുള്ളില്‍ 12 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും 5 പേരെ കൊലപ്പെടുത്തുകയും ചെയ്ത മോണ്ടി റിസല്‍, സ്ത്രീകളുടെ ചെരിപ്പുകളോട് കാമം തോന്നിയിരുന്ന 5 കൊലപാതകങ്ങള്‍ നടത്തിയ ജെറി ബ്രുഡോസ് എന്നിങ്ങനെ പത്തോളം ക്രിമിനലുകളുടെ അഭിമുഖ സംഭാഷണങ്ങളാണ് സീരീസ്. ഈ കൊലപാതകങ്ങളിലെ നേരിട്ടുള്ള അന്വേഷണത്തിന് പകരം ഇവരില്‍ കൊലപാതകി എങ്ങനെ രൂപപ്പെട്ടുവെന്നാണ് ഈ സംഭാഷണങ്ങള്‍ പ്രേക്ഷകരോട് പറയുക.

ഒരു മേശയ്ക്കിരുവശവുമായി ഇരിക്കുന്ന കൊലപാതകിയും ഏജന്റ്മാരും, ഉദ്യോഗസ്ഥരുടെ ആദ്യത്തെ ചോദ്യത്തില്‍ തന്നെ അവരാരും ഉത്തരം പറയില്ല, അതിന് അവരിരുവര്‍ക്കുമിടയില്‍ ഒരു പ്രത്യേക റിലേഷന്‍ഷിപ്പ് രൂപപ്പെടണം, അതിനായി അവര്‍ പറയുന്നതെല്ലാം ഒരു ആസ്വാദകനെപ്പോലെ ഏജന്റുമാര്‍ കേട്ടിരിക്കും, അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കും, സിഗരറ്റ് വലിക്കും, അവരിലൊരാളെ പോലെ സംസാരിക്കും, അവര്‍ക്കിഷ്ടപ്പെട്ട സമ്മാനങ്ങള്‍ കൊണ്ട് പോയി കൊടുക്കും, പിന്നീട് അവര്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ വേണ്ടത് ഓരോന്നായി ചോദിച്ചുകൊണ്ടിരിക്കും. വിഷ്വലി ഈ സംഭാഷണങ്ങളില്‍ ഒരു തുള്ളി ചോര പോലും കാണിക്കുന്നില്ല, പക്ഷേ മുന്‍പ് പറഞ്ഞ കൊലപാതകങ്ങളുടെയെല്ലാം വളരെ ഡീറ്റയില്‍ ആയിട്ടുള്ള മനംമടുപ്പിക്കുന്ന ഇമേജുകള്‍ പ്രേക്ഷകന്റെയുള്ളില്‍ രൂപപ്പെടും, അതു തന്നെയാണ് സീരീസിന്റെ വിജയവും.

സീരിയല്‍ കില്ലര്‍മാരുടെ ഇന്റര്‍വ്യൂ എന്നതിന് അപ്പുറം രണ്ട് രീതിയിലാണ് മൈന്‍ഡ് ഹണ്ടര്‍ പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്നത്, അതില്‍ ഒന്ന് ഈ ഇന്റര്‍വ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥരെ മാനസികമായി എങ്ങനെ ബാധിക്കുന്നുവെന്നാണ്, ഓരോ കൊലപാതകങ്ങളും കേള്‍ക്കുന്നത് അനുസരിച്ച് അവരിലുണ്ടാകുന്ന മാനസികമായ വ്യതിയാനങ്ങള്‍, അവരുടെ കുടുംബ ജീവിതത്തില്‍ അത് എങ്ങനെ ബാധിക്കുന്നു എന്നെല്ലാം സീരീസിലുണ്ട്, ഈ മാനസിക പിരിമുറുക്കം പ്രേക്ഷകര്‍ക്കും ഒരു പരിധിവരെ ഉണ്ടാകുന്നുണ്ട്. രണ്ടാമതായി ഇന്റര്‍വ്യൂ ചെയ്ത് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ചില കൊലപാതകങ്ങള്‍ തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതാണ്. ഇത് സീരീസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവം കൈവിട്ടു പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ജോ പെന്‍ഹാള്‍ ക്രിയേറ്റ് ചെയ്തിരിക്കുന്ന മൈന്‍ഡ് ഹണ്ടറിന്റെ കാസ്റ്റിങ്ങ് എടുത്തു പറയേണ്ടതാണ്, സീരീസില്‍ പറയുന്ന സീരിയല്‍ കില്ലര്‍മാരില്‍ പലരും ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ അവര്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകും വിധം സൂക്ഷ്മത അതിലുണ്ട്. ചിലരുടെ യഥാര്‍ഥ കുറ്റസമ്മതത്തിന്റെ വീഡിയോ റെക്കോര്‍ഡിങ്ങുകളുണ്ട്, അതിനോടും നീതി പുലര്‍ത്തിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. സീരീസ് കണ്ടവര്‍ക്ക് അവ ഗൂഗിള്‍ ചെയ്യാവുന്നതാണ്. മൈന്‍ഡ് ഹണ്ടറിന്റെ രണ്ട് സീസണുകളെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ, മൂന്നാം സീസണ്‍ എപ്പോഴായിരിക്കും ഉണ്ടാകുക എന്നതിനെക്കുറിച്ച് കൃത്യമായ അറിയിപ്പുണ്ടായിട്ടില്ല, എങ്കിലും സൈക്കോളജിക്കല്‍ ത്രില്ലര്‍ പ്രേമികള്‍, പ്രത്യേകിച്ചും ഫിഞ്ചര്‍ ആരാധകര്‍ കാണേണ്ട സീരീസ് തന്നെയാണ് മൈന്‍ഡ് ഹണ്ടര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in