കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു

കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെട്ടു.

സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാന്‍ ആയ ജൂറിയാണ് കഥാവിഭാഗം പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഹരീഷ്, അഭിനേത്രി ലെന കുമാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ സുുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയും അംഗമായിരുന്നു.

കഥാവിഭാഗം പരാമര്‍ശങ്ങള്‍

2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി കഥാവിഭാഗത്തില്‍ ആകെ 39 എന്‍ട്രികളാണ് സമര്‍പ്പിക്കപ്പെട്ടത്. ടെലിസീരിയല്‍ വിഭാഗത്തില്‍ 6 ഉം ടെലിഫിലിം വിഭാഗത്തില്‍ 14 ഉം ടി.വി.ഷോ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 11 ഉം കോമഡി പ്രോഗ്രാം വിഭാഗത്തില്‍ 8 ഉം എന്‍ട്രികള്‍ ലഭിച്ചിരുന്നു.

കുട്ടികള്‍ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്.

ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നല്‍കാന്‍ സാധിച്ചിട്ടില്ല.

മറ്റു വിഭാഗങ്ങളിലെ എന്‍ട്രികളുടെ നിലവാരത്തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു.

ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.

വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെടുന്നു.

കഥാവിഭാഗം നിര്‍ദ്ദേശങ്ങള്‍

1. നിലവാരമില്ലാത്ത എന്‍ട്രികള്‍ നിരവധി വരുന്നതിനാല്‍ ഒരു പ്രിലിമിനറി സ്‌ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണ്.

2. കൂടുതല്‍ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകര്‍ഷിക്കു ന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവന്‍ ദൃശ്യാവിഷ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് സിനിമേതരവിഭാഗം അവാര്‍ഡ് എന്ന രീതിയില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കാലോചിതമായി പരിഷ്‌കരിക്കേണ്ടതാണ്. പുതിയ കാലഘട്ടം മുന്നോട്ടുവെക്കുന്ന നവമാധ്യമ സൃഷ്ടികള്‍, വെബ് സിരീസുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, പരസ്യ ചിത്രങ്ങള്‍ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിനു വിധേയമായി ഉള്‍പ്പെടുത്തി ക്കൊണ്ട് ടെലിവിഷന്‍ അവാര്‍ഡ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തേണ്ടതാണ്.

മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഈ ജൂറി ശുപാര്‍ശ ചെയ്യുന്നു. ഒപ്പം നിലവിലെ ഓരോ അവാര്‍ഡ് കാറ്റഗറിയുടെയും മാനദണ്ഡം സംബന്ധിച്ച് നിയമാവലിയില്‍ കാലോചിതമായ ഭേദഗതി നിര്‍ദ്ദേശിക്കാനുള്ള ചുമതല കൂടി വിദഗ്ധ സമിതിയെ ഏല്‍പ്പിക്കേണ്ടതാണ്.

എല്ലാ കാറ്റഗറികളിലെയും അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്നത് മികച്ച സൃഷ്ടികള്‍ ലഭിക്കാനിടയാക്കുമെന്ന് ജൂറി കരുതുന്നു. അതിനാല്‍ പുരസ്‌കാരത്തുക കാലോചിതമായി വര്‍ധിപ്പിക്കേണ്ടതാണ്.

കഥേതര വിഭാഗം പരാമര്‍ശങ്ങള്‍

അടച്ചിടല്‍ കാലത്ത് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയതോതില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എന്‍ട്രികളില്‍ ഉണ്ടായിരുന്നു. അതേ സമയം വലിയൊരു രോഗപ്പകര്‍ച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാന്‍ വാര്‍ത്താ-വാര്‍ത്തേതര മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ഇടപെടല്‍ സ്വഭാവമുള്ള ഡോക്യുമെന്ററികള്‍ തയ്യാറാക്കാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല. വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങള്‍, ബയോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ഡോക്യുമെന്ററി സംവിധായകര്‍ താല്‍പ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാര്‍ത്താബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകള്‍ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലില്‍ അയയ്ക്കുന്നത് ആശാസ്യമല്ല.

കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു
മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും യോഗ്യമായ ഒന്നുമില്ലെന്ന് ജൂറി, കൗമുദി ടിവിക്ക് ഏഴ് അവാര്‍ഡ്; മറിമായം മികച്ച കോമഡി പ്രോഗ്രാം

Related Stories

No stories found.
logo
The Cue
www.thecue.in