'കണ്ടിട്ടുണ്ട്',കഥ പറഞ്ഞിരുത്തുമ്പോള്‍

'കണ്ടിട്ടുണ്ട്',കഥ പറഞ്ഞിരുത്തുമ്പോള്‍
Summary

"കണ്ടിട്ടുണ്ട്" എന്ന ആനിമേഷൻ ചിത്രത്തെ മുൻനിർത്തി കഥകളെയും, കഥപറച്ചിലിനെയും പറ്റി

കഥ പറച്ചിലുകാരിലൂടെ, കേൾവിക്കാരിലൂടെയാണ് കഥകൾ ഉണ്ടാവുന്നത്, കൈമാറ്റം ചെയ്യപ്പെടുന്നത്, നിലനിൽക്കുന്നത്. അച്ഛൻ മകനോട് പറയുന്ന കഥകളാണ് "കണ്ടിട്ടുണ്ട്" എന്ന ആനിമേഷൻ ചിത്രത്തിന്റെ ഇതിവൃത്തം. അച്ഛനോട് അച്ഛന്റെ അച്ഛനും, അമ്മയും, മറ്റു ബന്ധുക്കളും പറഞ്ഞ കഥകളാണ്. ഭൂതപ്രേതാദികളുടെ കഥകളാണ് കൂടുതലും. പ്രായമേറെയുണ്ട് കഥകൾക്ക്, കഥ പറയുന്ന അച്ഛനും. കേൾവിക്കാരനായ മകനും, കാഴ്ചക്കാരായ നമ്മളും വേണം കഥകൾ മറ്റുള്ളവർക്ക്‌ കൈമാറാൻ. ഈ വിനിമയമില്ലെങ്കിൽ കഥകളില്ല, കഥപറച്ചിലുകാരും.

കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ട്! ഈ ചോദ്യോത്തരങ്ങൾക്കു ഒരു സ്വഭാവമുണ്ട് - അവ ഒരു വിവരണം യാഥാർത്ഥത്തിൽ നടന്നതാണോന്നു തിട്ടപ്പെടുത്താനുള്ള ശ്രമമാണ്. ഈനാംപേച്ചിയും, അറുകൊലയും "ശരിക്കും" ഉള്ളതാണോ? അച്ഛൻ കണ്ടതാണോ? കേട്ടറിവാണോ? അതോ വെറും നുണകളോ? സംഭവങ്ങളുടെ സത്യാവസ്ഥ പരതുകയാണ് ഈ ചോദ്യങ്ങൾ. ഉത്തരങ്ങൾ സംശയങ്ങളെ ദൂരീകരിക്കാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ കൂടുതൽ ചോദ്യങ്ങളിലേക്ക് നയിക്കുന്നു. നമ്മുടെ കാലത്ത്‌ അസ്വാഭാവികമല്ലിവ. (ഫേക്ക്) ന്യുസാവാം; ഒന്നും തൊണ്ടതൊടാതെ വിഴുങ്ങരുത്. ഒരൽപ്പം സംശയത്തോടെ, വിമർശന ബുദ്ധിയോടെ വേണം എന്തിനെയും സമീപിക്കാൻ. പരിശോധനകൾക്കു വിധേയമാക്കാൻ കഴിയുന്നതാവണം എന്തും. ആര് പറഞ്ഞു? ആരോട്? എപ്പോൾ? എവിടെ? അരൂപികൾ നിറഞ്ഞ വിവരണങ്ങൾ വാർത്തയല്ല, അറിവുമല്ല; കഥകളാണ്. "കണ്ടിട്ടുണ്ട്" എന്ന ശീർഷകം കഥകളോടുള്ള മാറിയ സമീപനത്തെ സൂചിപ്പിക്കുകയാണന്ന് തോന്നുന്നു.

കഥകളുടെ ശ്രോതസായ അനുഭവങ്ങൾ നടന്നതും നടക്കാത്തതുമെന്ന രണ്ടു കള്ളികളിൽ ഒതുങ്ങുന്നവയല്ല. അനുഭവങ്ങൾ ഉപയോഗപ്രദമാണ്, ലോകങ്ങളാണ്, സ്മരണകളാണ്. അച്ഛന്റെ കഥകളിലുണ്ട് ഇതെല്ലാം - നീറ്ററുകൊലയുടെ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷപെടാം? എപ്പോഴാണ് ഈനാംപേച്ചി പുറത്തിറങ്ങുന്നത്? ആനമറുതുയുടെ വരവ് എപ്പോളാണ്? അറുകൊല എങ്ങനെയാണ് ഉണ്ടാവുന്നത്? ഇതൊന്നും കേവല വിശദീകരണങ്ങളല്ല. വാസ്തവമാണോ അവാസ്തവമാണോന്ന ചോദ്യങ്ങൾക്കു പ്രസക്തിയില്ല. പ്രായോഗിക ഉപദേശങ്ങളാണ് കഥകൾ. അസമയത്ത്, ഇരുട്ടത്ത് പുറത്തിറങ്ങുമ്പോൾ ഓർത്തിരിക്കേണ്ടത്, പ്രയോജനപ്പെടുന്നത്. മറ്റുള്ളവരുമായി പങ്കിടേണ്ടത്. അതേ സമയം കഥകൾ പാഠങ്ങളല്ല, വ്യാഖ്യാനങ്ങളാണ്, ആവർത്തനങ്ങളാണ്. നീണ്ട ശ്രംഖലയിലെ ഒരു കണ്ണി മാത്രമാണ് കഥപറയുന്നയാൾ. അച്ഛൻ പറയുന്ന കഥകൾ അച്ഛനിൽ നിന്നല്ല ഉണ്ടായത്. കഥകൾക്ക് പകർപ്പവകാശികളില്ല. അവ പലയാവർത്തി പലരാൽ പറയപ്പെടുമ്പോൾ പറയുന്ന രീതിയും, ശൈലിയും, ഒരളവു വരെ ഉള്ളടക്കവും മാറുന്നു. കഥകളുടെ വ്യാഖ്യാന രീതിക്കു സാമ്യം സംഗീത കൃതികളുടെ വ്യാഖ്യാനത്തോടാണ്. ശൈലി, സമയം, സൗകര്യം, കേൾവിക്കാരുടെ പശ്ചാത്തലമൊക്കെ പ്രധാനമാണ് കഥ പറച്ചിലിന്.

കഥകളിൽ കഥപറച്ചിലുകാരന്റെ ജീവാംശങ്ങളുണ്ടാവും, മൺപാത്രമുണ്ടാക്കുന്നവരുടെ വിരൽപ്പാടുകൾ അവയിൽ പതിയുന്നത് പോലെ. ഒരു രാത്രി ഷോപ്പിംഗിന് പോയിവരുമ്പോളാണ് നീറ്ററുകൊലയുടെ ആക്രമണമുണ്ടായതും, പുലർച്ചക്ക് അമ്പലത്തിൽ പോയപ്പോളാണ് തെണ്ടനെ കണ്ടതും, ഈനാംപേച്ചി മാന്തിയ ഗർഭിണിയായ സ്ത്രീയുടെ വയറും കണ്ടു. സ്വന്തം ജീവിത പരിസരങ്ങളിലാണ് ഇവയെ അഭിമുഖീകരിച്ചത്. ഒരു കാലത്തിന്റെ കഥകളാണിവ. അതിനെ പറ്റിയുള്ള ഓർമകളാണ്. വിവിധ തരം ഉച്ചനീചത്വങ്ങൾ - മേൽ/കീഴ് ജാതിയിലെ പ്രേതങ്ങൾക്ക് വെവ്വേറെ സ്വത്വങ്ങളും, പേരുകളുമാണ് - നിലനിന്ന ഭൂതകാലത്തിന്റെ ഉൽപ്പന്നങ്ങൾ. ആ ഭൂതകാലത്തിലാണ് ഇവയുടെ സ്ഥാനം. അതാണ് ഇവയെ സാധ്യമാക്കുന്നത്. അച്ഛന്റെ ഒരു ഭാഷ്യത്തിൽ, കറണ്ട് കമ്പിയിൽ തട്ടി കുട്ടിച്ചാത്തനും മറ്റും ഷോക്കേറ്റു. കറണ്ട് വ്യാപകമായതോടെ ഇവയെല്ലാം സ്ഥലം വിട്ടു. ഒരു ശക്തി മറ്റൊരു ശക്തിയെ നാട് കടത്തി. പുതിയ കാലത്തിൽ, പുതിയ ലോകത്തിൽ ഇവയുടെ നിലനിൽപ്പ് അസാധ്യമായി. മാത്രമല്ല അനുഭവങ്ങളുടെ - ലോകങ്ങളായി, ഓർമ്മകളായി, നിർദേശങ്ങളായി - മൂല്യം തന്നെ ഇടിഞ്ഞു. അത് കൊണ്ട് തന്നെ അവ പ്രചോദിപ്പിച്ച കഥകളും അപ്രസക്തമായി. കഥപറച്ചിലുകാരും.

പിഎഫ് മാത്യൂസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: ഒരാളുടെ മരണത്തോടെയാണ് അയാൾ ആരാണെന്നു നമ്മൾ തിരിച്ചറിയുന്നത്. ജീവിതത്തിനു ഒരു വിനിമയ രൂപം കൈവരുന്നത് മരണത്തോടെയാണ്. അതായതു കഥകളുടെ തുടക്കം ജീവന്റെ ഒടുക്കത്തിലാണ്. എത്രയൊക്കെ മഹൽകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരാളുടെ കഥ പറയാൻ മറ്റൊരാൾ വേണം. ഈ ആശ്രിതത്വമാണ് കഥകളുടെ ഉറവിടം. അച്ഛന്റെ കഥകളിൽ മിക്കതും ആരംഭിക്കുന്നത് മരണാനന്തരമാണ്. മരിച്ചുപ്പോയവരാണ് അതിലെ പ്രധാന കഥാപാത്രങ്ങൾ. കൂടുതലും അപമൃത്യുക്കളാണ്. അറുകൊലയും ഈനാംപേച്ചിയുമൊക്കെ ദുർമരണങ്ങളാണ്. ആയുസ്സൊടുങ്ങാതെ മരിച്ചവർ, ഭൂമിയിൽ ജീവിച്ചു കൊതി തീരാത്തവർ. അവർക്ക് പരലോക മോക്ഷവും ലഭ്യമല്ല. കഥകളാണ് ഇവരെയൊക്കെ മരണാനന്തരവും ജീവിതവുമായി, ജീവിച്ചിരിക്കുന്നവരുമായി അഭേദ്യമായി ബന്ധിപ്പിക്കുന്നത്. വേറൊരു വിധത്തിൽ പറഞ്ഞാൽ കഥകൾ ജീവിതവും മരണവും തമ്മിലുള്ള അതിർവരമ്പുകൾ നിരന്തരം അടയാളപ്പെടുത്തുകയും ഭേദിക്കുയും ചെയ്യുന്നു.

പറച്ചിലിനാണ് പ്രാധാന്യം. കഥകൾ പറയാനും കേൾക്കാനുമുള്ളതാണ്. ആനിമേഷൻ ആവുമ്പോൾ പറച്ചിലിനൊപ്പം കാണൽ കൂടിയുണ്ട്. ശബ്ദത്തിലൂടെ അച്ഛൻ ശ്രഷ്ടിച്ച ലോകം ചലിക്കുന്ന ചിത്രങ്ങളിലൂടെ, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുനരാവിഷ്കരിക്കുന്നു. "കണ്ടിട്ടുണ്ട്" നമ്മളെ കഥകളുടെയും കഥപറച്ചിലുകാരുടെയും ലോകത്തിലേക്ക് അടുപ്പിക്കുകയല്ല. അത് നമ്മുടെ ലോകവും കഥകളുടെ ലോകവും കൂടിയുള്ള ലയിച്ചുച്ചേരലല്ല. നമ്മളും ആ ലോകവും തമ്മിലുള്ള അകലം സ്ഥാപിക്കുകയാണ്. അടുക്കാനാവത്തത്ര അകലം. പക്ഷെ "കണ്ടിട്ടുണ്ട്" പഴയ കാലത്തെ കുറിച്ചുള്ള കേവലമായ നഷ്ടബോധവും, ഒരു കലാരൂപത്തെ വീണ്ടെടുക്കാനുള്ള ശ്രമവുമല്ല. കാലഹരണപ്പെട്ടതു കൊണ്ടു തന്നെയാണ് കഥകകളും കഥപറച്ചിലുകാരും പ്രസക്തമാവുന്നതന്ന് ഈ ഹ്രസ്വ ആനിമേഷൻ ചിത്രം പറയുന്നു. നമ്മുടെ കാലത്തിനനുരൂപമല്ലന്നതിനാലാണ് - അത് കൊണ്ട് മാത്രമാണ് - അവ കാലികമാകുന്നത്.

കടപ്പാട്: Walter Benjamin (2019), The Storyteller Essays. New York: New York Review Books.

Related Stories

No stories found.
logo
The Cue
www.thecue.in