ഒരു മണ്ണെണ്ണയുണ്ടാക്കിയ സീനാണ് ; സിംപിളാണ് കെറോസീന്‍ , ഷോര്‍ട്ട്ഫിലിം കാണാം

ഒരു മണ്ണെണ്ണയുണ്ടാക്കിയ സീനാണ്  ; സിംപിളാണ് കെറോസീന്‍ , ഷോര്‍ട്ട്ഫിലിം കാണാം

വിഷയം മണ്ണെണ്ണയാണ്. അടുപ്പ് കത്തിക്കാന്‍ വേണ്ട മണ്ണെണ്ണ. ഇംഗ്ലീഷില്‍ അതിനെ കെറോസിന്‍ എന്ന് പറയും. എന്നാല്‍ ഈ കെറോസിന്‍ ഒരു സാധാരണക്കാരന്റെ കുടുംബത്തിലും, സൗഹൃദത്തിലുമൊക്കെ വലിയ 'സീന്‍' ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് രസകരമായി പറയുകയാണ് ജോയല്‍ കൂവള്ളൂര്‍ സംവിധാനം ചെയ്ത കെറോസീന്‍ എന്ന ഷോര്‍ട്ട്ഫിലിം. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയില്‍ (ഐഡിഎസ്എഫ്എഫ്‌കെ) നോണ്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു.

മലയാള സിനിമയാകെ തന്നെ കഥ പറച്ചില്‍ നാട്ടിന്‍പുറങ്ങളിലേക്കും സാധാരണകുടുംബങ്ങളിലേക്കും മാറ്റിത്തുടങ്ങിയിട്ട് കാലം കുറച്ചായിട്ടുണ്ട്. ഏച്ചുകെട്ടലുകളില്ലാതെ ഒട്ടും ഡ്രമാറ്റിക്ക് അല്ലാതെയുള്ള കഥാപാത്രങ്ങളും അവര്‍ക്കിടയില്‍ നടക്കുന്ന വളരെ സിംപിളായ സിറ്റുവേഷനുകളുമെല്ലാം അതിലൂടെയുണ്ടാവുന്ന നിഷ്‌കളങ്കമായ കോമഡിയുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച മലയാളത്തിലെ ഹ്രസ്വചിത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. വലിയ കഥ അടിച്ചുപരത്തി ചെറിയ സിനിമകളാക്കുന്നതിന് പകരം ചെറിയ കഥകള്‍ വൃത്തിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഇന്ന് ഷോര്‍ട്ട്ഫിലിം മേക്കേഴ്‌സും ശ്രമിക്കുന്നത്. അത്തരത്തിലൊരു ചിത്രമാണ് കെറോസീനും.

കേരളത്തിലെ ഒരു സാധാരണക്കാരന്റെ വീട്ടില്‍, മദ്യപാനിയായ ഒരു ഗ്രഹനാഥനുള്ളൊരു വീട്ടില്‍ ഒരു ദിവസം നടക്കുന്ന ചെറിയൊരു കഥയാണ് കെറോസീന്‍. ഭാര്യയുടെ നിര്‍ബന്ധത്താല്‍, മണ്ണെണ്ണ വാങ്ങിയിട്ട് വന്നില്ലെങ്കില്‍ തിരിച്ച് വീട്ടിലേക്ക് കേറ്റില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിനെ മണ്ണെണ്ണ വാങ്ങാന്‍ പറഞ്ഞയക്കുന്നു. ഇത്രയുമാണ് ഒരുപക്ഷേ ചിത്രത്തെക്കുറിച്ച് പറയാന്‍ കഴിയുക. വളരെ ചെറിയ പരിചിതമായ സിറ്റുവേഷനുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആ ചെറിയ പ്ലോട്ട് രസകരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് ചിത്രം ചെയ്യുന്നത്.

ദിവ്യ എം നായര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ആലീസ് പോള്‍, ടിറ്റോ ജോര്‍ജ്, റഫീഖ് മറ്റേല്‍, ആര്‍ദ്ര അനില്‍കുമാര്‍ എന്നിവരാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പരിചിതമായ കഥാപാത്രങ്ങളെ രസകരമായി സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജോയല്‍ കോവള്ളൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രേക്ഷകരെ മടുപ്പിക്കാതെ പറയാനുദ്ദേശിച്ച കഥ വൃത്തിയായി പറഞ്ഞിട്ടുണ്ട് എന്നതാണ് കെറോസീന്റെ വിജയം. കഥയുടെ ലാളിത്യം നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള മേക്കിങ്ങാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. വലിച്ചു നീട്ടാനോ ലാഗടിപ്പിക്കാനോ നിര്‍ത്താതെ പതിനൊന്ന് മിനിറ്റ് പ്രേക്ഷകര്‍ക്ക് ചെറിയ ചിരിയോടെ കെറോസീന്‍ കണ്ടിരിക്കാം.

ഒരു നാട്ടിന്‍ പുറ പശ്ചാത്തലത്തെ അതിന്റെ തനിമയോടെ തന്നെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ജോസ്‌കുട്ടി ജോസഫിനും സിനിമയിലെ ഹ്യൂമര്‍ തുടക്കം മുതല്‍ അവസാനം വരെ മടുപ്പിക്കാതെ കൊണ്ടുപോകാന്‍ എഡിറ്റര്‍ ഹരി ദേവകിക്കും സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചാള്‍സ് നസാറെത്തിനും ം കഴിഞ്ഞിട്ടുണ്ട്. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

Related Stories

No stories found.
The Cue
www.thecue.in