ജോൺസണും രവീന്ദ്രനും : മലയാള സിനിമാ സംഗീതത്തിലെ സാംസ്കാരിക ധ്രുവങ്ങള്‍

ജോൺസണും രവീന്ദ്രനും : മലയാള സിനിമാ സംഗീതത്തിലെ സാംസ്കാരിക ധ്രുവങ്ങള്‍

രവീന്ദ്രനും ജോൺസണും സമകാലികരായിരുന്നെങ്കിലും രണ്ട് സാമൂഹ്യ അവസ്ഥയെയും രണ്ട് സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. അവരുടെ സംഗീതത്തിലും അത് സ്വീകരിക്കപ്പെടുന്നതിലും കൊണ്ടാടപ്പെടുന്നതിലും ഈ രാഷ്ട്രീയ അബോധം പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടുപേരുടേയും ഭാവുകത്വത്തെ സ്വാധീനിച്ച ചരിത്രപരവും സാംസ്കാരികവുമായ ഘടകങ്ങളെ പരിഗണിച്ച് പരിശോധിക്കേണ്ട ഒന്നാണത്.

രവീന്ദ്രസംഗീതത്തിന്റെ സാംസ്കാരിക ഛായാപടം തിരുവിതാംകൂർ റോയൽ ഓർത്തഡോക്സിയുടെ ആണെങ്കിൽ ജോൺസൺ സംഗീതം കൊളോണിയൽ ആധുനികതയുടെ അൺഓർത്തഡോക്സ് മട്ടും ഭാവവുമുള്ളതാണ്. ശാസ്ത്രീയ സംഗീതത്തിന്റെ വലിയ പെരുമയുള്ളവരായിരുന്നു തിരുവിതാംകൂർ രാജകുടുംബം. രാജാക്കന്മാർ പലരും സംഗീതജ്ഞരായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കർണ്ണാടക സംഗീതത്തിന്റെ ഈറ്റില്ലമായി തിരുവിതാംകൂർ നിലകൊണ്ടു. 1939 -ൽ ചിത്തിര തിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂറിൽ മ്യൂസിക്ക് അക്കാദമി തുടങ്ങുന്നുണ്ട്. മുത്തയ്യ ഭാഗവതരും ശെമ്മാംകുടി ശ്രീനിവാസ അയ്യരുമെല്ലാം മേധാവികളായിരുന്ന കൊട്ടാരം നേരിട്ട് നടത്തിപ്പോന്ന ഈ സ്ഥാപനമാണ് പിന്നീട് സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്ക് ആയത്. പ്രതാപിയായ ആ സ്ഥാപനത്തിൽ നിന്നാണ് രവീന്ദ്രനും സംഗീതം അഭ്യസിക്കുന്നത്.

തിരുവിതാംകൂറിലെ നികുതിസമ്പ്രദായം സഹിക്കാതെയും രൂക്ഷമായ ജാതിവിവേചനത്തിൽ പൊറുതിമുട്ടിയുമാണ് കീഴ്ജാതിക്കാർ മതപരിവർത്തനത്തിന് തുനിയുന്നതും മലബാറിലേക്ക് കുടിയേറുന്നതും. ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷണറി പ്രവർത്തനവും കീഴാളജീവിതത്തിന്റെ പ്രാണവായുവായിത്തീർന്നു. കൊളോണിയൽ ആധുനികതയുടെ സാംസ്കാരിക പ്രതിധ്വനികൾ തീർച്ചയായും മലയാളിയുടെ സംഗീതശീലങ്ങളെയും രുചികളേയും പുനർനിർവ്വചിച്ചു. ക്രിസ്തീയ ദേവാലയങ്ങളുമായി ബന്ധപ്പെട്ട് വളർന്ന ഗായകസംഘങ്ങൾ (ക്വൈർ) കേരളത്തിലെ ഗ്രാമങ്ങളിലെയും ഹൈറേഞ്ചിലെ കുടിയേറ്റഗ്രാമങ്ങളിലേയും തീരപ്രദേശങ്ങളിലേയും ജനകീയ സംഗീതത്തിന്റെ സാന്നിധ്യമായി മാറി. കേരളത്തിലെ മതയാഥാസ്ഥിതികതയുടെയും ജാതിമേൽക്കോയ്മയുടെയും തടവറയ്ക്കു പുറത്ത് വളർന്ന ഏറ്റവും ശക്തമായ സംഗീതധാരയുടെ ചരിത്രപരമായ വേരുകൾ കൃസ്തീയ ദേവാലയങ്ങളുമായി ബന്ധപ്പെട്ട് വളർന്ന ഈ പാട്ട്സംസ്കാരത്തിൽ കാണാം. മലയാള സിനിമാസംഗീതത്തിൽ ഒരുപക്ഷെ ആദ്യത്തെയും എക്കാലത്തേയും ഈ ധാരയുടെ തിളക്കമുള്ള പ്രതീകം ജോൺസൺ ആണ്. ഏറ്റവും അൺഓർത്തഡോക്സ് ആയ, ഫോക്കും പാശ്ചാത്യ സംഗീതവും, കർണ്ണാട്ടിക് ഹിന്ദുസ്ഥാനി എന്നിവയുടെയെല്ലാം അംശങ്ങൾ ഉള്ള ജീവിതഗന്ധിയായ സിനിമാസംഗീതത്തിന്റെ സ്വാഭാവികമായ പ്രവാഹമായിരുന്നു ജോൺസൺ.

തൃശ്ശൂർ നെല്ലിക്കുന്നില്ലെ സെയ്ൻ്റ് സെബാസ്റ്റ്യൻ ചർച്ചിലെ ഗായകസംഘത്തിലെ ഗിറ്റാറിസ്റ്റ് ആറ്റ്ലിയുടെ കൂടെ സംഗീതത്തോടുള്ള അടങ്ങാത്ത കൗതുകവുമായി സൈക്കിൾ കയറിപ്പോയ ഒരു പന്ത്രണ്ടുവയസ്സു കാരനുണ്ട്. സ്ത്രീശബ്ദത്തിൽ പാട്ടുകാരനായി സംഘത്തിൽ ചേർന്ന ആ ബാലൻ ചർച്ചിൽ നിന്ന് ഉപകരണങ്ങളെല്ലാം വായിക്കാൻ പഠിച്ചു. പിന്നീട് മലയാളിയുടെ സംഗീത അഭിരുചികളെ പുനർനിർണ്ണയിച്ച, സിനിമയുടെ ഭാവുകത്വപരിണാമത്തിന് ചുക്കാൻപിടിച്ച ആ ജീനിയസ്, വോയ്സ് ഓഫ് തൃശ്ശൂർ എന്ന മ്യൂസിക്ക് ക്ലബ്ബ് രൂപികരിച്ചു. ആ ക്ലബ്ബ് ഒരേസമയം അയാളുടെ പരീക്ഷണശാലയും പാഠശാലയും ആയിരുന്നു.സ്വയാർജ്ജിത പ്രതിഭ കൊണ്ട് അമ്പരപ്പിച്ച ആ മനുഷ്യനെയാണ് മലയാളി സംഗീതത്തിന്റെ തന്നെ മറ്റൊരു പേരെന്ന മട്ടിൽ ജോൺസൺ മാഷ് എന്ന് വിളിച്ചത്. അന്നുവരെയും അതിന് ശേഷവുമുള്ള സംഗീത സംവിധായകരെപ്പോലെ ജോൺസൺ ഗാനങ്ങൾക്ക് ഈണമൊരുക്കുക മാത്രമല്ല ചെയ്തത്. കഥയുടെയും കഥാപാത്രത്തിൻ്റേയും ജീവിത ചരിത്രത്തിലേക്ക് ഭാവതീക്ഷ്ണതയോടെ ശബ്ദതരംഗങ്ങൾ ക്രമീകരിക്കുകയായിരുന്നു. ജോൺസന്റെ പശ്ചാത്തലസംഗീതം എന്തായിരുന്നു എന്നറിയാൻ ആ ചലച്ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മാത്രം മതിയാകും.

m3db
m3dbm3db

രവീന്ദ്രന്റെ ചിട്ടയായ ശാസ്ത്രീയസംഗീതത്തിന്റെ ശിക്ഷണവും അതിന്റെ നിഷ്കർഷയോടെയുള്ള പ്രയോഗവും മിച്ചസമയവും കൾച്ചറൽ സർപ്ലസുമുള്ള രാജകീയ സംഗീതത്തെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ ജോൺസൺ സംഗീതം ശാസ്ത്രീയസംഗീത പരിശീലനം ലഭിക്കാതെ പോയ ഒരു പുറമ്പോക്ക് ജീവിതത്തിന്റെ മിടിപ്പും കിതപ്പുമുള്ള അതിജീവനസംഗീതമായിരുന്നു. ഒന്നിൽ തിരുവിതാംകൂർ രാജപ്രൗഢിയാണെങ്കിൽ മറ്റൊന്നിൽ അരികുജീവിതങ്ങളുടെ വ്യഥയും പ്രണയവും പ്രതീക്ഷയും ജീവസ്സോടെ തുടിക്കുന്നു. അത് എല്ലാ ക്ലാസിക്കൽ തടങ്ങളും കവിഞ്ഞൊഴുകുന്നു. രവീന്ദ്രന്റെ ഏഴുസ്വരങ്ങളും തഴുകിവരുന്ന ദേവഗാനമാകുമ്പോൾ ജോൺസൺ സംഗീതം ദേവാംഗണങ്ങൾ കയ്യൊഴിഞ്ഞ ഏതോ സോപാനത്തിലിരുന്നു മൂളുന്ന വിഷാദഗാനമാകുന്നു. ഫോക്ക് ഈണങ്ങളും പശ്ചാത്യസംഗീതവും ആ സ്വരശയ്യയിൽ ഭാവലയത്തോടെ ഇണചേർന്നു.

നമ്മുടെ സാധാരണത്വങ്ങളിൽ നിന്ന് വേർപെടുത്താൻ കഴിയാത്തവിധം ജോൺസൺ സംഗീതം ജീവിതാവസ്ഥകളോട് ജൈവബന്ധം പുലർത്തി. കടലോരത്തെ ഒരു കളള്ഷാപ്പിൽ നിന്നു പുറപ്പെടുന്ന ഉന്മാദം നിറഞ്ഞ ദ്രുതതാളത്തെ അന്തിക്കടപ്പുറത്തിൽ കേൾക്കാം. വർഗ്ഗപരമായി രവീന്ദ്രസംഗീതഭാവുകത്വം ഉപഭോഗപക്ഷമായിരുന്നെങ്കിൽ ജോൺസൺ സംഗീതത്തിന്റെ ലാവണ്യം ഉല്പാദനപക്ഷത്തായിരുന്നു. അധ്വാനരഹിത ഉപഭോഗവർഗ്ഗത്തിന്റെ രസാനുഭവസിദ്ധാന്തങ്ങളോട് ചേർന്നുനിൽക്കുന്നതിനാൽ രവീന്ദ്രസംഗീതത്തെ പ്രൗഢമെന്ന് വാഴ്ത്തി. എന്നാൽ ഏറ്റവും ആധുനിക കലാരൂപമായ സിനിമയിൽ ജോൺസൺ സംഗീതം അധ്വാനവർഗ്ഗത്തിന്റെ സൗന്ദര്യാനുഭൂതികളെ ഉൾക്കൊണ്ടു. രവീന്ദ്രന്റെ ഏറെ ഗാനങ്ങളും പോലെ ഒരു കച്ചേരി ആസ്വദിക്കാനുള്ള മുന്നുപാധിയൊന്നും ജോൺസൺ സംഗീതം കേൾവിക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

courtesy: mathrubhumi
courtesy: mathrubhumi

മനുഷ്യജീവിതത്തിന്റെ ഉപ്പുരസമറിയാതെ ജോൺസൺ സംഗീതം ആസ്വദിക്കാൻ കഴിയില്ല. അധികാരവും ആർഭാടവുമില്ലായ്മ ജോൺസൺ സംഗീതത്തിലെ ഉപകരണങ്ങളുടെ മിതത്വത്തിൽ മാത്രമായിരുന്നില്ല, അതിന്റെ ആന്തരികഭാവവും സാംസ്കാരികനിലയും പാമരൻമാരുടേതായിരുന്നു. അതുകൊണ്ട് ജോൺസന്റെ പ്രണയഗാനങ്ങളുടെ ഹൃദയത്തിൽ പോലും ഉല്ലാസത്തേക്കാൾ വിഷാദത്തിന് മുൻതൂക്കം ലഭിക്കുന്നതായി കാണാം. അനുരാഗിണിയിൽ ആയിക്കൊള്ളട്ടെ, പവിഴംപോൽ ആയിക്കൊള്ളട്ടെ, പിൻനിലാവിൻ പൂവിടർന്നു ആയിക്കൊള്ളട്ടെ, കന്നിപ്പൂമാനം ആയിക്കൊള്ളട്ടെ ഈ പ്രണയഗാനങ്ങളുടെയെല്ലാം ഉള്ളിൽ അധികാരരഹിതരായ മനുഷ്യരുടെ മാനസികവ്യഥയുണ്ട്. രാജകീയദർബാറിലെ ഒഴിവുനേര സംഗീതസേവയുടെ ഉല്ലാസമൊന്നും ജോൺസന്റെ ഗാനങ്ങളുടെ അകംപെരുളായി തീർന്നിട്ടില്ല. ദർബാർ നൊസ്റ്റാൾജിക്ക് സിനിമകളുടെ അവിഭാജ്യഘടകമായി രവീന്ദ്രസംഗീതം മാറിയത് യാദൃച്ഛികമായിരിക്കില്ല. ഒരു യാചകജീവിതത്തിന്റെ തലമുറകൾ താണ്ടിവന്ന നൊമ്പരം മുഴുവനുണ്ട് ചെങ്കോലിലെ മധുരം ജീവാമൃതബിന്ദു എന്ന ഗാനത്തിൽ. മത്സ്യത്തൊഴിലാളികൾക്കിടയിലെ നാടകട്രൂപ്പിന്റെ കഥപറഞ്ഞ ഭരതന്റെ ചമയം ആയാലും മലയോരഗ്രാമത്തിലെ ചായക്കടക്കാരനായ ബാലഗോപാലന്റെ അടുത്ത് നാടോടിയായ അനാഥബാലിക എത്തിപ്പെടുന്ന ചുരം ആയാലും പൊന്തൻമാടയായാലും പാർശ്വവൽകൃത ജീവിതങ്ങളുടെ ഉൾപ്പൊരുളായി തീരുന്നുണ്ട് ജോൺസൺ സംഗീതത്തിലെ ഒട്ടുമിക്ക പരിശ്രമങ്ങളും. ഗ്രാമത്തിലെ കാർഷികജീവിതത്തിന്റെ മുദ്രകളുണ്ട് ജോൺസന്റെ പാട്ടുകളിൽ. സങ്കീർണ്ണമായ പദാവലികൾ രവീന്ദ്രനു വേണ്ടി ഉപയോഗിക്കുന്ന കൈതപ്രം ജോൺസണ് വേണ്ടി ലളിതപദാവലികളെ ആശ്രയിക്കുന്നതു കാണാം.

ജോൺസണും രവീന്ദ്രനും : മലയാള സിനിമാ സംഗീതത്തിലെ സാംസ്കാരിക ധ്രുവങ്ങള്‍
രവീന്ദ്രസംഗീതം സങ്കീര്‍ണതയല്ല, സാഹസികമായ ഒരുമ്പെടലുകളാണ്

അനാദിയായ ഒരു വിഷാദഗാനത്തിന്റെ ഇടയിൽ നിന്ന് എവിടെവച്ചോ കേട്ടുതുടങ്ങുന്ന പോലെയാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന ഗാനം. ഒരു സിനിമാഗാനത്തിന്റെ അസാധാരണമായ ആദ്യവരിയാണത്. അസാധാരണനായ ഒരു സംഗീതസംവിധായകന് മാത്രമേ ആ വരിയുടെ പരിഭവവും പിണക്കവും ഉൾക്കൊണ്ട് ഒരു ഈണം നൽകാൻ കഴിയൂ. അതുമാത്രമായിരുന്നോ ആ ഗാനം? ജോൺസൺ തന്നെ ആ പാട്ടിലൂടെ നമ്മളോട് സംവദിക്കുന്നുണ്ടോ?

എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ.എന്ന് ഇനിയും ആഴവും പരപ്പും വേണ്ടവിധം പരാമർശിക്കാതെ പോയ ഒരു തിരസ്കൃത ജീവിതത്തിന്റെ വേദന നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നുണ്ടോ?

Related Stories

No stories found.
logo
The Cue
www.thecue.in