പുലരിത്തൂമഞ്ഞുതുള്ളിയിൽ...കവിതയിൽ നിന്ന് പാട്ടിലേക്ക് ഒരു ഫോൺ കോളിന്റെ ദൂരം

പുലരിത്തൂമഞ്ഞുതുള്ളിയിൽ...കവിതയിൽ നിന്ന് പാട്ടിലേക്ക് ഒരു ഫോൺ കോളിന്റെ ദൂരം

കവിതയിൽ നിന്ന് മനോഹരമായ ഒരു പാട്ടിലേക്ക് എത്ര ദൂരം? വെറുമൊരു ഫോൺ കോളിന്റെ ദൂരം എന്ന് പറയും കാവാലം.

മലയാളത്തിലെ എക്കാലത്തെയും മികച്ച വിഷാദഗാനങ്ങളിൽ ഒന്ന് പിറന്നത് ഫോണിലാണ് -- ``ഉത്സവപ്പിറ്റേന്നി''ലെ പുലരിത്തൂമഞ്ഞു തുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം ഭാരം താങ്ങാനരുതാതെ നീർമണി വീണുടഞ്ഞു. ``പാട്ട് ഉടൻ ഉണ്ടാക്കണമെന്ന് പടത്തിന്റെ സംവിധായകൻ ഗോപി വിളിച്ചുപറയുന്നു. പിറ്റേന്ന് റെക്കോർഡിംഗാണ്. സംഗീത സംവിധായകൻ ദേവരാജൻ മാഷാണെങ്കിൽ ദൂരെയും. സിറ്റുവേഷൻ ചോദിച്ചു മനസ്സിലാക്കി വരികളെഴുതി മാഷെ ഫോണിൽ വിളിച്ചു കേൾപ്പിച്ചു ഞാൻ. വേറെ വഴിയില്ലല്ലോ..'' കാവാലത്തിന്റെ ഓർമ്മ.

പല്ലവി മുഴുവൻ കേട്ട ശേഷം ദേവരാജൻ മാസ്റ്റർ പറഞ്ഞു: ``ഇതു പോരാ, ഇനി പണിക്കരുടെ താളത്തിൽ ഒന്ന് മൂളിക്കേൾപ്പിച്ചേ.'' എല്ലാ ഗാനരചയിതാക്കൾക്കും ആ സ്വാതന്ത്ര്യം അനുവദിക്കാറില്ല മാസ്റ്റർ. കാവാലത്തോടുള്ള പ്രത്യേക പരിഗണന വെച്ച് ചെയ്തതാണ്. ``സാധാരണ പാട്ടെഴുത്തുകാരുടെ രീതിയല്ല കാവാലത്തിന്റേത്.''-- മാസ്റ്റർ ഒരിക്കൽ പറഞ്ഞു. ``ഒരു പ്രത്യേക താളത്തിലാണ് എഴുതുക. ചിലപ്പോൾ ആദ്യത്തെ വരി തീരെ ചെറുതും രണ്ടാമത്തെ വരി ദീർഘവുമായിരിക്കും. നേരെ മറിച്ചും സംഭവിക്കാം. പരമ്പരാഗത രീതിയിലുള്ള ചിട്ടപ്പെടുത്തലിന് എളുപ്പം വഴങ്ങണമെന്നുമില്ല അത്. പക്ഷെ അദ്ദേഹത്തിന്റെ ഉള്ളിലെ താളം തിരിച്ചറിയാൻ കഴിഞ്ഞാൽ ബാക്കിയെല്ലാം എളുപ്പമായി.''

ഉള്ളിലെ താളത്തിൽ വരികൾ കാവാലം മൂളിക്കൊടുത്തപ്പോൾ നിശ്ശബ്ദനായി കേട്ടിരുന്നു ദേവരാജൻ. ``ഫോൺ വെച്ച് പതിനഞ്ചു മിനിറ്റിനകം അദ്ദേഹം തിരിച്ചു വിളിച്ചു. അപ്പോൾ ചിട്ടപ്പെടുത്തിയ പല്ലവി എന്നെ പാടിക്കേൾപ്പിക്കാൻ. അത്ഭുതം തോന്നി. ചാരുകേശിയുടെ സ്പർശമുള്ള ആ ഈണത്തിൽ സിനിമയുടെ ആശയം മുഴുവൻ ഉണ്ടായിരുന്നു; മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ദുരന്തഛായയും. അതിനപ്പുറം ആ വരികൾക്ക് മറ്റൊരു ഈണത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും ആകാത്ത വിധം..'' ബാക്കിയുള്ള വരികളും ഫോണിൽ തന്നെ മാസ്റ്ററെ കേൾപ്പിച്ചു കാവാലം. ഒരു മണിക്കൂറിനകം പിറ്റേന്ന് റെക്കോർഡ് ചെയ്യേണ്ട പാട്ട് തയ്യാർ. യേശുദാസ് ഹൃദയസ്പർശിയായിത്തന്നെ ആത്മാവ് പകർന്നു നൽകി ആ ഗാനത്തിന്. പടത്തിൽ ശീർഷകഗാനമായാണ് ``പുലരിത്തൂമഞ്ഞുതുള്ളി'' കടന്നുവരുന്നത്.

ചാരുകേശിയിൽ വേറെയും പാട്ടുകൾ ചെയ്തിട്ടുണ്ട് ദേവരാജൻ മാസ്റ്റർ: കാറ്റടിച്ചു കൊടുംകാറ്റടിച്ചു (തുലാഭാരം), കാളിദാസൻ മരിച്ചു (താര), വിടരും മുൻപേ വീണടിയുന്നൊരു (വനദേവത), സഹ്യന്റെ ഹൃദയം (ദുർഗ) എന്നിവ പ്രശസ്തം. പക്ഷേ അവയിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നു ``പുലരിത്തൂമഞ്ഞുതുള്ളി'' പകരുന്ന വിഷാദഭാവം.

എല്ലാ അർത്ഥത്തിലും ദുരന്തകഥാപാത്രമാണ് ഉത്സവപ്പിറ്റേന്നിലെ നായകൻ. അതുകൊണ്ടുതന്നെ ചരണത്തിൽ ``കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തി, ദുഃഖസ്മൃതികളിൽ നിന്നല്ലോ വീണ്ടും പുലരി പിറക്കുന്നു'' എന്നെഴുതിയത് ഉചിതമായോ എന്ന് കവിക്ക് സംശയം. ശുഭാപ്തിവിശ്വാസത്തിന്റെ സൂചനയുണ്ടായിരുന്നു ആ വാക്കുകളിൽ. വീണ്ടും പ്രഭാതം പിറക്കുകയല്ലേ? വരികൾ വേണമെങ്കിൽ മാറ്റിയെഴുതാം എന്ന് പറഞ്ഞുനോക്കിയെങ്കിലും സംവിധായകൻ ഗോപി വഴങ്ങിയില്ല. എല്ലാ ദുരന്തത്തിനൊടുവിലും പ്രതീക്ഷയുടെ ഒരു സ്ഫുരണം ഉണ്ടായിക്കൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in